തിരുവനന്തപുരം: കേരളത്തിന് ഏറെനാൾ കാത്തിരുന്ന് ലഭിച്ച മത്സരമായിരുന്നു നവംബർ ഒന്നിന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ഏകദിനം. വിൻഡീസിനെ തകർത്ത് ഇന്ത്യ ഒൻപതു വിക്കറ്റിന്റെ വിജയം നേടി പരമ്പര സ്വന്തമാക്കിയതും തിരുവനന്തപുരത്തായിരുന്നു. മത്സരത്തിൽ നാലു വിക്കറ്റ് വീഴ്ത്തിയ ജഡേജയായിരുന്നു മാൻ ഓഫ് ദ മാച്ച്. കളിയിലെ താരത്തിന് പേടിഎം നൽകിയ ഒരു ലക്ഷം രൂപയുടെ അവാർഡ് കാർഡ് ജഡേജ സ്വീകരിക്കുന്നത് കേരളം ഒന്നാകെ കണ്ടതുമാണ്. മത്സരങ്ങളിൽ സ്ഥിരമായി ഇത്തരം കാർഡുകൾ നൽകുന്നത് നമ്മൾ കാണാറുണ്ട്. എന്നാൽ മത്സരശേഷം ഇവയ്ക്ക് എന്താണ് സംഭവിക്കാറുള്ളതെന്ന് ആർക്കെങ്കിലും അറിയാമോ. തിരുവനന്തപുരത്ത് ജഡേജ ലഭിച്ച കാർഡ് എത്തിപ്പെട്ടത് മാലിന്യക്കൂമ്പാരത്തിലാണ്. മത്സര ശേഷം ടീമുകൾ മടങ്ങിയ ശേഷമാണ് ഇത് ഉപേക്ഷിക്കപ്പെട്ടത്. തിരുവനന്തപുരം കോർപ്പറേഷനിലെ ശുചീകരണ തൊഴിലാളിയായ ജയനാണ് മാലിന്യക്കൂമ്പാരത്തിൽ നിന്ന് ഈ കാർഡ് ലഭിച്ചത്. പ്രകൃതി എന്ന ഫേസ്ബുക്ക് കൂട്ടായ്മയാണ് അവരുടെ ഫേസ്ബുക്ക് പേജിലൂടെ ഈ ചിത്രം പുറത്തുവിട്ടത്. പ്രകൃതിക്ക് ഇണങ്ങാത്ത ഇത്തരം പ്ലാസ്റ്റിക് കാർഡുകൾ ഒഴിവാക്കിക്കൂടേ എന്നു ചോദിച്ചാണ് സംഘടന ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ക്രിക്കറ്റുമായി ബന്ധപ്പെട്ടവർക്ക് എന്തുക്കൊണ്ട് പ്രകൃതിക്ക് ബാധ്യതയാവാത്ത രീതിയിൽ പുരസ്കാര വിതരണം നടത്തിക്കൂടാ? ബിസിസിഐ ഇക്കാര്യം പരിഗണിക്കുമെന്ന് വിശ്വസിക്കുന്നു. പ്രകൃതിയെ നശിപ്പിക്കുന്ന പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള വസ്തുക്കൾ ഇത്തരം ചടങ്ങുകളിൽ നിന്ന് ഒഴിവാക്കുമെന്ന് കരുതുന്നു. ബി.സി.സി.ഐക്ക് ഒരു ജനതയെ മുഴുവൻ പ്രചോദിപ്പിക്കാൻ സാധിക്കും, എന്നുകൂടി കുറിച്ചാണ് പോസ്റ്റ് അവസാനിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ടീം, കെ.സി.എ, ധോനി, കോലി, ജഡേജ എന്നിവരെയെല്ലാം മെൻഷൻ ചെയ്താണ് പ്രകൃതി എന്ന പേജിൽ ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. Content Highlights: jadejas man of the match award in trivandrums cesspool
from mathrubhumi.latestnews.rssfeed https://ift.tt/2zAfsuy
via
IFTTT
No comments:
Post a Comment