ബെംഗളൂരു: ബി.ജെ.പിയുടെ കർണാടക മോഡലായ ഓപ്പറേഷൻ താമരയ്ക്ക് ഇന്ധനം പകർന്ന റെഡ്ഡി സഹോദരന്മാരുടെ തട്ടകത്തിൽ വിജയക്കൊടി പാറിയത് ഡി.കെ. ശിവകുമാർ എന്ന തന്ത്രശാലിയായ രാഷ്ട്രീയക്കാരൻ നടപ്പാക്കിയ ഓപ്പറേഷൻ ബെല്ലാരി. റെഡ്ഡിമാരുടെ പ്രതിനിധിയായ ബി.ശ്രീരാമുലുവിന്റെ സഹോദരി തന്നെ ബെല്ലാരിയിൽ രണ്ടര ലക്ഷത്തോളം വോട്ടിന് പരാജയപ്പെടുമ്പോൾ കർണാടക രാഷ്ട്രീയത്തിലെ മാസ്റ്ററായി മാറുകയാണ് ശിവകുമാർ. കർണാടക രാഷ്ട്രീയത്തിലെ ഏറ്റവും തന്ത്രശാലിയായ രാഷ്ട്രീയക്കാരനാണ് ഡി.കെ. ശിവകുമാറെന്ന ഇപ്പോഴത്തെ ജലവിഭവ വകുപ്പ് മന്ത്രി. കാശിന് കാശും ആളിന് ആൾബലവുമായി കളമറിഞ്ഞ് കരുക്കൾ നീക്കി എതിരാളികളെ നിഷ്പ്രഭമാക്കുന്ന തന്ത്രശാലി. കളത്തിലിറങ്ങിയ കളികളിലെല്ലാം വിജയിച്ച ചരിത്രമേയുള്ളൂ ശിവകുമാറിന്. തന്ത്രങ്ങളുടെ തമ്പുരാക്കന്മാരായി അറിയപ്പെടുന്ന ബി.ജെ.പി. ഒരുപക്ഷേ സമീപകാലത്ത് പരാജയപ്പെട്ടത് ഡി.കെയ്ക്ക് മുന്നിൽ മാത്രമായിരിക്കും. ഇതാദ്യമായല്ല ഡി.കെ. ശിവകുമാറിന് മുന്നിൽ ബിജെപി മുട്ടുമടക്കുന്നത്. അമിത് ഷായുടെ തന്ത്രങ്ങൾ അതിജീവിച്ച് അഹമ്മദ് പട്ടേൽ എന്ന സോണിയയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയെ രാജ്യസഭയിലെത്തിച്ചതും കുമാരസ്വാമി സർക്കാരിന് വിശ്വാസ വോട്ടെടുപ്പ് എന്ന അഗ്നിപരീക്ഷ അതിജീവിക്കാൻ കളിച്ച റിസോർട്ട് രാഷ്ട്രീയവും എല്ലാം ഇതേ ശിവകുമാറിന്റെ കളികളിൽ ചിലതാണ്. ഇന്ത്യൻ ജനാധിപത്യത്തെ റിസോർട്ടിലടക്കുന്ന പുതിയ കാലത്തിന്റെ പ്രതിനിധി. രണ്ട് ദശാബ്ദം മുമ്പ് വരെ കോൺഗ്രസ് കോട്ടയായിരുന്ന ബെല്ലാരി റെഡ്ഡി സഹോദരന്മാരുടെ വരവോടെയാണ് കാവിക്കോട്ടയായത്. ഇത്തവണ ഓപ്പറേഷൻ ബെല്ലാരിയിലൂടെ സീറ്റ് പിടിച്ചെടുക്കാൻ കോൺഗ്രസ് ദൗത്യം ഏൽപിച്ചത് തന്ത്രങ്ങളുടെ അമരക്കാരനായ ഡി.കെ ശിവകുമാറിനെ തന്നെയായിരുന്നു. ഖനി മുതലാളിമാരുമായി ബന്ധമില്ലാത്ത ക്ലീൻ ഇമേജുള്ള സ്ഥാനാർഥിയെ കണ്ടെത്തി മത്സരിപ്പിച്ചായിരുന്നു കളിയുടെ തുടക്കം. മന്ത്രിമാരും മുതിർന്ന നേതാക്കളും അടക്കം 64 അംഗ ടീമിനെ നിയോഗിച്ച് മണ്ഡലം ഇളക്കിമറിച്ചുള്ള പ്രചാരണം. ഖനി മുതലാളിമാർക്കെതിരെ പ്രക്ഷോഭം നടത്തിയിട്ടുള്ള എം.എൽ.സിയായ വി.എസ്. ഉഗ്രപ്പ എന്ന പേര് സ്ഥാനാർഥിയായി നിർദേശിച്ചത് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയായിരുന്നു. സിദ്ധരാമയ്യയുടെ വിശ്വസ്തനായിട്ടാണ് ഉഗ്രപ്പ അറിയപ്പെടുന്നത്. അതേ ഉഗ്രപ്പയിലൂടെ ബെല്ലാരിയിൽ ബി.ജെ.പിക്കും റെഡ്ഡിമാർക്കും കോൺഗ്രസ് നൽകിയത് ഉഗ്രപ്രഹരം തന്നെ. ബെല്ലാരി എന്ന റെഡ്ഡി റിപ്പബ്ലിക്കാണ് ഡി.കെ. ശിവകുമാർ പിടിച്ചെടുത്തത്. ബെല്ലാരിയിൽ റെഡ്ഡിമാരുടെ പിടി അയഞ്ഞാൽ പിന്നെ ബി.ജെ.പിക്ക് കർണാടകത്തിൽ ഉറച്ചൊരു തട്ടകം യെദ്യൂരപ്പയുടെ ശിവമോഗ മാത്രമാണ്. അഞ്ചിൽ നാലിടത്തെ തോൽവിയിൽ ബി.ജെ.പിയെ ഏറ്റവും ഞെട്ടിച്ചത് ബെല്ലാരിയിലെ തോൽവിയാണ്. അതും 2.4 ലക്ഷത്തിന്റെ വൻ ഭൂരിപക്ഷത്തിലുള്ള തോൽവി അവർ ചിന്തിച്ചതേയല്ല. വെല്ലുവിളിയേറിയ ദൗത്യമാണ് പാർട്ടി ഏൽപിച്ചത്. എന്നിൽ വിശ്വാസം അർപ്പിച്ച പാർട്ടി നേതാക്കന്മാരോട് നന്ദി പറയുന്നു. ബെല്ലാരിയിലെ വിജയം ആഘോഷിക്കുന്ന അനുയായികൾ നൽകിയ മധുരം നുണഞ്ഞുകൊണ്ട് ശിവകുമാർ പറഞ്ഞു. കൃത്യമായ ആസൂത്രണത്തോടെയാണ് തുടങ്ങിയത്. സ്ഥാനാർഥി നിർണയത്തിൽ പോലും കൃത്യമായ പദ്ധതിയുണ്ടായിരുന്നു. ചില ഘട്ടത്തിൽ വിവാദ നേതാക്കളെ ആവശ്യത്തിന് ഗുണപ്പെടൂ. വിവാദ നേതാക്കളെ ആത്യന്തികമായി നേട്ടം കൊണ്ടുവരൂ. ഞാൻ ഒരു വിവാദ പുരുഷനാകാൻ ആഗ്രഹിച്ചില്ല. അവർ എന്നെ വിവാദ രാഷ്ട്രീയക്കാരനാക്കുകയായിരുന്നു. ശക്തനായ നേതാവായാൽ ശത്രുക്കൾ കൂടും. അത്ര ശക്തരല്ലെങ്കിൽ എതിരാളികളും കുറവായിരിക്കും. കൂടുതൽ ജോലി ചെയ്യുന്നവർക്ക് കൂടുതൽ അബദ്ധങ്ങളും വരാം. കുറച്ച് കാര്യങ്ങളെ ചെയ്യുന്നുള്ളൂവെങ്കിൽ തെറ്റുകളും കുറവെ വരൂ. ഒന്നും ചെയ്യുന്നില്ലെങ്കിൽ ഒരു പിഴവും വരില്ല. -ഇതാണ് ശിവകുമാറിന്റെ ന്യായം. കഴിഞ്ഞ മെയ് മാസത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിയെ മറികടന്ന് വിശ്വാസ വോട്ട് എന്ന അത്യന്തം ആവേശം നിറഞ്ഞ പോരാട്ടത്തിൽ സർക്കാരിനെ രക്ഷിച്ചെടുത്തത് ശിവകുമാറിന്റെ തന്ത്രങ്ങളുടെ ചിറകിലേറിയായിരുന്നു. അപ്രത്യക്ഷരായ രണ്ട് എം.എൽ.എമാരെ വോട്ടെടുപ്പിന് മിനിറ്റുകൾക്ക് മുമ്പ് ബി.ജെ.പി. താവളത്തിൽനിന്ന് പൊക്കിയെടുത്ത് നിയമസഭയിലെത്തിച്ച രാഷ്ട്രീയ നാടകം അരങ്ങേറിയതും ഇതേ ഡികെയുടെ കീഴിലായിരുന്നു. Content Highlights:D K Shivkumar, Congress, BJP
from mathrubhumi.latestnews.rssfeed https://ift.tt/2QoNetT
via
IFTTT
No comments:
Post a Comment