തൊടുപുഴ: പഠിച്ചു മിടുക്കിയാകണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. എല്ലാമെല്ലാമായിരുന്ന അച്ഛന്റെ വിയോഗം മെറീനയുടെ മനസ്സിനെ ഉലച്ചെങ്കിലും അവൾ പതറിയില്ല. അച്ഛന്റെ മൃതശരീരം അന്ത്യശുശ്രൂഷകൾക്കായി വീട്ടിൽ കിടക്കുമ്പോൾ വിങ്ങുന്ന മനസ്സുമായി അവൾ കോളേജിൽ എത്തി പരീക്ഷയെഴുതി. അച്ഛന്റെ സ്വപ്നവും അനുഗ്രഹവുമായിരുന്നു അവളുടെ മനസ്സിന്റെ ശക്തി. കോളേജിനു പുറത്ത് സംരക്ഷണവലയമായി ബന്ധുക്കൾ കാത്തു നിന്നിരുന്നു. പരീക്ഷ കഴിഞ്ഞ് അച്ഛനെ അവസാനമായി കാണാൻ അവർക്കൊപ്പം വീട്ടിലേക്ക് . മെറിന്റെ അച്ഛൻ വിലങ്ങുപാറയിൽ വി.എം.മത്തായി (68) വ്യാഴാഴ്ച വൈകുന്നേരമാണ് മരിച്ചത്. അർബുദബാധയെത്തുടർന്നായിരുന്നു മരണം. തൊടുപുഴ ന്യൂമാൻ കോളേജിലെ ചരിത്രവിഭാഗത്തിലെ അവസാന വർഷ വിദ്യാർഥിനിയായ മെറീന അവസാനപരീക്ഷയുടെ തയാറെടുപ്പിലുമായിരുന്നു. വെള്ളിയാഴ്ച അഞ്ചാം സെമസ്റ്ററിലെ അവസാന ഇംഗ്ലീഷ് പരീക്ഷയായിരുന്നു. അച്ഛന്റെ അപ്രതീക്ഷിതമായ വിയോഗത്തോടെ അവളുടെ പരീക്ഷയെഴുതാനുള്ള മാനസികാവസ്ഥ നഷ്ടപ്പെട്ടിരുന്നു. മരണവാർത്തയറിഞ്ഞെത്തിയ സഹപാഠികളുടെയും അധ്യാപകരുടെയും നിർബന്ധത്തിനു വഴങ്ങിയാണ് പരീക്ഷഹാളിൽ എത്തിയത്. ആറു വർഷങ്ങൾക്കു മുമ്പ് ഹൃദയാഘാതത്തെത്തുടർന്ന് അമ്മ മരിച്ചതോടെ അച്ഛനായിരുന്നു മെറിന്റെ ലോകം. മെറീനയും അച്ഛനും താമസിച്ചിരുന്ന ഒറ്റമുറിയോടു കൂടിയ വീട് കൊച്ചുവീട്ടിലെ അവരുടെ ജീവിതം എല്ലാവർക്കും അദ്ഭുതമായിരുന്നു. മൂന്നാഴ്ചകൾക്കു മുമ്പ് ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ചികിത്സ തേടിയപ്പോഴാണ് അർബുദരോഗം മൂർച്ഛിച്ച വിവരം മെറീനയും മത്തായിയും അറിയുന്നത്. ചികിത്സകൾക്കൊണ്ട് പ്രയോജനമില്ലെന്നു ഡോക്ടർമാർ വിധിയെഴുതിയതോടെ അച്ഛനെ പരിചരിക്കുന്നതിനൊപ്പമാണ് മെറീന പഠനം കൊണ്ടുപോയിരുന്നത്. പഠനത്തിൽ മികവു പുലർത്തുന്ന മെറീന ഗായികകൂടിയാണ്. സർക്കാർ ഉദ്യോഗമെന്ന അച്ഛന്റെ സ്വപ്നം നേടിയെടുക്കാൻ അവൾക്കു കഴിയട്ടെയെന്നാണ് കൂട്ടുകാരുടെ പ്രാർഥന. വെള്ളിയാഴ്ച രണ്ടിന് ഇഞ്ചിയാനി സെന്റ് മത്തിയാസ് സി.എസ്.ഐ. പള്ളിയിലാണ് മരണാനന്തര ചടങ്ങുകൾ നടന്നത്. അച്ഛന്റെ വിയോഗത്തോടെ തനിച്ചായ മെറീനയ്ക്കു തണലായി ബന്ധുക്കളുടെ വലിയൊരു സംരക്ഷണവലയം തന്നെയാണുള്ളത്. content highlights:merina student from thodupuzha attends exam just one day after fathers death
from mathrubhumi.latestnews.rssfeed https://ift.tt/2zJXt4L
via
IFTTT
No comments:
Post a Comment