ന്യൂഡൽഹി: ശബരിമലയിൽ യുവതീ പ്രവേശന വിധി സംബന്ധിച്ച കോടതിയലക്ഷ്യ അപേക്ഷയിൽ തീരുമാനം എടുക്കുന്നതിൽനിന്ന് അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ പിൻമാറി. ബിജെപി അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ള, തന്ത്രി കണ്ഠര് രാജീവര് തുടങ്ങിയവർക്കെതിരെയുള്ള കോടതിയലക്ഷ്യ ഹർജിയിലാണിത്. രണ്ടു കോടതിയലക്ഷ്യ ഹർജികളാണ് അനുമതി തേടി അറ്റോർണി ജനറലിന്റെ മുന്നിലെത്തിയത്. എന്നാൽ അറ്റോർണി ജനറൽ അപേക്ഷകൾ സോളിസിറ്റർ ജനറൽ തുഷാർ മേത്തയ്ക്ക് കൈമാറുകയായിരുന്നു. ഇതിൽ രണ്ടു ദിവസത്തിനകം തീരുമാനം എടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അറ്റോർണി ജനറൽ പദവിയിലെത്തുന്നതിന് മുൻപ് കെ.കെ വേണുഗോപാൽ ശബരിമല കേസിൽ ഹാജരായിരുന്നു. സ്ത്രീപ്രവേശനത്തെ എതിർക്കുന്ന നിലപാടായിരുന്നു ദേവസ്വം ബോർഡിനുവേണ്ടി അദ്ദേഹം കോടതിയിൽ സ്വീകരിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് കോടതിയലക്ഷ്യ ഹർജിയിൽ തീരുമാനമെടുക്കുന്നതിൽ നിന്ന് മാറിനിൽക്കുന്നതെന്നാണ് കരുതുന്നത്. പുനപ്പരിശോധനാ ഹർജിയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകുകയോ ഏതെങ്കിലും വിധത്തിലുള്ള നടപടി എടുക്കുകയോ ചെയ്യാനും സാധ്യതയുണ്ട്. അങ്ങനെയെന്തെങ്കിലും വേണ്ടിവന്നാൽ അതിൽ അറ്റോർണി ജനറൽ നിയമോപദേശം നൽകേണ്ടതായി വരും. അത്തരമൊരു സാഹചര്യംകൂടി മുന്നിൽക്കണ്ടാണ് ഇപ്പോൾ കോടതിയലക്ഷ്യ ഹർജിയിൽ തീരുമാനമെടുക്കുന്നതിൽനിന്ന് പിൻമാറിയതെന്നാണ് സൂചന. ശബരിമല സ്ത്രീപ്രവേശനക്കേസിൽ ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ ന്യൂനപക്ഷവിധിയാണ് സ്വീകാര്യമെന്ന് ചൂണ്ടിക്കാട്ടി നേരത്തെ എജി രംഗത്തെത്തിയിരുന്നു. കോടതികൾ ജനങ്ങളുടെ വികാരവും മനസ്സിലാക്കണമെന്നും ഒരു ടെലിവിഷൻ ചാനലിന്റെ പരിപാടിയിൽ അറ്റോർണി ജനറൽ പറഞ്ഞിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2D0ixri
via
IFTTT
No comments:
Post a Comment