അഗർത്തല: തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ 5000 കുടുംബങ്ങൾക്ക് പശുക്കളെ വിതരണം ചെയ്യുന്ന പദ്ധതിയുമായിത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്. കുറഞ്ഞ സമയത്തിനുള്ളിൽ വരുമാനവും ലാഭവും നേടാൻ സഹായകമാകുന്ന ഏറ്റവും മികച്ച പദ്ധതിയാണിതെന്നാണ് ബിപ്ലബ് ദേബിന്റെ അഭിപ്രായം. വ്യവസായസംരംഭങ്ങൾ ആരംഭിക്കാൻ വലിയ മൂലധനം ആവശ്യമാണ്, വ്യവസായശാലകൾ നടത്താൻ നിയമിക്കേണ്ട തൊഴിലാളികളുടെ എണ്ണവും കൂടുതലാണ്. വ്യവസായത്തിൽ നിന്ന് കൃത്യമായ വരുമാനം ലഭിക്കാൻ നീണ്ട കാത്തിരിപ്പ് ആവശ്യമാണ്. എന്നാൽ കാലിവളർത്തലിലൂടെ കുറഞ്ഞകാലയളവിൽ വരുമാനം ലഭിച്ചുതുടങ്ങും.ബിപ്ലബ് പറയുന്നു. സംസ്ഥാനത്തെ യുവാക്കൾ പശുവളർത്തലിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മുഖ്യമന്ത്രിയുടെ ആഹ്വാനം. 10,000 കോടി രൂപ ചിലവാക്കി വ്യവസായങ്ങൾ ആരംഭിക്കുന്നതിനേക്കാൾ ഫലപ്രദമാണ് 10,000 പശുക്കളെ അയ്യായിരം കുടുംബങ്ങൾക്കായി വിതരണം ചെയ്യുന്നതെന്നാണ് മുഖ്യമന്ത്രിയുടെ അഭിപ്രായം. പദ്ധതി നടപ്പിൽ വരുത്തുന്നതിന് മുന്നോടിയായി ഔദ്യോഗികവസതിയിൽ പശുക്കളെ പോറ്റുമെന്ന് ബിപ്ലബ് ദേബ് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇത് സംസ്ഥാനത്തെ ജനങ്ങൾക്ക് പ്രചോദനമാകുമെന്നും പോഷകാഹാരക്കുറവ് ഫലപ്രദമായി ചെറുക്കാൻ കഴിയുമെന്നും ബിപ്ലബ് കൂട്ടിച്ചേർത്തു. ഏപ്രിൽ മാസത്തിലും പശുക്കളെ വളർത്താൻ ബിപ്ലബ് യുവാക്കളെ ആഹ്വാനം ചെയ്തിരുന്നു. ഒരു ബിരുദധാരി തൊഴിലന്വേഷിച്ച് സമയം കളയുന്നതിനേക്കാൾ നല്ലതാണ് പശുവിനെ വളർത്തുന്നതെന്ന് ബിപ്ലബ് അഭിപ്രായപ്പെട്ടിരുന്നു. പത്തു കൊല്ലം ഒരു പശുവിനെ വളർത്തുന്നതിൽ നിന്ന് പത്തു ലക്ഷം രൂപ ലാഭമുണ്ടാക്കാമെന്ന് ബിപ്ലബ് ആവർത്തിച്ചു. വിദ്യാസമ്പന്നർ കാർഷികവൃത്തിയിൽ ഏർപെടുന്നത് ശരിയല്ലെന്ന ധാരണ തികച്ചും ഇടുങ്ങിയ ചിന്താഗതിയാണെന്നും ബിപ്ലബ് കുറ്റപ്പെടുത്തി. ഇത്തരം തെറ്റായ ചിന്തയാണ് യുവാക്കളെ തൊഴിൽരഹിതരായി മാറ്റുന്നതെന്നാണ് ബിപ്ലബ് ദേബിന്റെ അഭിപ്രായം.
from mathrubhumi.latestnews.rssfeed https://ift.tt/2Qgc7rH
via
IFTTT
No comments:
Post a Comment