ചിലരൊക്കെ പറഞ്ഞാൽ സംഗതി പറഞ്ഞത് തന്നെയാണ്. അച്ചട്ടായി വരും. വലിച്ച് താഴെയിടും എന്ന് ദേശീയ നേതാവ് പറഞ്ഞത് വെറുതെയല്ല എന്നിപ്പോൾ അണികൾക്ക് പിടികിട്ടിക്കാണും. അമിത്ജി പറഞ്ഞത് പിണറായി സർക്കാരിനെ വലിച്ചു താഴെയിടുമെന്നാണെന്ന് ചില വിവര ദോഷികൾ പറഞ്ഞുപരത്തിയിരുന്നു. അമിത്ജിയുടെ ഹിന്ദി സാധാരണ ഹിന്ദിയല്ലെന്നും വിവർത്തനം ചെയ്യാൻ നിസ്സാരന്മാർക്കാവില്ലെന്നും കണ്ണന്താനംജി പറഞ്ഞതും ഇത്തരുണത്തിൽ സ്മരണീയമാണ്. ചില മന്ത്രങ്ങൾ ഇങ്ങനെയാണത്രെ. ഉരുവിടുന്നതിനിടയിൽ എവിടെയെങ്കിലും ഒന്നു പിഴച്ചാൽ തിരിച്ചടിക്കും. മന്ത്രവാദത്തിനും മന്ത്രത്തിനുമിടയിൽ ഒരു നിവൃത്തിയുണ്ടെങ്കിൽ പെട്ടുപോവരുതെന്ന് ഗുരുകാരണവന്മാർ പറയുന്നത് ഇതുകൊണ്ടാണ്. എന്തായാലും വ്യത്യസ്തമായ പാർട്ടിയെന്നു പറയുന്നതിതാണ്. എന്തു ചെയ്താലും ആത്യന്തികമായി കൈക്കോടാലിയുടെ ഫലം ചെയ്യും. അടച്ചിട്ട മുറിയിൽ പാർട്ടിയുടെ വിശ്വസ്തർ മാത്രമുള്ളിടത്ത് വിളിച്ചുപറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ പൊതുജന മദ്ധ്യത്തിൽ കിടന്ന് തിളച്ചുമറിയുന്നത്. പിള്ളേച്ചനോട് ഒത്തിരി ഇഷ്ടമുള്ള ആരോ ആണ് ഓഡിയോയും വീഡിയോയും മാദ്ധ്യമങ്ങൾക്ക് ചോർത്തിക്കൊടുത്തതെന്നറിയാൻ പാഴൂർ പടിപ്പുരയിൽ ആരെങ്കിലും പോകുമെന്നു തോന്നുന്നില്ല. പണ്ട് മെഡിക്കൽ കോഴയും ഇതുപോലെ തന്നെ പാർട്ടിക്കുള്ളിൽനിന്നാണ് പുറംലോകം അറിഞ്ഞത്. നാലംഗങ്ങളുണ്ടെങ്കിൽ അഞ്ചു നേതാക്കളുള്ള പാർട്ടിയാണ് കേരളത്തിലെ ബി.ജെ.പിയെന്ന് ശത്രുക്കൾ പാടിനടക്കുന്നതിൽ എന്തൊക്കെയോ പൊരുളുകളുണ്ടെന്ന് പിള്ളേച്ചൻ ഇപ്പോൾ ശരിക്കും അറിയുന്നുണ്ടാവണം. ആറ്റുനോറ്റിരുന്ന് കിട്ടിയ അദ്ധ്യക്ഷ സ്ഥാനമാണ് ഇപ്പോൾ കാറ്റിലാടുന്ന പുൽക്കൊടി പോലെ വിറയ്ക്കുന്നത്. രാത്രിക്ക് രാത്രി കുമ്മനം ചേട്ടനെ മിസോറാമിലേക്ക് നാടുകടത്തി ഒന്നര മാസത്തോളം സകലമാന നേതാക്കളെയും ഗ്രൂപ്പുകളെയും കണ്ണിലെണ്ണയൊഴിച്ച് നിരീക്ഷിച്ച ശേഷമാണ് പിള്ളേച്ചനെ കേന്ദ്രനേതൃത്വം കണ്ടെത്തിയത്. ഒരു തരത്തിൽ അതൊരു ആവാഹനമായിരുന്നു. ചെങ്ങന്നൂരിലെ പ്രതിക്രിയയിൽ പരിക്കേറ്റശേഷം വടക്കൻകളരിയിൽ ചികിത്സയിലും വിശ്രമത്തിലുമായിരുന്ന പിള്ളേച്ചനെ അമിത്ജി പിടിച്ചപിടിയാലെ കൊണ്ടുവരികയായിരുന്നു. അന്നേരം ഇന്ദ്രപ്രസ്ഥത്തിൽ ബി.ജെ.പി കേന്ദ്ര ആസ്ഥാനത്ത് കൊടിമരം രണ്ടായി പിളർന്നെന്നും ഉത്തരത്തിൽ സ്ഥാപിച്ചിരുന്ന ദീൻദയാലാശാന്റെ ഛായാപടം ആരോ എടുത്തിട്ടെന്നപോലെ നിലം പതിച്ചെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. കണിയാന്മാർ പൊുതുവെ സ്വന്തം കാര്യങ്ങൾ ഗണിച്ചറിയാറില്ലെന്നതുകൊണ്ട് സംഗതി അമിത്ജിയുടെ ദീർഘദൃഷ്ടിയിൽ പെട്ടിരുന്നില്ല. ഇതിപ്പോൾ കാര്യങ്ങൾ കൈവിട്ടുപോവുമെന്നാണ് എതിരാളികൾ പറയുന്നത്. സുപ്രീം കോടതി വിധിക്കെതിരെയുള്ള ഗൂഢാലോചനയാണ് സംഗതിയെന്ന് വ്യാഖ്യാനം വന്നുകഴിഞ്ഞു. ഒന്നു വീണുകിട്ടാൻ കാത്തിരുന്നതുപോലെയാണ് ചിലരുടെ പെരുമാറ്റം കാണുമ്പോൾ തോന്നുന്നത്. ശബരിമല സമരം കൊഴുക്കുമ്പോൾ അതിന്റെ ക്രെഡിറ്റ് ഒന്നേറ്റെടുക്കാൻ നോക്കിയത് ഇങ്ങനെയൊരു പൊല്ലാപ്പാകുമെന്ന് ആരാണ് കരുതിയത്. സാക്ഷാൽ അയ്യപ്പൻ കഴിഞ്ഞാൽ തന്ത്രിയദ്ദ്യേത്തിന് ആകെ വിശ്വാസമുള്ളത് നമ്മളെ മാത്രമാണ്. ആ നമ്മളോട് ചോദിച്ചിട്ടാണ് അദ്ദ്യേം നട വിഷയത്തിൽ ഒരു നിലപാടെടുത്തത് എന്ന് നമ്മൾ തന്നെ പറഞ്ഞില്ലെങ്കിൽ വേറെയാരാണ് അണികളോട് പറയുക. ആണ്ടി നല്ല അടിക്കാരനാണെന്ന് ആണ്ടിതന്നെ പറയുകയെന്നതാണല്ലോ രാഷ്ട്രീയത്തിലെ ഒരിത്. വരാനുള്ളത് പക്ഷെ, വഴിയിൽ തങ്ങില്ല. ഇരുമുടിക്കെട്ട് നിറച്ചു കഴിഞ്ഞു, അമിത്ജിയുടെ വിളി വരുംമുമ്പ് മല കയറുന്നതാണ് എന്തുകൊണ്ടും നല്ലത്. അപ്പോൾ യാത്ര പറച്ചിലില്ല, ചോർത്തിയവരോടും പ്രചരിപ്പിച്ചവരോടും ഒരു പകയുമില്ല. മലയിറങ്ങി തിരിച്ചുവരാൻ യോഗമുണ്ടെങ്കിൽ ബാക്കി അപ്പോൾ പറയാം. അല്ലെങ്കിലും ഒരു രാത്രി കൊണ്ട് എല്ലാം അവസാനിക്കില്ലല്ലോ !
from mathrubhumi.latestnews.rssfeed https://ift.tt/2F4Z0Zi
via
IFTTT
No comments:
Post a Comment