മഡ്ഗാവ്: മുഖ്യമന്ത്രി മനോഹർ പരീക്കറുടെ അനാരോഗ്യം വലയ്ക്കുന്നതിനിടെ ഗോവ ബിജെപിയിൽ കലാപക്കൊടി. പാർട്ടി സംസ്ഥാന അധ്യക്ഷൻ വിനയ് തെണ്ടുൽക്കറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ലക്ഷ്മി കാന്ത് പർസേക്കർ പരസ്യമായി രംഗത്തെത്തി. സ്വന്തംനിലയ്ക്ക് തീരുമാനമെടുക്കാൻ കഴിയാത്ത കാര്യപ്രാപ്തിയില്ലാത്ത അധ്യക്ഷൻ രാജിവെക്കണം. അല്ലെങ്കിൽ അദ്ദേഹത്തെ നീക്കാൻ കേന്ദ്ര നേതൃത്വം തയ്യാറാകണം-പർസേക്കർ ആവശ്യപ്പെട്ടു. പാർട്ടി താത്പര്യത്തെ മുൻനിർത്തിയാണ് താൻ ഇക്കാര്യം പറയുന്നത്. അല്ലാതെ വ്യക്തി വിരോധം കൊണ്ടല്ല. അദ്ദേഹം വെറുപാവയാണ്. തീരുമാനമെടുക്കാനുള്ള ശേഷിയില്ല. അദ്ദേഹത്തിന്റെ കീഴിലുള്ള പാർട്ടി സംവിധാനം ഒന്നാകെ അഴിച്ചുപണിയണം-പർസേക്കർ ആവശ്യപ്പെട്ടു. മുൻ ഉപമുഖ്യമന്ത്രി ഫ്രാൻസിസ് ഡിസൂസയുടെ വസതിയിൽ ചേർന്ന പാർട്ടി നേതാക്കളുടെ യോഗത്തിന് ശേഷമായിരുന്നു പർസേക്കറുടെ പ്രതികരണം. അനാരോഗ്യം പറഞ്ഞ് ഒഴിവാക്കിയതിൽ ഗോവ ബിജെപിയിലെ ന്യൂനപക്ഷ മുഖമായിരുന്ന ഡിസൂസ നേതൃത്വത്തോട് നീരസത്തിലാണ്. സർക്കാരിനെതിരെ കോൺഗ്രസ് നീങ്ങുന്നതിനിടെ രണ്ട് കോൺഗ്രസ് എംഎൽഎമാരെ വിശ്വജിത് റാണെയുടെ നേതൃത്വത്തിൽ രാജിവെപ്പിച്ച് ബിജെപി പാളയത്തിലെത്തിച്ചിരുന്നു. ഇവരിൽ ദയാനന്ദ് സോപ്റ്റയെ മാണ്ഡരിം മണ്ഡലത്തിൽ മത്സരിപ്പിക്കാനുള്ള ബിജെപി നീക്കമാണ് പർസേക്കറുടെ നേതൃത്വത്തിലുള്ളവരുടെ കലാപത്തിന് പിന്നിലെന്നാണ് സൂചന. കഴിഞ്ഞയാഴ്ച ഗോവ പിസിസി പ്രസിഡന്റ് ഗിരീഷ് ചോഡങ്കറുമായി പർസേക്കർ കൂടിക്കാഴ്ച നടത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായിരുന്നു. അടിച്ചിട്ട മുറിയിൽ നടന്ന കൂടിക്കാഴ്ചയിൽ പർസേക്കറെ സ്ഥാനാർഥിയാക്കാമെന്ന വാഗ്ദാനം കോൺഗ്രസ് മുന്നോട്ടുവെച്ചതായി റിപ്പോർട്ടുണ്ട്. മത്സരിക്കാൻ തയ്യാറല്ലെങ്കിൽ സോപ്റ്റയെ പരാജയപ്പെടുത്താൻ കോൺഗ്രസ് അദ്ദേഹത്തിന്റെ സഹായം തേടിയതായും സൂചനയുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മാണ്ഡരിം സീറ്റിൽ ദയാനന്ദ് സോപ്റ്റയോടാണ് അന്ന് മുഖ്യമന്ത്രിയായിരുന്ന പർസേക്കർ പരാജയപ്പെട്ടത്. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ താൻ നിലപാട് പ്രഖ്യാപിക്കുമെന്നാണ് പർസേക്കർ പറയുന്നത്. ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി വിരുദ്ധ ശക്തികളെ ഒരുമിപ്പിച്ച് സോപ്റ്റയ്ക്കെതിരെ അണിനിരത്താനാണ് ലക്ഷ്യമിടുന്നതെന്ന് ഗിരീഷ് ചോദങ്കർ പറഞ്ഞു. 2014-17 കാലത്ത് മുഖ്യമന്ത്രിയായിരുന്ന പർസേക്കർ പാർട്ടിയുടെ സംസ്ഥാനത്തെ മുതിർന്ന നേതാക്കളിൽ ഒരാളാണ്.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷി കോൺഗ്രസായിരുന്നെങ്കിലും അന്ന് പ്രതിരോധമന്ത്രിയായിരുന്ന പരീക്കറെ രംഗത്തിറക്കി ചെറുകക്ഷികളുടെ പിന്തുണയോടെ ബിജെപി സർക്കാർ രൂപവത്കരിക്കുകയായിരുന്നു
from mathrubhumi.latestnews.rssfeed https://ift.tt/2DbBkzR
via
IFTTT
No comments:
Post a Comment