ശബരിമല: വിശ്രമിക്കാനും നെയ്യഭിഷേകത്തിന് കാത്തിരിക്കാനും അനുവദിക്കാതെ സന്നിധാനത്തുനിന്ന് ഭക്തരെ പോലീസ് നിർബന്ധപൂർവം മടക്കി അയക്കുന്നത് തുടരുന്നു. കാണിക്ക അർപ്പിക്കാനും നിയന്ത്രണമുണ്ട്. പ്രതിഷേധക്കാരെ നേരിടാൻ കൊണ്ടുവന്ന നിയന്ത്രണങ്ങളിൽ ഭക്തരും വലയുകയാണ്. വെള്ളിയാഴ്ച രാത്രി നടയടച്ചശേഷം സന്നിധാനത്ത് വിരിവെച്ച കുട്ടികൾ ഉൾപ്പെടെയുള്ളവരെ പമ്പയിലേക്ക് പോലീസ് മടക്കിയയച്ചു. ഉറങ്ങിക്കിടന്നവരെ ലാത്തികൊണ്ട് തട്ടി ഉണർത്തിയാണ് മടങ്ങിപ്പോകാനാവശ്യപ്പെട്ടത്. താഴെതിരുമുറ്റത്ത് നിൽക്കാനും അനുവാദമില്ല. മടങ്ങിപ്പോകുന്നവരെ വലിയനടപ്പന്തലിനരികിലെ മേൽപ്പാലം വഴിയാണ് വിടുന്നത്. സാധാരണ തിരക്കേറിയ സമയത്തുമാത്രമാണ് ഈ വഴി ഉപയോഗിക്കുക. ആയിരക്കണക്കിന് ഭക്തർ വിരിവെക്കുന്ന വലിയനടപ്പന്തലിൽ ഇപ്പോൾ പോലീസ് മാത്രമാണുള്ളത്. താഴെ തിരുമുറ്റത്തെ വലിയമരങ്ങളുടെ തണലിൽ ഭക്തർ വിശ്രമിക്കാറുള്ളതാണ്. എന്നാൽ, ഇവിടെ ബാരിക്കേഡുകൾവെച്ച് അടച്ചു. വാവർ നടയിലേക്ക് പോകുന്നതിനും ഇത് തടസ്സമായി. ഇതുകടന്നുവേണം അപ്പം, അരവണ കൗണ്ടറിലേക്ക് പോകാൻ. വാവരുനടയിലെ വരുമാനത്തിൽ മൂന്നിലൊന്ന് കുറവു വന്നതായി വാവരുടെ പ്രതിനിധി പറഞ്ഞു. തിരക്കില്ലാതിരുന്നിട്ടും ശനിയാഴ്ച പകലും ഭക്തരെ സന്നിധാനത്ത് തങ്ങാൻ അനുവദിച്ചില്ല. മഹാകാണിക്ക അർപ്പിക്കുന്നതിനും തടസ്സം മലയിറങ്ങുന്ന ഭക്തർ പതിനെട്ടാംപടിയുടെ വലതുവശത്ത് നാളികേരമുടച്ച് തൊട്ടടുത്തുള്ള കൗണ്ടറിൽ മഹാകാണിക്ക അർപ്പിക്കാറുണ്ട്. ഇവിടേക്ക് കടക്കാനുള്ള ഭാഗം വടംകെട്ടി പോലീസ് കാവലിലാണ്. പോലീസുകാരോട് അനുവാദം വാങ്ങിയശേഷമേ ഭക്തർക്ക് ഉള്ളിലേക്ക് കടക്കാൻ കഴിയൂ. അതിനാൽ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള ഭക്തർ ഈഭാഗത്തേക്ക് പോകുന്നില്ല. ബോർഡിന് കടുത്ത പ്രതിഷേധം പോലീസിന്റെ അനാവശ്യ നിയന്ത്രണങ്ങളിൽ കടുത്ത പ്രതിഷേധത്തിലാണ് ദേവസ്വംബോർഡ്. വരുമാനത്തിൽ വൻകുറവ് ഉണ്ടായതായി അധികൃതർ പറയുന്നു. മഹാകാണിക്കയ്ക്കുസമീപമുള്ള അന്നദാന സംഭാവന കൗണ്ടറിൽ സാധാരണ മണ്ഡലകാലത്ത് ഒരു ദിവസം അഞ്ചുലക്ഷം രൂപ വരെ ലഭിക്കാറുണ്ട്. എന്നാൽ, ഇത്തവണ നട തുറന്നശേഷം കാര്യമായ സംഭാവന ലഭിച്ചിട്ടില്ല. ഭക്തരെ തടയുന്നതാണ് ഇതിനുകാരണമെന്നാണ് ബോർഡിന്റെ വിലയിരുത്തൽ. നിയന്ത്രണം കാരണം അയ്യപ്പന്മാർക്ക് പല കൗണ്ടറുകളിലും എത്താൻ കഴിയുന്നില്ലെന്ന് അവലോകന യോഗത്തിൽ പരാതിയുയർന്നു. ആഴിക്ക് സമീപമുള്ള അപ്പം, അരവണ കൗണ്ടറുകളിൽ വിൽപ്പന വളരെ കുറവാണ്. കാര്യമായ നിയന്ത്രണമില്ലാത്ത മാളികപ്പുറം ക്ഷേത്രത്തിന് സമീപത്തെ കൗണ്ടറിൽ നല്ല വിൽപ്പനയുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2OODjMH
via
IFTTT
No comments:
Post a Comment