തിരുവനന്തപുരം: നെയ്യാറ്റിൻകര കൊടങ്ങാവിളയിൽ ഡി.വൈ.എസ്.പി യുവാവിനെ വാഹനത്തിന്റെ മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് അട്ടിമറിക്കാൻ സി.പി.എമ്മും സർക്കാരും ശ്രമിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കൊല നടത്തി ഏഴ് ദിവസമായിട്ടും പ്രതിയെ പിടികൂടിയിട്ടില്ല. എ.എസ്.പിയാണ് ഈ കേസ് അന്വേഷിച്ചിരുന്നത്. പ്രതിയായ ഡി.വൈ.എസ്.പിയുടെ അതേറാങ്കാണ് എ.എസ്.പിക്ക്. ഒരേ റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കുന്നത് ശരിയല്ല. ഇപ്പോൾ ഐ.ജി അന്വേഷിക്കുമെന്ന് പറയുന്നു. അതും ഫലപ്രദമാകില്ല. സി.ബി.ഐ തന്നെ അന്വേഷിക്കണമെന്നാണ് ആ കുടുംബം ആവശ്യപ്പെടുന്നത്. പൊലീസ് നടത്തിയ അതിക്രമം പൊലീസ് തന്നെ അന്വേഷിച്ചാൽ കേസ് അട്ടിമറിക്കപ്പെടും. അതിനാൽ സി.ബി.ഐ തന്നെ അന്വേഷിക്കണം. അല്ലെങ്കിൽ വരാപ്പുഴയിൽ ശ്രീജിത്തിനെ ചവിട്ടിക്കൊന്ന കേസിന്റെ അവസ്ഥ നെയ്യാറ്റിൻകര കേസിലും ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. വൻവിവാദമുണ്ടാക്കിയെങ്കിലും ശ്രീജിത്ത് വധക്കേസിലെ പ്രതികളെല്ലാം ഇപ്പോൾ ജാമ്യത്തിലിറങ്ങുകയോ തിരികെ സർവ്വീസിൽ പ്രവേശിക്കുകയോ ചെയ്തിട്ടുണ്ട്. ആ കേസിൽ ആരോപണ വിധേയനായ ആലുവ റൂറൽ എസ്.പിക്കെതിരെ കേസുപോലുമുണ്ടായില്ല. സിബി.ഐയെ ആ കേസ് ഏല്പിക്കണമെന്ന് അന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നതാണ്. അത് ചെയ്യാത്തതിനാലാണ് കേസ് ഈ വിധമായത്. നെയ്യാറ്റിൻകര കൊലപാതകവും ഇതേ രീതിയിൽ അട്ടിമറിക്കാനാണ് സി.പി.എമ്മും സർക്കാരും ശ്രമിക്കുന്നത്. ചെന്നിത്തല ആരോപിച്ചു. നെയ്യാറ്റിൻകരയിൽ ഹരികുമാറിനെ രക്ഷപ്പെടുത്തിയത് പൊലീസുകാരാണ്. തിരുവനന്തപുരം ജില്ലയിലെ സി പി എം നേതാക്കളുടെ ഒത്താശയോടെയാണ് അയാളെ ഇപ്പോൾ സുരക്ഷിതമായി ഒളിപ്പിച്ചിരിക്കുന്നത്. സി.പി.എം നേതാക്കളും ഹരികുമാറും തമ്മിലുള്ള അവിശുദ്ധ ബന്ധം നാട്ടിൽ പാട്ടാണ്. അതിനിടെ ഈ കേസിലെ സാക്ഷികളെ ഗുണ്ടകൾ തുടർച്ചയായി ഭീഷണിപ്പെടുത്തുകയാണ്. പൊലീസ് ഒരു സംരക്ഷണംവും നൽകുന്നില്ല. സാക്ഷികൾ ഭയപ്പാടിലാണ്. ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത് തന്നെ കേസ് അട്ടിമറിക്കുന്നതിന് വേണ്ടിയാണ് എന്നു വ്യക്തമാവുകയാണ്. അത് കൊണ്ട് സി ബി ഐ അന്വേഷിച്ചാൽ മാത്രമെ പ്രതിയായ മുൻ ഡി വൈ എസ് പിയെ നിയമത്തിന്റെ മുന്നിൽ കൊണ്ടു വരാനാവൂ. സനൽകുമറിന്റെ വിധവയെയും, രണ്ടും പിഞ്ചു കുട്ടികളെയും സമര രംഗത്തേക്ക് ഇറക്കുന്ന നടപടി സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകാൻ പാടില്ലന്നും രമേശ് ചെന്നിത്തല പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2DvCCH3
via
IFTTT
No comments:
Post a Comment