ബംഗളൂരു: കർണാടകത്തിൽ അഞ്ച് സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ സൂചനകൾ പ്രകാരം രണ്ട് ലോക്സഭാ സീറ്റുകളിലും രണ്ട് നിയമസഭാ മണ്ഡലങ്ങളിലും കോൺഗ്രസ്-ജെ.ഡി(എസ്) സഖ്യം മുന്നേറുന്നു. ബെല്ലാരിയിൽ കോൺഗ്രസും മാണ്ഡ്യയിൽ ജെഡിഎസ് സ്ഥാനാർഥിയും മികച്ച ലീഡ് നേടിക്കഴിഞ്ഞു. മാണ്ഡ്യയിലും ബെല്ലാരിയിലും സഖ്യ സ്ഥാനാർഥികൾ ഇതിനോടകം തന്നെ ഒരു ലക്ഷത്തിലധികം വോട്ടിന്റെ ലീഡ് നേടിക്കഴിഞ്ഞു. ശിവമോഗ ലോക്സഭാ സീറ്റിൽ മുൻ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ മകനും ബിജെപി സ്ഥാനാർഥിയുമായ ബി.വൈ രാഘവേന്ദ്രയാണ് ലീഡ് ചെയ്യുന്നത്. മുൻ മുഖ്യമന്ത്രി എസ് ബംഗാരപ്പയുടെ മകൻ മധു ബംഗാരപ്പയാണ് ഇവിടുത്തെ ജെഡിഎസ് സ്ഥാനാർഥി. നിയമസഭാ സീറ്റുകളായ രാമനഗരയിൽ മുഖ്യമന്ത്രി എച്ച്. ഡി കുമാരസ്വാമിയുടെ ഭാര്യ അനിതാ കുമാര സ്വാമി ലീഡ് ചെയ്യുമ്പോൾ, ജാംഘണ്ഡിയിൽ കോൺഗ്രസാണ് മുന്നിൽ. രാമനഗരയിൽ ബിജെപി സ്ഥാനാർഥിയായിരുന്ന എൽ ചന്ദ്രശേഖർ വോട്ടെടുപ്പിന്റെ രണ്ട് ദിവസം മുമ്പാണ് രാജിവെച്ച് കോൺഗ്രസിൽ ചേർന്നത്. കോൺഗ്രസ് മുന്നിട്ട് നിൽക്കുന്ന ബെല്ലാരി റെഡ്ഡി സഹോദരന്മാരുടെയും ബിജെപി നേതാവ് ശ്രീരാമലുവിന്റെയും തട്ടകമാണ്. ശ്രീരാമലു എംപി സ്ഥാനം രാജിവെച്ച് നിയമസഭയിലേക്ക് ജയിച്ചതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ശ്രീരാമലുവിന്റെ സഹോദരി ജെ ശാന്തയെയാണ് ഇവിടെ ബിജെപി കളത്തിലിറക്കിയത്. കോൺഗ്രസിലെ വി.എസ് ഉഗ്രപ്പ 60,000 ത്തിലധികം വോട്ടിനാണ് ഇപ്പോൾ ലീഡ് ചെയ്യുന്നത്. മാണ്ഡ്യയിൽ ജെഡിഎസ്സിലെ ശിവരാമെ ഗൗഡ ബിജെപിയിലെ സിദ്ധരാമയ്യക്കെതിരെ ഒരു ലക്ഷത്തിലധികം വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്. യെദ്യൂരപ്പയുടെ മകൻ മത്സരിക്കുന്ന ശിവമോഗയിൽ 30,000 ത്തോളം വോട്ടിന്റെ ലീഡാണ് രാഘവേന്ദ്രയ്ക്കുള്ളത്. മറ്റിടങ്ങളിലെല്ലാം വൻ മാർജിനിൽ കോൺഗ്രസ്-ജെഡിഎസ് സ്ഥാനാർഥികൾ ജയത്തിലേക്ക് നീങ്ങുകയാണ്. ജാംഘണ്ഡി മണ്ഡലത്തിൽ മുൻ കോൺഗ്രസ് എംഎൽഎ സിദ്ധു ന്യാമഗൗഡയുടെ മകൻ ആനന്ദ് ന്യാമഗൗഡയാണ് ബിജെപി സ്ഥാനാർഥി ശ്രീകാന്ത് കുൽക്കർണിയ്ക്കെതിരെ മത്സരിക്കുന്നത്. സഖ്യസർക്കാർ രൂപീകരിച്ചതിനു ശേഷം കോൺഗ്രസും ജെഡിഎസും ഒരുമിച്ച് ബിജെപിയെ നേരിടുന്ന തിരഞ്ഞെടുപ്പാണ് ഇത്. ഇരു വിഭാഗങ്ങൾക്കും ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ജനഹിത പരിശോധന കൂടിയാണ് ഉപതിരഞ്ഞെടുപ്പ്.
from mathrubhumi.latestnews.rssfeed https://ift.tt/2SIjsC5
via
IFTTT
No comments:
Post a Comment