ഇരിട്ടി: കുടക് ജില്ലയിലെ മൂന്ന് നഗരസഭകളിൽ ഉണ്ടായ കനത്ത തിരിച്ചടി ബി.ജെ.പി. ക്യാമ്പിൽ മ്ലാനത പരത്തി. ജില്ലയിലെ പാർട്ടിയുടെ സമ്പൂർണ ആധിപത്യത്തിന് ഇളക്കം തട്ടിയിരിക്കുകയാണ്. ജില്ലയിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലും എം.പി.യും ബി.ജെ.പി. പ്രതിനിധികളാണ്. കൂടാതെ, മടിക്കേരി ജില്ലാ പഞ്ചായത്തും ജില്ലയിലെ മൂന്ന് താലൂക്ക് പഞ്ചായത്തും മൂന്ന് നഗരസഭകളും വർഷങ്ങളായി പാർട്ടിയുടെ നിയന്ത്രണത്തിലായിരുന്നു. ഇതിൽ വീരാജ്‌പേട്ട, കുശാൽനഗർ, സോമവാർപേട്ട നരസഭകളിലാണ് പാർട്ടിക്ക് കാലിടറിയിരിക്കുന്നത്. ഇതിൽ സോമവാർപേട്ടയിൽ 22 വർഷത്തെ പാർട്ടിയുടെ ഭരണത്തിനാണ് അന്ത്യം കുറിച്ചിരിക്കുന്നത്. മൂന്ന് നഗരസഭകളിലും കോൺഗ്രസിന് അപ്രതീക്ഷിതനേട്ടം ഉണ്ടായപ്പോൾ സഖ്യകക്ഷിയായ ജനതാദളിന് പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ കഴിഞ്ഞില്ല. യദ്യൂരപ്പ ബി.ജെ.പി. വിട്ട് പുതിയ പാർട്ടി രൂപവത്കരിച്ച ശേഷം നടന്ന തിരഞ്ഞെടുപ്പിലും കുടക് ജില്ലയിൽ പാർട്ടിയുടെ ആധിപത്യത്തിന് ഇളക്കം തട്ടിയിരുന്നില്ല. 22 വർഷം ഭരിച്ച സോമവാർപേട്ട നഗരസഭയിൽ വെറും മൂന്നുസീറ്റ് മാത്രമാണ് ബി.ജെ.പി.ക്ക് ലഭിച്ചത്. നാലുസീറ്റുമായി കോൺഗ്രസ് മുന്നിലെത്തിയപ്പോൾ സഖ്യകക്ഷിയായ ജനതാദൾ മൂന്ന് സീറ്റ് നേടി. ഇവിടെ കോൺഗ്രസിന് കാര്യമായ സ്വാധീനം ഉണ്ടായിരുന്നില്ല. ജനതാദളിന് മുൻതൂക്കം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. പത്ത് വർഷത്തിലധികമായി അധികാരത്തിനു പുറത്തുനിൽക്കുന്ന കുശാൽനഗറിൽ ആറു സീറ്റുനേടി ബി.ജെ.പി.ക്ക് ഒപ്പം എത്താൻ കോൺഗ്രസിന് കഴിഞ്ഞു.വീരാജ്‌പേട്ടയിൽ 15 വർഷത്തിനുശേഷമുള്ള മികച്ച നേട്ടമാണ് കോൺഗ്രസ് നേടിയത്. ഇവിടെ അധികാരത്തിന്റെ വക്കോളം എത്താൻ കോൺഗ്രസ്-ജനതാദൾ സഖ്യത്തിനായത് ബി.ജെ.പി.യെ ഞെട്ടിച്ചു. ആറുമാസം മുൻപ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വീരാജ്‌പേട്ട നഗരസഭയിൽനിന്ന് ബി.ജെ.പി. സ്ഥാനാർഥി കെ.ജി.ബൊപ്പയ്യക്ക് മികച്ച ഭൂരിപക്ഷം ലഭിച്ചിരുന്നു. കാലാവധി പൂർത്തിയായ നഗരസഭയിൽ കോൺഗ്രസിന് രണ്ട് പ്രതിനിധികൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. കോൺഗ്രസും ജനതാദളും വേറിട്ടു മത്സരിച്ചപ്പോൾ നാലുസീറ്റുമായി പ്രതിപക്ഷ നേതൃസ്ഥാനത്തെത്തിയ ജനതാദളിന് കോൺഗ്രസുമായി ചേർന്ന് മത്സരിച്ചപ്പോൾ ഒരു സീറ്റിൽ ഒതുങ്ങേണ്ടിവന്നു. ജനതാദൾ പ്രതീക്ഷിച്ച വിജയം കൈവിട്ടതാണ് നഗരസഭയിൽ കോൺഗ്രസ്-ജനതാദൾ സഖ്യത്തിന് മേൽക്കൈ നഷ്ടമാക്കിയത്. ചില സീറ്റുകൾ വിജയിക്കുമെന്ന് തോന്നിച്ച എസ്.ഡി.പി.ഐ., വെൽഫെയർ പാർട്ടികൾക്ക് കാര്യമായ ചലനം ഉണ്ടാക്കാനായില്ല. ബി.ജെ.പി.യിൽനിന്ന് രാജിവെച്ച് സ്വതന്ത്രനായി മത്സരിച്ച മുൻ ചെയർപേഴ്‌സൺ ദേശമ്മയുടെ വിജയവും ബി.ജെ.പി.ക്ക് നാണക്കേടുണ്ടാക്കി. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഇവർ പാർട്ടിയിൽനിന്ന് രാജിവെച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/2AEOGTy
via
IFTTT
No comments:
Post a Comment