ശബരിമല: സംഘർഷമില്ലാത്ത സാഹചര്യമായിരുന്നിട്ടുപോലും ശബരിമലയിൽ സമ്പൂർണ മാധ്യമ വിലക്ക്. ചരിത്രത്തിലാദ്യമായാണ് ശബരിമലയിൽ മാധ്യമ പ്രവർത്തനം തടയുന്നത്. ചിത്തിര ആട്ടവിശേഷത്തിനു മുന്നോടിയായ ഒരുക്കങ്ങളുടെ വാർത്ത എടുക്കാൻപോയ മാധ്യമപ്രവർത്തകരെപ്പോലും നിലയ്ക്കലിനപ്പുറത്തേക്ക് കടത്തിവിടാൻ പോലീസ് തയ്യാറായില്ല. ഞായറാഴ്ച രാത്രി മാധ്യമങ്ങളുടെ വാഹനങ്ങൾ ത്രിവേണി പാലത്തിൽ തടഞ്ഞതാണ് ഒടുവിലത്തെ സംഭവം.ശനിയാഴ്ച മുതലാണ് ശബരിമലയിൽ മാധ്യമവിലക്കേർപ്പെടുത്തിയത്. രാവിലെ ഏഴു മണിയോടെ നിലയ്ക്കലിലെത്തിയ മാധ്യമപ്രവർത്തകരോട് അവിടെനിന്നുപോകാൻ പോലീസ് ആവശ്യപ്പെട്ടു. മുകളിൽനിന്നുള്ള നിർദേശമാണിതെന്ന് ചുമതലക്കാർ അറിയിച്ചു. ഡി.ജി.പി. ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ സർക്കാർ നിർദേശമാണെന്നായിരുന്നു മറുപടി. വിലക്ക് എന്തിനെന്ന് വ്യക്തമാക്കിയില്ല.ഇതോടെ മാധ്യമങ്ങളെ നിലയ്ക്കലിൽനിന്നു മാറ്റി. ഇടത്താവളത്തിന് രണ്ടു കിലോമീറ്റർ അകലെ വനത്തിലാണ് പിന്നെ മാധ്യമപ്രവർത്തകർ നിന്നത്. ഇവിടെ മൊബൈൽ റേഞ്ചുപോലും ഉണ്ടാകില്ല.ഞായറാഴ്ച രാവിലെ മാധ്യമപ്രവർത്തകർ പോലീസുമായി സംസാരിച്ചപ്പോൾ ഇടത്താവളം വരെ പോകാൻ അനുവദിച്ചു. പക്ഷേ, പമ്പയിലേക്കോ സന്നിധാനത്തേക്കോ പോകാനാകില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു. നിത്യപൂജയുള്ള നിലയ്കൽ ക്ഷേത്രങ്ങളിലും പമ്പാ ഗണപതികോവിൽ അടക്കമുള്ള ക്ഷേത്രങ്ങളിലും രണ്ടുദിവസമായി ഭക്തർക്ക് ദർശനവും നിഷേധിച്ചിരുക്കുകയാണ്. ഇതു ചൂണ്ടിക്കാട്ടിയവരോട് തങ്ങളോട് ഇതാണു പറഞ്ഞിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച രാത്രി ഏഴുമണിക്കുശേഷം മാധ്യമങ്ങളോട് പമ്പയിലേക്ക് പോകാമെന്ന് പോലീസ് അറിയിച്ചു. ചാനൽ വാഹനങ്ങൾ രാത്രി 9.30-ന് പമ്പയിൽ എത്തിയപ്പോൾ വീണ്ടും വിലക്കി. വാഹനങ്ങൾ പോലീസ് സ്റ്റേഷനുമുന്നിൽ ഇടണമെന്നും ത്രിവേണി കടന്നുപോകാൻ കഴിയില്ലെന്നും അറിയിപ്പു വന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നുള്ള അറിയിപ്പാണിതെന്നും പോലീസ് പറഞ്ഞു.ഒരു സംഘർഷവും ഇല്ലാത്ത ശബരിമലയിൽ മാധ്യമവിലക്ക് എന്തിനെന്ന് വ്യക്തമായി വിശദമാക്കാൻ പോലീസിന് കഴിഞ്ഞില്ല. സുരക്ഷ ഒരുക്കാൻ പറ്റാത്തതുകൊണ്ടാണെന്നാണ് ഡി.ജി.പി. അറിയിച്ചത്.ശബരിമലയിലെ മാധ്യമവിലക്ക് ചരിത്രത്തിലെങ്ങും കാണാത്തതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയും പറഞ്ഞു. സർക്കാരിന് യുവതികളെ കയറ്റാനുള്ള അരങ്ങൊരുക്കാനാണ് വിലക്കെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ഹരിദാസ് പറഞ്ഞു.50 വയസ്സുകഴിഞ്ഞ വനിതാപോലീസിനെ പമ്പയിൽ എത്തിച്ചുശബരിമല: ശബരിമലയിൽ യുവതീപ്രവേശം തടയാനായി പ്രായമുള്ള മാളികപ്പുറങ്ങൾ എത്തുമെന്ന ഹിന്ദുസംഘടനകളുടെ പ്രഖ്യാപനത്തെത്തുടർന്ന് പമ്പയിൽ വനിതാപോലീസുകാരെ എത്തിച്ചു. 50 വയസ്സു കഴിഞ്ഞ 100 പേരെയാണ് ഞായറാഴ്ച രാത്രി എത്തിച്ചത്. വേണ്ടിവന്നാൽ ഇവരെ സന്നിധാനത്തേക്കും എത്തിക്കും. എന്നാൽ സാധാരണ വിന്യാസം മാത്രമാണിതെന്ന് പോലീസ് പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2SLGk3p
via
IFTTT
No comments:
Post a Comment