കണ്ണൂർ: നിയമനത്തിൽ സ്വജനപക്ഷപാതം നടത്തിയെന്ന ആരോപണത്തിൽ മന്ത്രി കെ.ടി.ജലീൽ വിമർശനം നേരിടുന്നതിനിടെ ഡി.വൈ.എഫ്.ഐ. മുൻ സംസ്ഥാന പ്രസിഡന്റ് എ.എൻ.ഷംസീർ എം.എൽ.എ.യുടെ ഭാര്യയുടെ നിയമനം ഹൈക്കോടതി റദ്ദാക്കിയത് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി. കണ്ണൂർ സർവകലാശാല സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസ് വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസറായി കരാർനിയമനം നേടിയ, എ.എൻ.ഷംസീറിന്റെ ഭാര്യ ഡോ. എം.ഷഹലയുടെ നിയമനമാണ് ഹൈക്കോടതി റദ്ദാക്കിയത്. ഒന്നാംസ്ഥാനക്കാരിയായ ചാവശ്ശേരി സ്വദേശി ഡോ. എം.പി.ബിന്ദുവിന്റെ പരാതിയിലാണ് നടപടി. ഒന്നാംസ്ഥാനക്കാരിയായ തന്നെ നിയമിക്കാതെ രണ്ടാംസ്ഥാനക്കാരിയായ ഷഹലയെ നിയമിച്ചത് നിയമവിരുദ്ധമാണെന്ന് ബിന്ദുവിന്റെ പരാതിയിൽ പറയുന്നു. അഴിമതിക്കെതിരേ പോരാട്ടം നടത്തുന്ന സംഘടനയുടെ സംസ്ഥാനനേതാവും എം.എൽ.എ.യുമായ ഒരാളുടെ ഭാര്യയുടെ നിയമനം നിയമവിരുദ്ധമാണെന്ന കോടതിയുടെ കണ്ടെത്തിൽ സംഘടനയ്ക്ക് തലവേദനയായി. പരാതിക്കാരിയെ നിയമിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.സിൻഡിക്കേറ്റിൽ ഇടതുപക്ഷമേധാവിത്വമുള്ള കണ്ണൂർ സർവകലാശാലയിൽ പാർട്ടിയുടെ സ്വാധീനംകൊണ്ടാണ് റാങ്കുപട്ടിക മറികടന്ന് ഷംസീറിന്റെ ഭാര്യക്ക് ജോലി ലഭിച്ചതെന്ന പരാതി നേരത്തേ ഉയർന്നതാണ്. പൊതുവിഭാഗത്തിൽനിന്നാണ് കണ്ണൂർ സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് കരാർനിയമനത്തിന് സർവകലാശാല അപേക്ഷ ക്ഷണിച്ചത്. പക്ഷേ, പിന്നീടത് സംവരണനിയമനമാക്കിമാറ്റുകയായിരുന്നു. അഭിമുഖത്തിൽ ഷഹലയ്ക്ക് രണ്ടാംസ്ഥാനമാണ് ലഭിച്ചത്. ഇതോടെയാണ് നിയമനത്തിൽ സംവരണമുൾപ്പെടുത്താൻ സർവകലാശാല തീരുമാനിച്ചതെന്ന് പരാതിക്കാരി പറയുന്നു. ജൂൺ എട്ടിന് സർവകലാശാല ഇറക്കിയ പത്രക്കുറിപ്പിൽ സംവരണകാര്യം സൂചിപ്പിച്ചിട്ടില്ല. 14-നാണ് ഇന്റർവ്യൂ നടന്നത്. ജനറൽ കാറ്റഗറിയിൽ അസിസ്റ്റന്റ് പ്രൊഫസർമാരെ ക്ഷണിച്ച വിജ്ഞാപനം ഒ.ബി.സി. മുസ്‌ലിം എന്നാക്കി തിരുത്തിയാണ് നിയമനം നൽകിയതെന്നായിരുന്നു ഡോ. എം.പി.ബിന്ദുവിന്റെ പരാതി.സർവകലാശാല പോലുള്ള മഹത്തായ സ്ഥാപനങ്ങൾ ഒരിക്കലും അധ്യാപകനിയമനത്തിൽ വൃത്തികെട്ട രാഷ്ട്രീയക്കളി കളിക്കരുതെന്ന് പരാതിക്കാരിയായ എം.പി.ബിന്ദു പറഞ്ഞു. ഇത് നീതിയുടെ വിജയമാണ്. പച്ചയായ രാഷ്ട്രീയക്കളിയാണ് സർവകലാശാല കാണിച്ചത്. എം.എൽ.എ. എന്ന സ്വാധീനംതന്നെയായിരിക്കാം ഇതിന്റെ പിന്നിൽ -അവർ പറഞ്ഞു.അതിനിടെ എം.എൽ.എ.യുടെ സ്വാധീനത്തിനു വഴങ്ങി സർവകലാശാല സ്വജനപക്ഷപാതം നടത്തിയെന്ന ആരോപണം ഡി.വൈ.എഫ്.ഐ.യിലും ചർച്ചയായിട്ടുണ്ട്. പൊതുവിദ്യാഭ്യാസസംരക്ഷണവുമായി ബന്ധപ്പെട്ട് നേരത്തേ എ.എൻ.ഷംസീർ എം.എൽ.എ.യുടെ ഫോട്ടോവെച്ച് അച്ചടിച്ച പോസ്റ്റർ വിവാദമായിരുന്നു. സ്വന്തം മകനെ അൺഎയ്ഡഡ് സ്കൂളിൽ ചേർത്തു പഠിപ്പിക്കുകയും പൊതുവിദ്യാലയത്തിൽ മക്കളെ പഠിപ്പിക്കണമെന്ന് ആഹ്വാനംചെയ്യുകയും ചെയ്യുന്ന ഇരട്ടത്താപ്പിനെതിരേയായിരുന്നു അന്നു വിമർശനം. ഇതേത്തുടർന്ന് അദ്ദേഹം കുട്ടിയെ അൺഎയ്ഡഡ് സ്‌കൂളിൽനിന്ന് മാറ്റി പൊതുവിദ്യാലയത്തിൽ ചേർത്തു. പ്രതിഷേധമടങ്ങിയശേഷം കുട്ടിയെ വീണ്ടും അതേ സ്വകാര്യവിദ്യാലയത്തിൽ ചേർത്തതും പിന്നീട് ചർച്ചയായി.
from mathrubhumi.latestnews.rssfeed https://ift.tt/2FoteXl
via
IFTTT
No comments:
Post a Comment