കൊൽക്കത്ത:ഇന്ത്യയും വിൻഡീസും തമ്മിലുള്ള ആദ്യ ടിട്വന്റി മത്സരത്തിന് ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീനുമെത്തിയിരുന്നു. കൊൽക്കത്ത ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിൽ സജ്ജീകരിച്ച മണിയടിച്ച് കാണികളേയും താരങ്ങളേയും മത്സരത്തിലേക്ക് സ്വാഗതം ചെയ്തത് അസ്ഹറുദ്ദീനായിരുന്നു. ഇരുരാജ്യങ്ങളുടേയും ദേശീയ ഗാനത്തിന് ശേഷമായിരുന്നു ഈ മണിയടിക്കൽ. ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി അവിശേക് ഡാൽമിയയും അസ്ഹറുദ്ദീനൊപ്പമുണ്ടായിരുന്നു. എന്നാൽ അസ്ഹറുദ്ദീനെ മണിയടിക്കാൻ ഏൽപ്പിച്ച ബി.സി.സി.ഐയേയും ബംഗാൾ ക്രിക്കറ്റ് അസോസിയേഷനേയും രൂക്ഷമായി വിമർശിച്ച് ഇന്ത്യൻ താരം ഗൗതം ഗംഭീർ രംഗത്തെത്തി. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഗംഭീർ അതൃപ്തി അറിയിച്ചത്. ഇന്ന് ഈഡൻ ഗാർഡൻസിൽ ഇന്ത്യ വിജയിച്ചിട്ടുണ്ടാകാം. പക്ഷേ ഇതിനോട് പ്രതികരിക്കാതിരിക്കാൻ എനിക്ക് കഴിയില്ല. ബി.സി.സി.ഐയുടേയും ബംഗാൾ ക്രിക്കറ്റ് അസോസിയേഷന്റേയും അംഗങ്ങൾ എന്നോട് ക്ഷമിക്കണം. നിങ്ങളുടെ ഈ പ്രവൃത്തി എനിക്ക് അംഗീകരിക്കാനാകില്ല. അഴിമതിക്കാർക്കെതിരേയും ഒത്തുകളിക്കാർക്കെതിരേയും ഒരു വിട്ടുവീഴ്ച്ചയുമില്ലെന്ന് പറയുന്നവർ തന്നെയാണ് ഇതെല്ലാം ചെയ്യുന്നത്. ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അസ്ഹറുദ്ദീന് അനുവാദം കൊടുത്ത കാര്യം എനിക്കറിയാം. അതറിഞ്ഞുകൊണ്ടുതന്നെയാണ് ഞാൻ സംസാരിക്കുന്നത്. അധികാരകേന്ദ്രങ്ങളും ഇത് കേൾക്കുന്നുണ്ടാകുമെന്നാണ് എന്റെ പ്രതീക്ഷ ഗംഭീറിന്റെ ട്വീറ്റിൽ വ്യക്തമാക്കുന്നു. 2000-ത്തിൽ ഇന്ത്യൻ ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ ഒത്തുകളി വിവാദത്തെ തുടർന്ന് അസ്ഹറുദ്ദീന് ബി.സി.സി.ഐ ക്രിക്കറ്റിൽ നിന്ന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയിരുന്നു. അന്നത്തെ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റനായ ഹാൻസി ക്രോണ്യയുടെ മൊഴിയെത്തുടർന്നായിരുന്നു ഇത്. തന്നെ ഒത്തുകളിക്കാർക്ക് പരിചയപ്പെടുത്തിയത് അസ്ഹറുദ്ദീനാണെന്നായിരുന്നു ക്രോണ്യയുടെ മൊഴി. തുടർന്ന് ബി.സി.സി.ഐയുടെ നടപടി ഐ.സി.സി ശരിവെയ്ക്കുകയും ചെയ്തു. എന്നാൽ 2012 നവംബറിൽ ആന്ധ്രാപ്രദേശ് ഹൈക്കോടതി താരത്തെ കുറ്റവിമുക്തനായി പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ അസ്ഹർ ശ്രമിച്ചിരുന്നു. എന്നാൽ താരത്തിന്റെ നോമിനേഷൻ അസോസിയേഷൻ തള്ളി. എന്നാൽ ഈ വർഷം അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ബി.സി.സി.ഐ അസ്ഹറിന് അനുവാദം നൽകിയിട്ടുണ്ട്. Content Highlights: Gautam Gambhir slams BCCI, CoA, CAB after Mohammad Azharuddin rings Eden Gardens bell
from mathrubhumi.latestnews.rssfeed https://ift.tt/2PbQRa7
via
IFTTT
No comments:
Post a Comment