പമ്പ: ചിത്തിര ആട്ടവിശേഷത്തിന് തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് ശബരിമല നട തുറക്കാനിരിക്കേ സന്നിധാനത്തും പരിസരത്തും പോലീസ് സുരക്ഷ ശക്തമാക്കി. സന്നിധാനത്ത് 15 വനിതാ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. 50 വയസിന് മുകളിലുള്ളവരാണ് ഇവർ. പമ്പയിൽ നൂറു വനിതാപോലീസുകാരെ എത്തിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാൽ അമ്പത് വയസ്സിന് മുകളിലുള്ള 15 പേരെക്കൂടി സന്നിധാനത്ത് എത്തിക്കും. ശബരിമലയിൽ യുവതീപ്രവേശം തടയാൻ അമ്പത് വയസ്സിന് മുകളിൽ പ്രായമുള്ള സ്ത്രീകളെ അണിനിരത്തി പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന് പോലീസ് രഹസ്യാന്വേഷണവിഭാഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആറുമേഖലകളിലായി 3000 പോലീസുകാരെയാണ് ശബരിമലയിൽ നിയോഗിച്ചിട്ടുള്ളത്. യുവതികൾ ദർശനത്തിനുവന്നാൽ തടസ്സമുണ്ടാക്കാൻ അനുവദിക്കില്ല, എന്നാൽ, വിശ്വാസത്തെ വ്രണപ്പെടുത്തുന്നതിന് ബോധപൂർവമെത്തുന്ന യുവതികളെ കടത്തിവിടില്ലെന്നും പോലീസ് പറഞ്ഞു. തുലാമാസ പൂജാസമയത്തുണ്ടായ വാഹനപരിശോധനയും പ്രതിഷേധവും അനുവദിക്കരുതെന്നും ആഭ്യന്തരവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. മൊബൈൽഫോണുകൾ നിരീക്ഷണത്തിൽ സന്നിധാനത്തും പമ്പയിലുമുള്ള വ്യക്തികളുടെ പൂർണവിവരങ്ങൾ ശേഖരിച്ച പോലീസ് അവരുടെ സൈബർ ഇടപെടലുകളും നിരീക്ഷിക്കുന്നുണ്ട്. സാമൂഹികമാധ്യമങ്ങളിലൂടെയുള്ള ഇടപെടൽ തടയുകയാണ് ലക്ഷ്യം. വ്യാപാരകേന്ദ്രങ്ങൾ, വിശ്രമകേന്ദ്രങ്ങൾ, അതിഥിമന്ദിരം, ഡോണർ ഹൗസുകൾ എന്നിവിടങ്ങളിൽ അനാവശ്യമായി ആരെയും തങ്ങാൻ അനുവദിക്കില്ല. പമ്പയിലെ ഓഫീസുകളിലെ വാഹനങ്ങളുടെ വിവരങ്ങളും പോലീസ് ശേഖരിച്ചു. പ്രതിഷേധക്കാർ വാഹനങ്ങളിലെത്താതിരിക്കാനാണിത്. പമ്പയിലും സന്നിധാനത്തും കൂടുതൽ നിരീക്ഷണക്യാമറകൾ സ്ഥാപിച്ചു. 12 മുഖംതിരിച്ചറിയൽ ക്യാമറകളും ശബരിമലയിൽ സ്ഥാപിച്ചിട്ടുണ്ട്. മുമ്പുനടന്ന പ്രതിഷേധങ്ങളിൽ അറസ്റ്റിലായവരുടെ ചിത്രങ്ങൾ പരിശോധിച്ച് ഇവരിലാരെങ്കിലും വീണ്ടുമെത്തുകയാണെങ്കിൽ കസ്റ്റഡിയിലെടുക്കും ഇരുമുടിയില്ലാത്തവരെ പ്രത്യേകം പരിശോധിക്കും ഇരുമുടിക്കെട്ടില്ലാതെ വരുന്നവരെ പ്രത്യേകം പരിശോധിച്ചേ മലകയറാൻ അനുവദിക്കൂ. സംശയം തോന്നിയാൽ ഉദ്യോഗസ്ഥന് ആളെ വീണ്ടും പരിശോധിക്കാം. തീർഥാടകരുെട കൈവശം ഏതെങ്കിലും തിരിച്ചറിയൽ കാർഡുണ്ടാകണം. അയ്യപ്പന്മാരുടെ വിശ്വാസത്തിന് കോട്ടംവരുന്ന നടപടികൾ ഉണ്ടാകരുതെന്ന് പോലീസുകാർക്ക് നിർദേശമുണ്ട്. മാധ്യമപ്രവർത്തകർക്ക് പമ്പയിലേക്കുള്ള നിയന്ത്രണം ഞായറാഴ്ച വൈകീട്ടോടെ പിൻവലിച്ചു. ദർശനത്തിനെത്തുന്നവരെ തിങ്കളാഴ്ച ഉച്ചയോടെ പമ്പയ്ക്ക് വിടും.
from mathrubhumi.latestnews.rssfeed https://ift.tt/2D1apqi
via
IFTTT
No comments:
Post a Comment