മുംബൈ: ശബരിമല ദർശനത്തിന് എത്തി പ്രതിഷേധത്തെ തുടർന്ന് മടങ്ങേണ്ടി വന്ന് തൃപ്തി ദേശായിക്കെതിരെ മുംബൈയിലും പ്രതിഷേധം. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായിക്കെതിരെ വിമാനത്താവളത്തിനു മുന്നിൽ നിരവധി ആളുകൾ പ്രതിഷേധവുമായെത്തി. മലയാളികളായ വിശ്വാസികളാണ് തൃപ്തി ദേശായിക്കെതിരെ പ്രതിഷേധവുമായി മുംബൈ വിമാനത്താവളത്തിനു പുറത്തെത്തിയത്. നാമജപം നടത്തിയാണ് ഇവരുടെ പ്രതിഷേധം. ഇതേതുടർന്ന് തൃപ്തിക്ക് വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങാനായില്ല. വെള്ളിയാഴ്ച പുലർച്ചെയാണ് തൃപ്തി നെടുമ്പാശ്ശേരിയിലെത്തിയത്. എന്നാൽ വിശ്വാസികൾ പ്രതിഷേധ നാമജപവുമായി എത്തിയതോടെ വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കാതെ രാത്രി 9.30 ന് മുംബൈയ്ക്ക് തിരിച്ചുപോയി. തൃപ്തി ദേശായി തിരിച്ചെത്തിയ വിവരം അറിഞ്ഞാണ് പ്രതിഷേധക്കാർ മുംബൈ വിമാനത്താവളത്തിനുമുന്നിൽ തടിച്ചുകൂടിയത്. ശബരിമലയിലെത്താൻ ഇനിയും കേരളത്തിലേക്കെത്തുമെന്ന് ഇവർ തിരികെ പോകുന്നതിന് മുമ്പ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതാണ് മുംബൈയിലെ പ്രതിഷേധത്തിന് കാരണമെന്നാണ് വിവരം.
from mathrubhumi.latestnews.rssfeed https://ift.tt/2OO28Z7
via
IFTTT
No comments:
Post a Comment