കൊച്ചി: ശബരിമല വിഷയത്തിൽ തന്ത്രി രാജീവര് തന്നെ വിളിച്ചില്ലെന്ന് പറഞ്ഞ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ് ശ്രീധരൻ പിള്ള കോടതിയിൽ നൽകിയ ഹർജിയിൽ തന്ത്രി വിളിച്ചുവെന്ന് സമ്മതിക്കുന്നു. കോഴിക്കോട് നടത്തിയ പ്രസംഗത്തിൽ തന്ത്രി തന്നെ വിളിച്ചുവെന്ന് പറഞ്ഞത് വിവാദമായിരുന്നു. ഇതോടെ ശനിയാഴ്ച ഈ നിലപാടിൽ നിന്ന് അദ്ദേഹം മലക്കം മറിയുകയായിരുന്നു. അതിനിടെയാണ് ഹൈക്കോടതിയിൽ പ്രസംഗത്തിന്റെ സി.ഡി.ഉൾപ്പെടെ നൽകിയ ഹർജിയുടെ വിശദാംശങ്ങൾ പുറത്തുവന്നത്. ശബരിമല വിഷയത്തിൽ ഉപദേശം തേടി തന്ത്രി തന്നെ വിളിച്ചില്ലെന്നും തന്ത്രി കുടുംബത്തിലെ ആരോ വിളിച്ചെന്നാണ് താൻ ഉദ്ദേശിച്ചതെന്നുമാണ് ശനിയാഴ്ച അദ്ദേഹം കോഴിക്കോട് നടത്തിയ പ്രസ്താവനയിൽ തിരുത്തിപ്പറഞ്ഞത്. പ്രസംഗം സമാധാന അന്തരീക്ഷം തകർക്കുന്ന തരത്തിലുള്ള ഇടപെടലാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യൻ ശിക്ഷാ നിയമം 505(1)ബി പ്രകാരം കോഴിക്കോട് കസബ പോലീസ് കേസെടുത്തിരുന്നു. ഇതിനെതിരെ തനിക്കെതിരെ ചുമത്തിയ കുറ്റം നിലനിൽക്കുന്നതല്ലെന്ന് സമർത്ഥിക്കാനാണ് അഭിഭാഷകൻ കൂടിയായ ശ്രീധരൻ പിള്ള ഹൈക്കോടതിയിൽ നൽകിയ ഹർജിക്കൊപ്പം പ്രസംഗത്തിന്റെ കൈയെഴുത്തുപ്രതിയും സി.ഡിയും ഹാജരാക്കിയത്. ശബരിമല തന്ത്രി കണ്ഠരര് രാജീവര് തന്നെ വിളിച്ചുവെന്നും അദ്ദേഹത്തിന് താൻ പിന്തുണ നൽകിയതായും പറയുന്ന ഭാഗം അതേപടി ഹർജിയിൽ പരാമർശിച്ചിട്ടുണ്ട്. സ്ത്രീപ്രവേശന വിഷയത്തിൽ പതിനായിരക്കണക്കിന് ആളുകളുടെ പിന്തുണയുണ്ടെന്നും തിരുമേനി ഒറ്റക്കല്ലെന്നും താൻ തന്ത്രിയോട് പറഞ്ഞതായും ശ്രീധരൻ പിള്ള ഹർജിക്കൊപ്പം നൽകിയ പ്രസംഗത്തിന്റെ കൈയെഴുത്തുപ്രതിയിലും ആവർത്തിക്കുന്നു. ശ്രീധരൻപിള്ളയുടെ ഹർജിയിൽ സർക്കാരിനോട് കോടതി വിശദീകരണം തേടിയിട്ടുണ്ട്. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
from mathrubhumi.latestnews.rssfeed https://ift.tt/2qGc5y3
via
IFTTT
No comments:
Post a Comment