കുഴിത്തുറ:അരുമനയ്ക്കടുത്ത് സ്കൂളിൽക്കയറി അക്രമം കാട്ടിയ സർക്കാർ ജീവനക്കാരൻ രണ്ടുവിദ്യാർഥിനികളുൾപ്പെടെ നാലുപേരെ വെട്ടിപ്പരിക്കേൽപ്പിച്ചു. ചിതറാലിലെ എൻ.എം. വിദ്യാകേന്ദ്ര സ്കൂളിൽ ബുധനാഴ്ച രാവിലെയാണ് നാട്ടുകാരെയും വിദ്യാർഥികളെയും നടുക്കിയ സംഭവം നടന്നത്. അക്രമം നടത്തിയ തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് ഡ്രൈവർ ചിതറാൽ സ്വദേശി ജയ(48)നെ അറസ്റ്റ് ചെയ്തു. ഇതേ സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനികളായ നന്ദന, വർഷ, സ്കൂൾ ജീവനക്കാരൻ ജ്ഞാനമുത്തു, സമീപവാസി സുധീർ എന്നിവർക്കാണ് വെട്ടേറ്റത്. ഇവരെ സ്വാമിയാർമഠത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജയന്റെ വീടിനടുത്തുതന്നെയുള്ള സ്കൂൾ വളപ്പിൽ രാവിലെ ആറരയോടെ ആയുധങ്ങളുമായി കയറിയ ഇയാൾ അവിടെ നിർത്തിയിട്ടിരുന്ന സ്കൂൾ ബസുകളുടെ ചില്ലുകൾ ആദ്യം തകർക്കുകയായിരുന്നു. ശബ്ദംകേട്ട് ചിലർ എത്തിയെങ്കിലും ആയുധങ്ങൾ കണ്ടതിനാൽ അടുത്തുചെല്ലാൻ ധൈര്യപ്പെട്ടില്ല. ഇതിനിടെ സ്കൂൾ ഗേറ്റിന്റെ ഭാഗത്ത് രണ്ട് പെൺകുട്ടികൾ നിൽക്കുന്നതുകണ്ട് അക്രമി അവർക്കുനേരേ തിരിഞ്ഞു. തങ്ങളെ ആക്രമിക്കാൻ വരുന്നതുകണ്ട് ഭയന്നോടിയ കുട്ടികൾ റോഡിന്റെ ഏതിരേയുള്ള വീട്ടിൽ കയറി കതകടച്ചെങ്കിലും പിന്നാലെയെത്തിയ ഇയാൾ കതക് തള്ളിത്തുറന്ന് അകത്തുകയറി കുട്ടികളെ വാക്കത്തികൊണ്ട് പലപ്രാവശ്യം വെട്ടുകയാണുണ്ടായത്. മുതുകിലും തലയ്ക്കുമാണ് ഇവർക്ക് വെട്ടേറ്റത്. ആയുധത്തിന് മൂർച്ച കുറവായതിനാൽ പലപ്രാവശ്യം വെട്ടിയിട്ടും അപകടകരമായ മുറിവുകൾ ഉണ്ടായില്ല. കുട്ടികൾ ഉറക്കെ കരഞ്ഞപ്പോൾ പുറത്തിറങ്ങിയ ഇയാൾ വീണ്ടും സ്കൂളിൽ കയറി കംപ്യൂട്ടർ ഉൾപ്പെടെയുള്ള സാധനങ്ങൾ തകർക്കുകയും സ്കൂൾ ജീവനക്കാരൻ ജ്ഞാനമുത്തുവിനെ കത്തികൊണ്ട് കുത്തുകയും ചെയ്തു. ഇതിനിടെ മറ്റൊരു ജീവനക്കാരൻ സുനിൽ ജയനെ കമ്പുകൊണ്ട് അടിച്ച് ആയുധങ്ങൾ തെറിപ്പിച്ചു. ആയുധങ്ങൾ നഷ്ടപ്പെട്ടപ്പോൾ സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയ ജയനെ ജീവനക്കാരും അയൽവാസികളും ചേർന്ന് കീഴ്പ്പെടുത്തി അരുമന പോലീസിൽ ഏൽപ്പിച്ചു. ഇതിനിടെ അയൽവാസിയും ബന്ധുവുമായ സുധീറിനെ ജയൻ കുത്തി പരിക്കേൽപ്പിച്ചു. ജയന്റെ ഭാര്യ അധ്യാപികയായി ജോലി നോക്കുന്നതും രണ്ട് മക്കൾ പഠിക്കുന്നതും ഇതേ സ്കൂളിലാണ്. ഇയാൾ മദ്യലഹരിയിലായിരുന്നെന്നും സ്കൂൾ മാനേജരുമായുള്ള പ്രശ്നങ്ങളാണ് ഇയാളെ അക്രമത്തിന് പ്രേരിപ്പിച്ചതെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. സ്കൂൾ മാനേജരുടെ കുട്ടികളാണെന്ന് ധരിച്ചാണ് വിദ്യാർഥികളെ ജയൻ ആക്രമിച്ചതെന്നും പറയുന്നുണ്ട്. അരുമന പോലീസ് അന്വേഷണം നടത്തുന്നുണ്ട്. Content Highlight: Husband attacked wife students
from mathrubhumi.latestnews.rssfeed https://ift.tt/2B998MJ
via
IFTTT
No comments:
Post a Comment