ലണ്ടൻ/കോർഡോബ: സൗഹൃദ ഫുട്ബോൾ മത്സരങ്ങളിൽ ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീലിനും അർജന്റീനയ്ക്കും ജയം. ബ്രസീൽ യുറഗ്വായേയും അർജന്റീന മെക്സിക്കോയേയും പരാജയപ്പെടുത്തി. ലണ്ടനിലെ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബ്രസീലിന്റെ വിജയം. 76-ാം മിനിറ്റിൽ വിവാദ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ക്യാപ്റ്റൻ നെയ്മറാണ് ബ്രസീലിന് വിജയമൊരുക്കിയത്. ഡാനിലോയെ യുറഗ്വായ് താരം ഡിയേഗോ ലക്സാൾട്ട് ബോക്സിൽ വീഴ്ത്തിയതിനാണ് റഫറി പെനാൽറ്റി വിധിച്ചത്. ഫൗളില്ലെന്ന് ലൂയി സ്വാരസ് അടക്കമുള്ള യുറഗ്വായ് താരങ്ങൾ വാദിച്ചെങ്കിലും റഫറി വഴങ്ങിയില്ല. ഇരുപകുതികളിലും സമ്പൂർണ ആധിപത്യം പുലർത്തിയെങ്കിലും ബ്രസീലിന് യുറഗ്വായ് പ്രതിരോധം ഭേദിക്കാനായില്ല. അതേസമയം ഫൗൾ ചെയ്തിട്ടാണെങ്കിലും ബ്രസീലിനെ തടയണമെന്ന രീതിയിലായിരുന്നു യുറഗ്വായ് കളിച്ചത്. മത്സരത്തിൽ ആറു മഞ്ഞക്കാർഡുകളാണ് റഫറി പുറത്തെടുത്തത്. പ്രതിരോധത്തിൽ ഡിയഗോ ഗോഡിൻ, ഗിമിനെസ് എന്നീ പ്രധാന താരങ്ങളില്ലാതെയാണ് യുറഗ്വായ് ടീമിനെ ഇറക്കിയത്. ലോകകപ്പിനു ശേഷം ബ്രസീൽ നേടുന്ന തുടർച്ചയായ അഞ്ചാം ജയമാണിത്. അമേരിക്ക, എൽ സാൽവദോർ, സൗദി അറേബ്യ, അർജന്റീന എന്നിവർക്കെതിരെയായിരുന്നു മഞ്ഞപ്പടയുടെ വിജയങ്ങൾ. ലോക ചാമ്പ്യൻമാരായ ഫ്രാൻസിനെതിരെയാണ് യുറഗ്വായുടെ അടുത്ത മത്സരം. മെക്സിക്കോയെ തകർത്ത് അർജന്റീന കോർഡോബയിൽ നടന്ന മത്സരത്തിൽ മെക്സിക്കോയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് അർജന്റീന തോൽപ്പിച്ചത്. മത്സരത്തിലുടനീളം പന്തിൻമേലുള്ള ആധിപത്യം മെക്സിക്കോയ്ക്കായിരുന്നെങ്കിലും അവർക്ക് സ്കോർ ചെയ്യാനായില്ല. കഴിഞ്ഞ മാസം ബ്രസീലിനോടേറ്റ തോൽവിക്ക് പിന്നാലെ നേടിയ വിജയം അർജന്റീനയ്ക്ക് ആശ്വാസമായി. ആദ്യ പകുതിയുടെ അവസാന മിനിറ്റിൽ റമിറോ ഫ്യൂനസാണ് അർജന്റീനയ്ക്കായി ആദ്യം സ്കോർ ചെയ്തത്. 83-ാം മിനിറ്റിൽ ഐസക്ക് ബ്രിസുവേലയുടെ സെൽഫ് ഗോൾ അർജന്റീനയുടെ വിജയമുറപ്പിക്കുകയായിരുന്നു. സൂപ്പർതാരം മെസ്സിയുടെ അഭാവത്തിൽ പൗളോ ഡിബാലയും ലുതാരോ മാർട്ടിനസും അർജന്റീനയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തു. Content Highlights: brazil beat uruguay in international friendly argentina beats mexico
from mathrubhumi.latestnews.rssfeed https://ift.tt/2qNZEQU
via
IFTTT
No comments:
Post a Comment