ന്യൂഡൽഹി: ശബരിമലയിലെ യുവതി പ്രവേശന വിധി നടപ്പാക്കാൻ കൃത്യമായ മാർഗ്ഗ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് പോലീസ് സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഡൽഹിയിലെത്തി മുതിർന്ന അഭിഭാഷകരുമായി ചർച്ച നടത്തി. മൂന്ന് ദിവസത്തിനുള്ളിൽ ഇതുസംബന്ധിച്ച ഹർജി സമർപ്പിക്കാനാണ് തീരുമാനം. സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള എല്ലാ നടപടിക്രമങ്ങളും പോലീസ് ശബരിമലയിൽ സ്വീകരിച്ചിരുന്നു. എന്നാൽ പോലീസിന്റെ നടപടികൾക്ക് തടസ്സം സൃഷ്ടിക്കുന്ന രീതിയിൽ പലതലങ്ങളിൽ നിന്നുള്ള ഇടപെടലുകൾ നടക്കുന്നു. ഹൈക്കോടതിയിൽ പോലീസ് നടപടികൾ സംബന്ധിച്ച് ഒരു ദിവസം തന്നെ നിരവധി ഹർജികൾ എത്തുന്നുണ്ട്. ഇതിന്റെ വാദങ്ങൾക്കിടെ ഉണ്ടാകുന്ന പരാമർശങ്ങൾ നിയന്ത്രണങ്ങളെ ബാധിക്കുന്നു. ഇത് പ്രക്ഷോഭകാരികൾക്ക് അവരുടെ ആസുത്രിത നീക്കങ്ങൾ തടസ്സമില്ലാതെ നടത്താൻ സാഹചര്യമൊരുക്കുന്നു. യഥാർത്ഥ ഭക്തർക്ക് ശബരിമലയിലെ നിയന്ത്രണങ്ങൾക്ക് ഒരുതരത്തിലുള്ള തടസ്സവും സൃഷ്ടിക്കുന്നില്ല. മനപ്പൂർവ്വം പ്രശ്നമുണ്ടാക്കാനായി എത്തുന്നവർക്ക് മാത്രമെ പ്രശ്നങ്ങളുള്ളൂ. എന്നാൽ നാമജപം നടത്തുന്നവരെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന ഹൈക്കോടതിയുടെ നിർദേശം ഇത്തരക്കാർക്ക് സൗകര്യം ഒരുക്കി നൽകുന്നതാണ്. ഇത്തരത്തിൽ ഹർജികളിൽ ഹൈക്കോടതി പുറപ്പെടുവിപ്പിക്കുന്ന പല നിർദേശങ്ങളും സുപ്രീംകോടതി വിധിക്കെതിരെ പ്രവർത്തിക്കുന്നവർക്ക് വലിയ സഹായകരമായി മാറുന്നുണ്ട്. ഇത്തരത്തിൽ പോലീസിന്റെ ഇതുവരെയുള്ള എല്ലാ നടപടികളും ചൂണ്ടിക്കാണിച്ചാണ് അവർ സുപ്രീംകോടതിയിൽ ഹർജി സമർപ്പിക്കാനൊരുങ്ങുന്നത്. പോലീസിന്റെ എല്ലാ നടപടികളും പരിശോധിച്ച ശേഷം കൃത്യമായ മാർഗ്ഗ നിർദേശം വേണമെന്നാണ് ഹർജിയിലൂടെ ആവശ്യപ്പെടുന്നത്. Content Highlights:sabarimala verdict,Kerala Police, supreme court
from mathrubhumi.latestnews.rssfeed https://ift.tt/2TI7dFZ
via
IFTTT
No comments:
Post a Comment