തിരുവനന്തപുരം: ശബരിമല യുവതീപ്രവേശത്തിൽ സമവായംതേടിയുള്ള സർവകക്ഷി യോഗം വ്യാഴാഴ്ച രാവിലെ 11-ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടക്കും. നിയമസഭയിൽ പങ്കാളിത്തമുള്ള എല്ലാ കക്ഷികളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. തന്ത്രികുടുംബം, പന്തളം കൊട്ടാരം പ്രതിനിധികൾ എന്നിവർ പങ്കെടുക്കുന്ന പ്രത്യേകയോഗവും മുഖ്യമന്ത്രി വിളിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം മൂന്നിനാണിത്. സർവകക്ഷിയോഗത്തിനു മുന്നോടിയായി ബുധനാഴ്ച സർക്കാർതലത്തിലും അല്ലാതെയും തിരക്കിട്ട ചർച്ചകളും കൂടിയാലോചനകളും നടന്നു. ശബരിമലയിൽ രാഷ്ട്രീയ ഐക്യത്തിനും സമവായത്തിനുമാണ് സർക്കാർ ശ്രമിക്കുന്നത്. എന്നാൽ ചർച്ചയ്ക്കുവരുന്ന ആരുംതന്നെ മുൻനിലപാടുകളിൽനിന്ന് പിന്നോട്ടു പോകാനിടയില്ല. പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുന്ന ജനുവരി 22 വരെയെങ്കിലും യുവതീപ്രവേശം അനുവദിക്കരുതെന്നതാകും ഇവരുടെ ആവശ്യം. സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്ക് സ്റ്റേ ഇല്ലാത്ത സ്ഥിതിക്ക് ഈ ആവശ്യം അംഗീകരിക്കുന്നതിലെ അപ്രായോഗികത സർക്കാരിനും ദേവസ്വംബോർഡിനും ഉണ്ട്. നിയമോപദേശം ലഭിച്ചതും ഈ നിലയ്ക്കാണ്. വിശ്വാസികളുടെ അവകാശസംരക്ഷണവും സമവായനീക്കവും പ്രധാനമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും സംഘർഷം ഒഴിവാക്കാനാണ് ശ്രമമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ബുധനാഴ്ച വ്യക്തമാക്കി.പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള എന്നിവർ യോഗത്തിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. യോഗതീരുമാനം തൃപ്തികരമല്ലെങ്കിൽ അയ്യപ്പകർമസമിതി എടുക്കുന്ന തീരുമാനത്തിന് പിന്തുണ നൽകുമെന്ന് ശ്രീധരൻപിള്ള അറിയിച്ചു. പന്തളം കൊട്ടാരവും തന്ത്രികുടുംബവും പങ്കെടുക്കുമെന്ന് കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് പി.ജി. ശശികുമാർ വർമ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2qNbQkN
via
IFTTT
No comments:
Post a Comment