ഹൈദരാബാദ്:രഞ്ജി ട്രോഫി ഉൾപ്പടെയുള്ള ദൈർഘ്യമേറിയ മത്സരങ്ങളിൽ ഇനി അമ്പാട്ടി റായിഡുവിന്റെ കളി കാണാനാവില്ല. ടിട്വന്റിയിലും ഏകദിനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ എല്ലാ തരത്തിലുമുള്ള ദൈർഘ്യമേറിയ മത്സരങ്ങളിൽ നിന്ന് വിരമിക്കുകയാണെന്ന് അമ്പാട്ടി റായിഡു വ്യക്തമാക്കി. ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനെ കത്ത് മുഖേനെയാണ് റായിഡു ഇക്കാര്യം അറിയിച്ചത്. നിലവിൽ ഇന്ത്യയുടെ ഏകദിന ടീമിൽ നാലാം നമ്പർ ബാറ്റ്സ്മാനായാണ് റായിഡു കളിക്കുന്നത്. "ഹൈദരാബാദ് ക്യാപ്റ്റനും ഇന്ത്യൻ ഏകദിന ടീമംഗവുമായി അമ്പാട്ടി റായിഡു എല്ലാ തരത്തിലുമുള്ള ദൈർഘ്യമേറിയ മത്സരങ്ങളിൽ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിക്കുന്നു. രഞ്ജി ട്രോഫി അടക്കമുള്ള ദൈർഘ്യമേറിയ മത്സരങ്ങളിൽ ഇനി ഈവലങ്കയ്യൻ ബാറ്റ്സ്മാനുണ്ടാകില്ല. ടിട്വന്റിയിലും ഏകദിനത്തിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഈ തീരുമാനം. അന്താരാഷ്ട്ര തലത്തിലും ദേശീയ തലത്തിലുള്ള ഏകദിന, ടിട്വന്റി മത്സരങ്ങളിൽ കളിക്കുന്നത് തുടരും." ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു. കഴിഞ്ഞ വർഷങ്ങളിൽ നൽകിയ അവസരങ്ങൾക്ക് ബിസിസിഐയ്ക്കും എച്ച്സിഎയ്ക്കും (ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ) ബറോഡ ക്രിക്കറ്റ് അസോസിയേഷനും വിദർഭ ക്രിക്കറ്റ് അസോസിയേഷനും റായിഡു നന്ദി അറിയിച്ചു. രഞ്ജി ട്രോഫിയിൽ തമിഴ്നാടിനെതിരായ അടുത്ത മത്സരത്തിൽ അമ്പാട്ടി റായിഡു ഹൈദരാബാദിനായി ഇറങ്ങുമെന്ന പ്രതീക്ഷകൾക്കിടെയാണ് അപ്രതീക്ഷിത തീരുമാനമെത്തിയത്. വിൻഡീസിനെതിരായ ഇന്ത്യൻ ടീമിൽ ഉൾപ്പെട്ടിരുന്നതിനാൽ കേരളത്തിനെതിരായ രഞ്ജി ട്രോഫി ആദ്യ മത്സരം താരത്തിന് നഷ്ടമായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി 44 ഏകദിനങ്ങളും ആറു ടിട്വന്റിയും മുപ്പത്തിമൂന്നുകാരൻ കളിച്ചിട്ടുണ്ട്. 44 ഏകദിനങ്ങളിൽ നിന്ന് മൂന്നു സെഞ്ചുറിയടക്കം 1447 റൺസും ആറു ടിട്വന്റിയിൽ നിന്ന് 42 റൺസുമാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. അതേസമയം ഇതുവരെ ഇന്ത്യയ്ക്കായി ടെസ്റ്റ് കളിക്കാൻ റായിഡുവിന് അവസരം ലഭിച്ചിട്ടില്ല. 2013-14 കാലയളവിൽ ദക്ഷിണാഫ്രിക്ക, ന്യൂസീലൻഡ് പരമ്പരയ്ക്കുള്ള ടെസ്റ്റ് ടീമിൽ ഇടം പിടിച്ചിരുന്ന റായിഡുവിന് ആദ്യ പതിനൊന്നിൽ സ്ഥാനം നേടാൻ കഴിഞ്ഞിരുന്നില്ല. 2013ൽ ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ച ഹൈദരാബാദ് താരത്തിന് 2016ൽ സ്ഥാനം നഷ്ടപ്പെട്ടു. പിന്നീട് ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനായി പുറത്തെടുത്ത മികച്ച പ്രകടനത്തോടെ റായിഡു ഇന്ത്യൻ ടീമിൽ തിരിച്ചെത്തുകയായിരുന്നു. യോ യോ ടെസ്റ്റിൽ യോഗ്യത നേടിയ റായിഡു ഈ വർഷം ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയിരുന്നു. ഏഷ്യാകപ്പിലെ മികച്ച പ്രകടനത്തിന് പിന്നാലെ വിൻഡീസിനെതിരായ ഏകദിന പമ്പരയിലും നാലാം നമ്പറിൽ റായിഡു സ്ഥാനം കണ്ടെത്തി. വിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ഒന്നു വീതം സെഞ്ചുറിയും അർധ സെഞ്ചുറിയുമടക്കം 217 റൺസാണ് വലങ്കയ്യൻ ബാറ്റ്സ്മാൻ നേടിയത്. 17 വർഷം ആഭ്യന്തര ക്രിക്കറ്റിൽ കളിച്ച റായിഡു 97 മത്സരങ്ങളിൽ നിന്ന് 6151 റൺസ് നേടിയിട്ടുണ്ട്. 45.56 ബാറ്റിങ് ശരാശരിയിൽ 16 സെഞ്ചുറികളുടെ അകമ്പടിയോടെയാണിത്. 210 റൺസാണ് ഏറ്റവുമുയർന്ന സ്കോർ. Content Highlights: Ambati Rayudu retires from first class cricket
from mathrubhumi.latestnews.rssfeed https://ift.tt/2F3vtPP
via
IFTTT
No comments:
Post a Comment