റിയാദ്: വിദേശ തൊഴിലാളികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയതായി കൗൺസിൽ ഓഫ് സൗദി ചേംബേഴ്സ്. സ്വകാര്യ സ്ഥാപനങ്ങൾ ചെലവു ചുരുക്കലിന്റെ ഭാഗമായി വിദേശികളെ പിരിച്ചുവിട്ടിട്ടുണ്ടെന്നും ചേംബേഴ്സ് വ്യക്തമാക്കി. രാജ്യത്തെ ചെറുകിട സംരംഭകരും സ്വകാര്യ സ്ഥാപനങ്ങളും ചെലവു ചുരുക്കുകയാണ്. ഇതിന്റെ പ്രതിഫലനമാണ് വിദേശ തൊഴിലാളികളുടെ എണ്ണം കുറയാൻ കാരണമെന്ന് സൗദി ചേംബേഴ്സിന് കീഴിലെ ലേബർ മാർക്കറ്റ് കമ്മിറ്റി പ്രസിഡന്റ് എൻജിനീയർ മൻസൂർ അൽശത്രി പറഞ്ഞു. തൊഴിലാളികളുടെ എണ്ണം കുറക്കുകയും ഇവരെ കാര്യക്ഷമമായി വിന്യസിച്ചുമാണ് സ്വകാര്യ സ്ഥാപനങ്ങൾ മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. നിർമാണ മേഖലയിലെ കരാർ കമ്പനികളെ സാമ്പത്തിക മാന്ദ്യം ബാധിച്ചത് വിദേശ തൊഴിലാളികളുടെ എണ്ണം ഗണ്യമായി കുറയാൻ ഇടയാക്കി. വിദേശികൾ രാജ്യം വിട്ടതോടെ സ്വദേശിവൽക്കരണം ഉയർന്നിട്ടുണ്ട്. രാജ്യം വിട്ട വിദേശികളുടെ എണ്ണത്തിന് തുല്യമായ സ്വദേശികൾക്ക് തൊഴിൽ വിപണിയിൽ നിയമനം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിദേശികൾ ചെയ്തിരുന്ന എല്ലാ ജോലികളും സ്വീകരിക്കാൻ സ്വദേശികൾ സന്നദ്ധമല്ല. ഇത് ചുരുക്കം ചില മേഖലകളിലെ സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ഇടയാക്കി. ഇവിടങ്ങളിൽ ജോലി ചെയ്തിരുന്ന സ്വദേശികൾക്കും ഇതുവഴി തൊഴിൽ നഷ്ടം സംഭവിച്ചതായും എൻജിനീയർ മൻസൂർ അൽശത്രി പറഞ്ഞു. സൗദിയിൽ ഒരു വർഷത്തിനിടെ 9 ലക്ഷം വിദേശികൾക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്. എന്നാൽ ഇതിന് ആനുപാതികമായി സ്വദേശികൾക്ക് തൊഴിൽ നേടാൻ കഴിഞ്ഞിട്ടില്ല. സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാരുടെ എണ്ണത്തിൽ 5.7 ശതമാനം വർധനവാണ് രേഖപ്പെടുത്തിയതെന്ന് ജനറൽ സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ കണക്കുകൾ വ്യക്തമാക്കുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2Dk2zbk
via
IFTTT
No comments:
Post a Comment