ന്യൂഡൽഹി: റിസർവ്വ് ബാങ്കും കേന്ദ്രസർക്കാരും തമ്മിലുള്ള പോര് പരസ്യമായി തുടരുന്നതിനിടെ റിസർവ്വ് ബാങ്കിനെ സീറ്റ് ബെൽറ്റിനോട് ഉപമിച്ച് ബാങ്കിന്റെ മുൻ ഗവർണർ രഘുറാം രാജൻ. റിസർവ്വ് ബാങ്ക് സീറ്റ് ബെൽറ്റ് പോലെയാണ്. അതില്ലാതിരുന്നാൽ അപകടമുണ്ടാവുമെന്ന് ഉറപ്പാണ് എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ദേശീയസ്ഥാപനം എന്ന നിലയിൽ റിസർവ്വ് ബാങ്കിനെ സുരക്ഷിതമായി പരിഗണിക്കേണ്ടതാണ്. കേന്ദ്ര ധനമന്ത്രാലയവും റിസർവ്വ് ബാങ്കുമായുള്ള പ്രശ്നങ്ങൾ ഒട്ടും ആശാസ്യമല്ല. ഒരു ഗവർണറെയോ ഡപ്യൂട്ടി ഗവർണറെയോ നിയമിച്ചുകഴിഞ്ഞാൽ അവർ പറയുന്നത് കേൾക്കാനുള്ള ബാധ്യത സർക്കാരിനുണ്ട്. രഘുറാംരാജൻ അഭിപ്രായപ്പെട്ടു. ധനമന്ത്രാലയവും റിസർവ്വ് ബാങ്കും പരസ്പര ബഹുമാനത്തോടെ പെരുമാറിയാൽ തീർക്കാവുന്ന പ്രശ്നമേ ഇരുകൂട്ടർക്കുമിടയിൽ ഉള്ളൂ എന്നും രഘുറാം രാജൻ പറഞ്ഞു. സർക്കാർ സമ്മർദ്ദം ചെലുത്തിയാലും പറ്റില്ലെന്ന് പറയാനുള്ള അവകാശം റിസർവ്വ് ബാങ്കിനുണ്ട്. അതിനുള്ള ആർജവം ഉണ്ടാവണം. കേന്ദ്രബാങ്കിനെ നിയന്ത്രിക്കാനുള്ള പ്രവർത്തനങ്ങൾ സാമ്പത്തികമേഖലയ്ക്ക് ഗുണകരമാവില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. റിസർവ്വ് ബാങ്കിനെ വരുതിക്ക് നിർത്താനുള്ള സർക്കാർ നീക്കങ്ങൾ മഹാദുരന്തത്തിന് വഴിവയ്ക്കുമെന്ന് റിസർവ്വ് ബാങ്ക് ഡപ്യൂട്ടി ഗവർണർ വിരാൽ ആചാര്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആചാര്യയുടെ പരസ്യ പ്രസ്താവനയെത്തുടർന്ന് സർക്കാർ അസ്വസ്ഥമാണെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2ztxRcz
via
IFTTT
No comments:
Post a Comment