മധ്യപ്രദേശ് കോണ്‍ഗ്രസ് പിടിച്ചാല്‍ കളി മാറും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 12, 2018

മധ്യപ്രദേശ് കോണ്‍ഗ്രസ് പിടിച്ചാല്‍ കളി മാറും

മധ്യപ്രദേശാണ് നിർണ്ണായകം. ഇന്ത്യയുടെ ഈ ഹൃദയഭൂമി കോൺഗ്രസ് പിടിച്ചാൽ 2019 ബിജെപിക്ക് തീരെ എളുപ്പമാവില്ല. രാജസ്ഥാനിൽ അത്ഭുതമുണ്ടാവുമെന്ന് ബിജെപി കരുതുന്നില്ല. വസുന്ധരരാജസിന്ധ്യയെ കൈയ്യൊഴിയാനുള്ള ഒരവസരമായാണ് ബിജെപി ഇപ്പോൾ രാജസ്ഥാൻ കാണുന്നത്. ചത്തിസ്ഗഡിൽ രമൺസിങ് വീഴില്ലെന്നും തുടർച്ചയായി നാലാംവട്ടവും അവിടെ അധികാരത്തിൽ തിരിച്ചെത്തുമെന്നും ബിജെപി കരുതുന്നു. തെലങ്കാനയും മിസോറാമും ബിജെപിയെ സംബന്ധിച്ചിടത്തോളം തലവേദനയല്ല. കളി നടക്കാൻ പോകുന്നത് മധ്യപ്രദേശിലാണ്. അവിടെ കോൺഗ്രസ് ജയിച്ചുകയറിയാൽ രാഹുലിനെ പിടിച്ചാൽ കിട്ടിയെന്നുവരില്ല. കോൺഗ്രസ്സിന്റെ തലവര തിരുത്തിയെഴുതാനുള്ള ശേഷി മധ്യപ്രദേശിനുണ്ടെന്നർത്ഥം. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ കോൺഗ്രസ്സിന് മഹാ സഖ്യം വേണ്ടി വരുമെന്നതിൽ സംശയമില്ല. ഈ മുന്നണിയിൽ കാര്യങ്ങൾ നിശ്ചയിക്കാനുള്ള ശേഷി കോൺഗ്രസ്സിന് കിട്ടണമെങ്കിൽ മധ്യപ്രദേശിൽ കോൺഗ്രസ് ജയിച്ചേ തീരൂ. വിശാല സഖ്യം എന്ന് പറയാൻ എളുപ്പമാണെങ്കിലും സഖ്യത്തെ മേച്ചുകൊണ്ടുപോവുക ഒരിക്കലും എളുപ്പമല്ല. ശരദ്പവാറും മമതയും മായാവതിയും അഖിലേഷും ചന്ദ്രബാബുനായിഡുവും എം കെ സ്റ്റാലിനുമൊക്കെ തനിക്ക് താൻ പോന്നവരാണ്. സൂചി കുത്താൻ ഇടം കിട്ടിയാൽ തൂമ്പ എങ്ങിനെ കടത്താനാകുമെന്നായിരിക്കും ഇവർ ചിന്തിക്കുക. ഓരോ സംസ്ഥാനത്തും മുഖ്യപ്രതിപക്ഷ കക്ഷിയായിരിക്കണം വിശാല സഖ്യം നയിക്കേണ്ടതെന്ന് മമത പറഞ്ഞത് മറക്കാനാവില്ല. മധ്യപ്രദേശിൽ കോൺഗ്രസ്സിനെ കൈവിട്ടുകൊണ്ട് മായാവതി നടത്തുന്ന പരീക്ഷണവും ഈ പരിസരത്തിലാണ്. മോദിക്കെതിരെയുള്ള പോരാട്ടത്തിൽ കോൺഗ്രസ് വല്യേട്ടൻ കളിക്കരുതെന്ന ലക്ഷ്യം വെച്ചുകൊണ്ടുള്ള കളികൾ. മധ്യപ്രദേശിൽ കോൺഗ്രസ് വീണാൽ ശരദ്പവാറൊക്കെ സടകുടഞ്ഞെഴുന്നേൽക്കുന്ന കാഴ്ചയായിരിക്കും ജനാധിപത്യ ഇന്ത്യ കാണുക. രാജസ്ഥാനിലല്ല മധ്യപ്രദേശിലാണ് ബിജെപിയുടെയും അഭിമാനപ്പോരാട്ടം. ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഏറ്റവും ശക്തമാർന്ന തട്ടകമാണിത്. ആർ എസ് എസ്സിന് അതിശക്തമായ സംഘടനാ സംവിധാനമുള്ള സംസ്ഥാനമാണിത്. അതുകൊണ്ടുതന്നെ മധ്യപ്രദേശിൽ ബിജെപി പരാജയപ്പെട്ടാൽ ആത്യന്തികമായി മോദിയോ ശിവ്രാജ്സിങ്ചൗഹാനോ അല്ല ആർ എസ് എസ്സ് തന്നെയാവും ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരിക. രണ്ടും കൽപിച്ചുള്ള കളിയിലാണ് കോൺഗ്രസ് ഇവിടെ ഏർപ്പെട്ടിരിക്കുന്നത്. ബിജെപിയുടെ ഹിന്ദുത്വയെ നേരിടാൻ രാഹുലിന്റെ ശിവഭക്തി കോൺഗ്രസ് ആയുധമാക്കുന്നത് വെറുതെയല്ല. എല്ലാ ഗ്രാമത്തിലും ഗോശാലകൾ തീർക്കുമെന്നതാണ് കോൺഗ്രസിന്റെ ഒരു തിരഞ്ഞെടുപ്പ് വാഗ്ദാനം. പശുസംരക്ഷണത്തിനായി മാത്രം കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ശിവ്രാജ് സിങ് ചൗഹാൻ സർക്കാർ ചെലവാക്കിയത് 45 കോടി രൂപയാണെന്നത് വിസ്മരിക്കരുത്. വനവാസക്കാലത്ത് ശ്രീരാമൻ നടന്നതായി കരുതപ്പെടുന്ന വഴികൾ വികസിപ്പിച്ചെടുക്കാനുള്ള പദ്ധതിയും കോൺഗ്രസ് മുന്നോട്ടുവെയ്ക്കുന്നുണ്ട്. അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം ബിജെപി മുഖ്യ അജണ്ടയാക്കുമ്പോൾ രാമനെ കൈവിട്ടുള്ള ഒരു കളിക്ക് കോൺഗ്രസ്സും തയ്യാറല്ലെന്നർത്ഥം. പഞ്ചാബിലെപ്പോലെ ഒരൊറ്റ നേതാവിനെ മുൻനിർത്തിയല്ല കോൺഗ്രസ് മധ്യപ്രദേശിൽ കളിക്കുന്നത്. കമൽനാഥിനും ദിഗ്വിജയ് സിങ്ങിനും ജ്യോതിരാദിത്യസിന്ധ്യയ്ക്കുമിടയിൽ കോൺഗ്രസ്സിന് തൽക്കാലത്തേക്കെങ്കിലും അങ്ങിനെയൊരു കളി കളിക്കാൻ മധ്യപ്രദേശിലാവില്ല. ഉർവ്വശീശാപം ഉപകാരമെന്നു പറയുംപോലെ ഒരു പ്രധാന സംസ്ഥാനത്ത് രാഹുൽഗാന്ധി മുഖ്യപ്രചാരകനാവുന്നുവെന്ന സവിശേഷതയും ഇവിടെയുണ്ട്. മധ്യപ്രദേശിൽ കോൺഗ്രസ് കടന്നുകയറിയാൽ ഇപ്പോൾ വേലിപ്പുറത്തിരിക്കുന്ന പല രാഷ്ട്രീയ പാർട്ടികളും നിലപാട് മാറ്റാനുള്ള സാധ്യത ഏറെയാണ്. ഒഡിഷയിലെ ബിജുപട്നായിക് തീർച്ചയായും ഇത്തരമൊരു പരിസരത്തിൽ കോൺഗ്രസ് പക്ഷത്തേക്ക് ചായാൻ തയ്യാറാവും. മഹാരാഷ്ട്രയിൽ ശരദ്പവാറിനു മുന്നിൽ വിലപേശലിനുള്ള വാതിലുകളും അതോടെ അടയും. ബിജെപി മുക്ത ഭാരതമല്ല ഭയമുക്ത ഭാരതമായിരിക്കണം അടുത്ത പൊതുതിരഞ്ഞെടുപ്പിലെ ലക്ഷ്യമെന്നാണ് ഗോപാൽകൃഷ്ണ ഗാന്ധി അടുത്തിടെ എഴുതിയത്. കർണ്ണാടകത്തിലെ ഉപതിരഞ്ഞെടുപ്പ് വിധി ഈ വഴിക്കുള്ള നിർണ്ണായക സൂചകങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സുപ്രീംകോടതിയുടെ ശബരിമല വിധി പശ്ചാത്തലത്തിൽ സംഘപരിവാർ കേരളത്തിൽ നടത്തുന്ന മുന്നേറ്റങ്ങൾ കണക്കിലെടുത്ത് പുതിയൊരു രാഷ്ട്രീയ സംസ്കാരത്തിന് കേരളത്തിൽ രൂപം നൽകാൻ കോൺഗ്രസ്സും സിപിഎമ്മും മടിക്കരുതെന്നും അദ്ദേഹം എടുത്തു പറഞ്ഞു. ഇർഫാൻഹബീബിനെയും പ്രഭാത് പട്നായിക്കിനെയും പോലുള്ള ഇടതുപക്ഷസഹയാത്രികർ ഇത്തരം ആശയങ്ങൾ തള്ളിക്കളയുന്നില്ല. തിരഞ്ഞെടുപ്പ് രാഷ്ട്രീയം പ്രായോഗികതയുടെ കളരിയാണ്. സാദ്ധ്യതകളുടെ കലയും കവിതയുമാണത്. മദ്ധ്യപ്രദേശിൽ മൃദുഹിന്ദുത്വത്തിന്റെ പാതയിലൂടെ നടക്കുമ്പോൾ കോൺഗ്രസ് തീർച്ചയായും വലിയൊരു പരീക്ഷണമാണ് നടത്തുന്നത്. 2019 ലെ നിർണ്ണായക തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെയുള്ള വിശാല മുന്നണിയിൽ കോൺഗ്രസ്സിന്റെ നേതൃസ്ഥാനം അരക്കിട്ടുറപ്പിക്കുന്നത് ഈ പരീക്ഷണത്തിലെ വിജയ പരാജയങ്ങളായിരിക്കും. വഴിയിൽ കേട്ടത് : ശബരി മല പ്രക്ഷോഭത്തിനിടയിൽ തന്ത്രി തന്നെയാണോ വിളിച്ചതെന്ന് ഓർമ്മയില്ലെന്ന് ശ്രീധരൻ പിള്ള. 15 ലക്ഷം അക്കൗണ്ടിലിടുമെന്ന വാഗ്ദാനം ഇലക്ഷൻ സ്റ്റണ്ടായിരുന്നുവെന്ന് അമിത്ജിയും ഗഡ്കരിജിയും പറഞ്ഞതോർക്കുമ്പോൾ ഇതിലൊക്കെ ഇത്ര ബഹളം വെയ്ക്കാനുണ്ടോ !


from mathrubhumi.latestnews.rssfeed https://ift.tt/2T1Sqpk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages