വെല്ലിങ്ടൺ: ചില തോന്നലുകൾക്ക് ചിലപ്പോൾ ജീവന്റെ വിലയുണ്ട്. നിമിത്തമാകാം, കൗതുകമാകാം അല്ലെങ്കിൽ നിയോഗമാകാം ഒരുപക്ഷേ ആ തോന്നലിലേക്ക് നയിച്ചിട്ടുണ്ടാകുക. ന്യൂസിലൻഡിൽ നിന്ന് വരുന്ന അത്ഭുതകമായ ഒരു രക്ഷപെടലിന്റെ കഥയ്ക്ക് പിന്നിലും അങ്ങനെയൊരു തോന്നലിന് നന്ദിപറയാം. ഗസ് ഹട്ട് എന്ന മധ്യവയസ്കൻ പതിവ് പോലെ അന്ന് മീൻപിടിക്കാൻ മറ്റാറ്റ ബീച്ചിലെത്തിയതായിരുന്നു. ചൂണ്ടയിൽ കുരുങ്ങുന്ന മീനിനായി കാത്തുനിൽക്കുമ്പോൾ അയാളുടെ കണ്ണിൽ ഒഴുകി നടക്കുന്ന ഒരു പാവക്കുട്ടി പെട്ടു. കടൽത്തീരത്ത് പതിവുള്ള കാഴ്ച തന്നെ. എങ്കിലും ഒരു തോന്നലിന്റെ പുറത്ത് അതെടുക്കാൻ അയാൾ തീരുമാനിച്ചു. ചൂണ്ടയിൽ നിന്ന് കൈ നേരെ ആ പാവക്കുട്ടിയിലേക്ക്. കൈയിലെടുത്ത അയാൾ അമ്പരന്നു. പാവക്കുട്ടി പോലെ തോന്നിച്ചത് ഒരു കുഞ്ഞിന്റെ ശരീരമായിരുന്നു. അയാൾ വാരിയെടുത്തു. അതേ അതിന് ജീവനുണ്ട്. അനക്കമില്ലാതെ കിടന്ന ആ കുരുന്നിനെ അവർ വാരിയെടുത്ത് പ്രാഥമിക ചികിത്സ നല്കിയ ശേഷം ആശുപത്രിയിലെത്തിച്ചു. അങ്ങനെ മരണത്തിന്റെ ഓളങ്ങളിൽ നിന്ന് ആ കുട്ടി ജീവന്റെ കരയിലേക്ക് സുരക്ഷിതനായി എത്തി. മലാഷി റീവ് എന്ന ഒന്നര വയസുകാരനെ ഹട്ട് കണ്ടെത്തുമ്പോൾ ജീവന്റെ തുടിപ്പുകൾ അവശേഷിച്ചിരുന്നു. മർഫി ഹോളിഡേ ക്യാമ്പിൽ മാതാപിതാക്കൾക്കൊപ്പം ഉല്ലാസയാത്രക്കെത്തിയതായിരുന്നു കുഞ്ഞ് റീവ്. ഉറക്കമുണർന്ന കുഞ്ഞ് ഇവർ താമസിച്ച ടെന്റിൽ നിന്ന് ബീച്ചിൽ കളിച്ച ഓർമ്മയ്ക്ക് ഇറങ്ങിപ്പോയതാവാമെന്നാണ് കരുതുന്നത്. കടൽതീരത്തെത്തിയ കുഞ്ഞ് തിരയിൽ പെട്ട് വെള്ളത്തിൽ വീണതാകാം. കുഞ്ഞിനെ കണ്ടെത്തിയ ഉടനെ തന്നെ റിസോർട്ട് അധികൃതരെ ഹട്ടിന്റെ ഭാര്യ വിവരമറിയിച്ചു. കുഞ്ഞിനെ തിരിച്ചറിഞ്ഞ അവർ റീവിന്റെ മാതാപിതാക്കളെ അറിയിച്ചു. സംഭവം നടക്കുന്നതിന്റെ തലേന്ന്(ഒക്ടോബർ 25) അവിടെ എത്തിയ മുതൽ കുഞ്ഞ് റീവ് കടൽതീരത്ത് തന്നെ സമയം ചെലവിട്ടതായി റീവിന്റെ അമ്മ പറഞ്ഞു. അവന് കടലും തീരവും വളരെ ഇഷ്ടമായിയെന്നും വീണ്ടും തീരത്തേക്ക് പോകാനാവും അവൻ ടെന്റിൽ നിന്ന് ഇറങ്ങിപ്പോയതെന്നും അവർ പറയുന്നു. കുഞ്ഞിന്റെ ശ്വാസകോശത്തിൽ വെള്ളം കയറിയെങ്കിലും അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതിന് ദൈവത്തെ വാനോളം സ്തുതിക്കുകയാണ് രക്ഷകനായിത്തീർന്ന ഹട്ടും മറ്റുള്ളവരും. കുട്ടിയെ ശ്രദ്ധിക്കാതെ കടന്നു പേകാൻ തോന്നാതിരുന്ന ആ നിമിഷത്തെ സ്തുതിക്കുകയാണ് ഹട്ടിനൊപ്പം കുഞ്ഞിന്റെ മാതാപിതാക്കളും. ന്യൂസിലൻഡിലെ വാട്ടർ സേഫ്ടി അധികൃതർ ഇതിനെ ഭാഗ്യമായി വിശേഷിപ്പിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2PgGxh9
via
IFTTT
No comments:
Post a Comment