കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ മുൻ വൈസ് ചാൻസലറും ചരിത്രകാരനും കവിയും നിരൂപകനും എഴുത്തുകാരനുമായ ഡോ. ടി.കെ. രവീന്ദ്രൻ (86) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ഏതാനും നാളുകളായി ആശുപത്രിയിലായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു അന്ത്യം. കോഴിക്കോട് പാറോപ്പടി ലാൻഡ് മാർക് വില്ലയിൽ '15 ഇതിഹാസി'ലായിരുന്നു താമസം. കോഴിക്കോട് പി.വി.എസ്. ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടറും മാതൃഭൂമി ഡയറക്ടറുമായ ഡോ. ടി.കെ. ജയരാജ് ഇളയ സഹോദരനാണ്. ആധുനിക കേരളചരിത്രപഠനത്തിൽ നിസ്തുല സംഭാവനകൾ നൽകിയിട്ടുള്ള രവീന്ദ്രൻ 1987 മുതൽ 1992 വരെ കാലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസലറായിരുന്നു. 1993 മുതൽ 1996 വരെ സംസ്ഥാന പിന്നാക്കസമുദായ കമ്മിഷൻ അംഗമായിരുന്നു. പാലക്കാട് കോങ്ങാട് ചോലയിൽ കുടുംബാംഗമായ ചന്ദ്രലേഖയാണ് ഭാര്യ. മക്കൾ: രാജീവ് (ബിസിനസ്, ആമ്പല്ലൂർ, തൃശ്ശൂർ), ബിജു (ബിസിനസ്, കോങ്ങാട്, പാലക്കാട്), പ്രീതി (കോഴിക്കോട്). മരുമക്കൾ: ബിനി (ആമ്പല്ലൂർ, തൃശ്ശൂർ), കനക (വളാഞ്ചേരി), വിനോദ് (ബിസിനസ്, കോഴിക്കോട്). മറ്റു സഹോദരങ്ങൾ: സാവിത്രി (ഫറോക്ക്), സതി (അയ്യന്തോൾ), പരേതരായ ഗംഗാധരൻ (വിമുക്തഭടൻ), ബാലകൃഷ്ണൻ (റിട്ട. പ്രിൻസിപ്പൽ, ഗവ. കോളേജ്, ചാലക്കുടി), സുരേന്ദ്രൻ (റിട്ട. ഇന്ത്യൻ റവന്യൂ സർവീസ്), സരോജിനി, സരസ്വതി. ശവസംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് പാലക്കാട് കോങ്ങാട് ബംഗ്ലാകുന്നിലെ മകന്റെ വസതിയായ 'ഇതിഹാസി'ൽ. ഡോ. ടി.കെ. രവീന്ദ്രൻ: കീഴാളചരിത്ര പഠനത്തെമുഖ്യധാരയിലെത്തിച്ച ചരിത്രകാരൻ കോഴിക്കോട്: കേരളത്തിലെ കീഴാളചരിത്ര പഠനത്തെ മുഖ്യധാരാ ചരിത്രത്തിന്റെ മുന്നണിയിൽ കൊണ്ടുവന്നുവെന്നതാണ് അന്തരിച്ച ഡോ. ടി.കെ. രവീന്ദ്രനെന്ന ചരിത്രകാരന്റെ പ്രസക്തി. ശ്രീനാരായണ നവോത്ഥാന ചരിത്രത്തെ ആധുനിക ഇന്ത്യൻ നവോത്ഥാനത്തിന്റെ മുഖ്യകണ്ണികളിലൊന്നാക്കി വിളക്കിച്ചേർത്തതിൽ അദ്ദേഹത്തിന്റെ പങ്ക് വലുതാണ്. മലയാളത്തിലും ഇംഗ്ലീഷിലും എഴുതിയിട്ടുള്ള അദ്ദേഹത്തിന്റെ കവിത ബി.ബി.സി. പ്രക്ഷേപണം ചെയ്തിട്ടുണ്ട്. വാഷിങ്ടൺ ആസ്ഥാനമായുള്ള ഇന്റർനാഷണൽ സൊസൈറ്റി ഓഫ് പോയറ്റ്സിന്റെ ഇന്റർനാഷണൽ പോയറ്റ് ഓഫ് മെറിറ്റ് അവാർഡ് ഉൾപ്പെടെയുള്ള ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തി. തൃശ്ശൂർ ജില്ലയിലെ വലപ്പാട്ട് മലബാർ ഡിസ്ട്രിക്ട് ബോർഡിൽ സ്കൂൾ അധ്യാപകനായിരുന്ന എടമുട്ടം തണ്ടയംപറമ്പിൽ കുഞ്ഞുകൃഷ്ണന്റെയും കാർത്യായനിയുടെയും നാലാമത്തെ മകനായി 1932 ഒക്ടോബർ 15-നാണ് രവീന്ദ്രൻ ജനിച്ചത്. എടമുട്ടം പ്രാഥമിക വിദ്യാലയം, കരിമ്പം സ്കൂൾ, വലപ്പാട്ടെ സെയ്ന്റ് സെബാസ്റ്റ്യൻ ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പാലക്കാട് വിക്ടോറിയ കോളേജിൽ ഇക്കണോമിക്സ് ബി.എ. കഴിഞ്ഞശേഷം ബോംബെ യൂണിവേഴ്സിറ്റിയിലെ വിൽസൺ കോളേജിൽനിന്ന് ചരിത്രത്തിൽ എം.എ.യും എൽഫിൻസ്റ്റൺ കോളേജിൽനിന്ന് പിഎച്ച്.ഡി.യും നേടി. ന്യൂ ലോ കോളേജിൽനിന്ന് നിയമബിരുദവുമെടുത്തു. 1957-ൽ ബോംബെ നാഷണൽ കോളേജിൽ ചരിത്രാധ്യാപകനായാണ് അധ്യാപകജീവിതം തുടങ്ങിയത്. 1962-ൽ ഇന്ത്യ-ചൈന യുദ്ധകാലത്ത് ആ ജോലി രാജിവെച്ചു. കേരള സർവകലാശാലയുടെ കോഴിക്കോട് കേന്ദ്രം ഗുരുവായൂരപ്പൻ കോളേജിൽ തുടങ്ങിയപ്പോൾ അവിടെ ആദ്യത്തെ ചരിത്രാധ്യാപകനായി. കാലിക്കറ്റ് സർവകലാശാല തുടങ്ങിയപ്പോൾ 1969-ൽ ചരിത്രവിഭാഗത്തിൽ റീഡറായി. അടുത്തവർഷം കേരള സർവകലാശാലയിലെ ചരിത്രവിഭാഗം പ്രൊഫസറായി. ജേണൽ ഓഫ് ഇന്ത്യൻ ഹിസ്റ്ററി, ജേണൽ ഓഫ് കേരള സ്റ്റഡീസ് എന്നിവയുടെ എഡിറ്ററായും പ്രവർത്തിച്ചു. സൗത്ത് ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ്, കേരള ഹിസ്റ്റോറിക്കൽ സൊസൈറ്റി എന്നിവയുടെ പ്രസിഡന്റായിരുന്നു. സർവകലാശാലാ ഭരണസമിതികൾ, ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ച്, നാഷണൽ ആർക്കൈവ്സ് ഉപദേശകസമിതി, ഹിസ്റ്റോറിക്കൽ റെക്കോഡ്സ് കമ്മിഷൻ, മലയാളം എൻസൈക്ലോപീഡിയ ഉപദേശകസമിതി എന്നിവയിൽ അംഗമായിരുന്നു.മലയാളത്തിലും ഇംഗ്ലീഷിലുമായി മുപ്പതിലേറെ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രധാന കൃതികൾ ചരിത്രസംബന്ധിയായവ:മലബാർ അണ്ടർ ബോംബെ പ്രസിഡൻസി, കോൺവാലീസ് സിസ്റ്റം ഇൻ മലബാർ, ടുവാർഡ്സ് എ ലിബറൽ പോളിസി, ആശാൻ ആൻഡ് സോഷ്യൽ റവല്യൂഷൻ ഇൻ കേരള, ഇൻസ്റ്റിറ്റ്യൂഷൻസ് ആൻഡ് മൂവ്മെന്റ്സ് ഇൻ കേരള, ഹിസ്റ്റോറിക്കൽ വ്യൂ ആൻഡ് റിവ്യൂസ്, ഹിസ്റ്ററി ഓഫ് സൗത്ത് ഇന്ത്യ, നെഹ്രൂസ് ഐഡിയ ഓഫ് ഹിസ്റ്ററി, എയ്റ്റ് ഫർലോങ്സ് ഓഫ് ഫ്രീഡം, സൗത്തിന്ത്യൻ ഹിസ്റ്റോറിയോഗ്രാഫി: പെർസ്പെക്ടീവ് ആൻഡ് പെറിൾസ്, ചരിത്രപഠനങ്ങൾ, ചരിത്രവും സംസ്കാരവും, ചരിത്രം എന്ത് എന്തിന്, ഇന്ത്യൻ ഫ്യൂഡലിസം എന്ന മിഥ്യ. കവിതാസമാഹാരങ്ങൾ: ആക്സിഡന്റ്ലി യുവേഴ്സ്, റണ്ണിങ് ടു ദി എറ്റേണൽ ഫോർജ്, നാച്വറലി യുവേഴ്സ്, ഇൻവിറ്റേഷൻ ടു സ്വീറ്റ്നെസ്, ഓൺ ദി അദർ ഷോർ, ഫെർട്ടൈൽ റോക്ക്, പാടാനൊരു ദിവസം, സത്യത്തിനെത്ര മുഖങ്ങൾ, എനിക്കു തരികീ പുഷ്പം, പുരാണവസന്തം.നിരൂപണം: ആശാന്റെ വിമർശനകല, എന്തിനയേ സ്വരാജ്യം, ആശാൻ-പരിവർത്തനകവി. ടി.കെ. രവീന്ദ്രൻ: കവിതകളെ പ്രണയിച്ച ചരിത്രകാരൻ കെ.കെ. അജിത്കുമാർ അച്ചടിച്ചതിലേറെ അച്ചടിക്കപ്പെടാത്ത കവിതകളുടെ ഉടമയാണ് ഡോ. ടി.കെ. രവീന്ദ്രൻ. മുപ്പതിനായിരത്തോളം കൈയെഴുത്തുപ്രതികളാണ് അച്ചടിക്കാത്ത കവിതകളായി അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ടായിരുന്നതെന്ന് മകൻ രാജീവ് പറയുന്നു. അവ പുസ്തകരൂപത്തിലായി കാണണമെന്ന മോഹം സാധിക്കാതെയാണ് അദ്ദേഹം വിടപറയുന്നത്. അധ്യാപകനും ചരിത്രകാരനും വൈസ് ചാൻസലറുമൊക്കെയായി പലപല ജീവിതഘട്ടങ്ങൾ പിന്നിട്ടപ്പോഴെല്ലാം സന്തതസഹചാരിയായിരുന്നത് കവിതയാണ്. എസ്.എസ്.എൽ.സി. പാസാകും മുമ്പുതന്നെ കവിത്രയം അടക്കമുള്ളവരുടെ കവിതകളൊക്കെ വായിച്ചു. കവിതാരചനയും തുടങ്ങി. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ മാതൃഭൂമിയിൽ ആദ്യ കവിത പ്രസിദ്ധീകരിച്ചിരുന്നു. സ്കൂൾ വിട്ടാൽ എസ്.എൻ.ഡി.പി. യോഗത്തിന്റെ ലൈബ്രറിയിൽ ചെന്നിരിക്കും. പാലക്കാട് വിക്ടോറിയയിൽ പഠിക്കുമ്പോഴും മലയാള സാഹിത്യത്തിലായിരുന്നു കമ്പം. എം.ടി. വാസുദേവൻ നായർ, ഒ.വി. വിജയന്റെ സഹോദരി ഒ.വി. ശാന്ത, അവരുടെ ഭർത്താവ് എ.കെ. ഗംഗാധരൻ, എസ്.എൻ.ഡി.പി. യോഗം പ്രസിഡന്റായിരുന്ന കെ.കെ. രാഹുലൻ എന്നിവർ സഹപാഠികളായിരുന്നു. മലയാളത്തോട് അത്ര ഇഷ്ടമായിരുന്നെങ്കിലും ചരിത്രകാരനാവാനായിരുന്നു അദ്ദേഹത്തിന്റെ നിയോഗം. ബോംബെ നാഷണൽ കോളേജിൽ ചരിത്രാധ്യാപകനായിരിക്കെയാണ് എൽഫിൻസ്റ്റൺ കോളേജിൽ പിഎച്ച്.ഡി.ക്ക് രജിസ്റ്റർ ചെയ്തത്. പ്രസിദ്ധ ചരിത്രകാരനായ ഡോ. ജോർജ് എം. മൊറെയ്സിന്റെ കീഴിലായിരുന്നു ഗവേഷണം. മലബാറിലെ ബ്രിട്ടീഷ് ജുഡീഷ്യൽ സംവിധാനത്തെക്കുറിച്ചായിരുന്നു പഠനം. കോൺവാലിസ് സിസ്റ്റം ഇൻ മലബാർ എന്നപേരിൽ അത് പ്രസിദ്ധീകരിച്ചു. വൈക്കം സത്യാഗ്രഹവും ഗാന്ധിജിയും എന്ന അദ്ദേഹത്തിന്റെ കൃതിയെക്കുറിച്ച്, ചരിത്രം എങ്ങനെയെഴുതണമെന്നതിനുള്ള ഉദാഹരണമാണ് ഈ പുസ്തകമെന്ന് പ്രൊഫ. ഹിരൺ മുഖർജി എഴുതി. ഇന്ത്യൻ ഫ്യൂഡലിസത്തെക്കുറിച്ച് ആർ.എസ്. ശർമ മുതൽ ഇ.എം.എസ്. വരെയുള്ളവരുടെ നിലപാടുകളെ തള്ളിക്കളയാൻ ഡോ. ടി.കെ. രവീന്ദ്രന് കഴിഞ്ഞത് ഇന്ത്യാ ചരിത്രത്തെക്കുറിച്ചുള്ള അസാധാരണമായ ഉൾക്കാഴ്ച കൊണ്ടാണ്. കേരളചരിത്രം ശരിയായ രീതിയിൽ ഇനിയും എഴുതപ്പെട്ടിട്ടില്ലെന്നാണ് അദ്ദേഹം പലപ്പോഴും അഭിപ്രായപ്പെട്ടത്. ശ്രീനാരായണീയ ദർശനങ്ങളാൽ സ്വാധീനിക്കപ്പെട്ടതാണ് ചെറുപ്പംമുതൽ അദ്ദേഹത്തിന്റെ ജീവിതം. മുംെബെയിലെ ജോലി രാജിവെച്ച് കോഴിക്കോട്ടെത്തിയ ശേഷമാണ് കവിതാരചനയിൽ പുതിയൊരു ഘട്ടം തുടങ്ങുന്നത്. മാതൃഭൂമിയിൽ കവിതകൾ പ്രസിദ്ധീകരിച്ചുപോന്നു. അന്ന് കോഴിക്കോട്ടുണ്ടായിരുന്ന കോലായ എന്ന സാഹിത്യക്കൂട്ടായ്മ ഇതിനു പറ്റിയ അന്തരീക്ഷമൊരുക്കുകയും ചെയ്തു. കവിതാവതരണവും ചർച്ചകളും നടത്തുകയായിരുന്നു കോലായയിൽ പ്രധാനപരിപാടി. ക്രിസ്ത്യൻ കോളേജിനടുത്തായിരുന്നു താമസം. അക്കിത്തവും ഉറൂബും കക്കാടും ആർ. രാമചന്ദ്രനും എം.ജി.എസ്. നാരായണനും എൻ.പി. മുഹമ്മദും ഒക്കെ അതിൽ പതിവുകാരായിരുന്നു. മലബാറിലെ മൺറോ സിസ്റ്റത്തെക്കുറിച്ചും ബ്രിട്ടീഷ് ഭരണത്തിൻ കീഴിലെ മലബാറിനെക്കുറിച്ചുമുള്ള ചരിത്ര പുസ്തകങ്ങൾ അക്കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ടു. 1971-ൽ കോഴിക്കോടൻ ജീവിതം അവസാനിപ്പിച്ച് തിരുവനന്തപുരത്തെത്തി. 1984 മുതലാണ് ഇംഗ്ലീഷ് കവിതകൾ രചിച്ചുതുടങ്ങിയത്. പിൽക്കാലത്തെഴുതിയതെല്ലാം ഒരു സ്വകാര്യം പോലെ സൂക്ഷിക്കുകയാണ് അദ്ദേഹം ചെയ്തത്. ദിനചര്യപോലെ എപ്പോഴും എഴുതിക്കൊണ്ടിരുന്ന അദ്ദേഹത്തിന് കവിത വലിയ സാന്ത്വനമായിരുന്നു. വേവലാതികളിൽ നിന്നുള്ള ആത്മഭാഷണമാണ് എനിക്ക് കവിത എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇവിടെ അധികം അറിയപ്പെട്ടില്ലെങ്കിലും ഇംഗ്ലീഷ് പ്രധാന ഭാഷയായ രാജ്യങ്ങളിൽ ഡോ. രവീന്ദ്രൻ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ബി.ബി.സി. അദ്ദേഹത്തിന്റെ കവിത ഷെല്ലി, ഷേക്സ്പിയർ, റോബർട്ട് ഫ്രോസ്റ്റ് എന്നിവരുടെ കവിതകളുടെ ഒപ്പം പ്രക്ഷേപണം ചെയ്തു. ദി ഡാർക്ക് ഫെയിം എന്ന ഈ കവിത അമേരിക്കയിൽ പ്രസിദ്ധീകരിച്ചു. ഇന്റർനാഷണൽ സൊസൈറ്റി ഓഫ് പൊയറ്റ്സ് എന്ന സംഘടന 1995-ൽ രവീന്ദ്രനെ പോയറ്റ് ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കുകയും ചെയ്തു. സമാനഹൃദയനായസ്നേഹിതൻ ഡോ. എം.ജി.എസ്. നാരായണൻ സാഹിത്യത്തിലും ചരിത്രത്തിലും ചിത്രരചനയിലുമൊക്കെ താത്പര്യമുണ്ടായിരുന്ന സമാനമനസ്കനായ ചങ്ങാതിയായിരുന്നു ഡോ. ടി.കെ. രവീന്ദ്രൻ. കേരള സർവകലാശാലയുടെ കോഴിക്കോട് കേന്ദ്രം ഗുരുവായൂരപ്പൻ കോളേജിൽ പ്രവർത്തിക്കുമ്പോൾ മുതലുള്ള ബന്ധമാണ് ഞങ്ങൾ തമ്മിൽ. അദ്ദേഹത്തിന്റെ ജ്യേഷ്ഠനെ മദ്രാസ് ജീവിതകാലത്തുതന്നെ പരിചയമുണ്ടായിരുന്നു. അനുജനുമായുള്ള പരിചയം അവിടംമുതൽ തുടങ്ങുന്നു. കാലിക്കറ്റ് സർവകലാശാലയിൽ ഒന്നിച്ചുപ്രവർത്തിച്ചിരുന്ന കാലത്ത് അടുത്തടുത്ത ക്വാർട്ടേഴ്സിലായിരുന്നു താമസം. അതുവഴി കുടുംബങ്ങൾ തമ്മിലുള്ള ബന്ധവും ശക്തമായി. കേരള സർവകലാശാലയുടെ ചരിത്രവിഭാഗത്തിലേക്ക് അദ്ദേഹം പോകുന്നതുവരെ ആ ബന്ധം ശക്തമായി തുടർന്നു. കോഴിക്കോട്ട് കവിയും അധ്യാപകനുമായ ആർ. രാമചന്ദ്രന്റെ വീട്ടിലെ സാഹിത്യ ചർച്ചകളിൽ സജീവമായി പങ്കെടുത്തിരുന്നു ടി.കെ. രവീന്ദ്രൻ. കോലായ എന്നപേരിൽ നടന്ന ആ ചർച്ചകളുടെ ഓർമകൾ വളരെ ആസ്വാദ്യമാണ്. ഉല്ലാസകരമായിരുന്നു അക്കാലം. ചരിത്രപഠനരീതിയിൽ മാത്രമല്ല, മറ്റുപലതിലും ഞങ്ങളുടെ താത്പര്യങ്ങൾ സമാനമായിരുന്നു. കവിതയും സാഹിത്യവും ചിത്രരചനയുമൊക്കെ അതിലുണ്ട്. ആരുടെ മുന്നിലും നട്ടെല്ല് വളയ്ക്കാത്തതായിരുന്നു അദ്ദേഹത്തിന്റെ പ്രകൃതം. ബോധ്യമുള്ള കാര്യങ്ങൾ തുറന്നുപറയുന്നതിൽ ഒരു മടിയുമുണ്ടായിരുന്നില്ല. എന്നാൽ, ആരോടും വൈരാഗ്യം സൂക്ഷിച്ചതുമില്ല. അക്കാദമിക് രംഗത്തെ ശുദ്ധീകരണത്തിനായി അക്ഷോഭ്യനായി നിലകൊള്ളുകയാണ് അദ്ദേഹം ചെയ്തത്. കേരളചരിത്രപഠനത്തിൽ അദ്ദേഹത്തിന്റെ സംഭാവനകൾ പ്രത്യേകം ശ്രദ്ധയർഹിക്കുന്നു. ആധുനികകേരള ചരിത്രത്തിലായിരുന്നു അദ്ദേഹത്തിന്റെ താത്പര്യം. അതേക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനങ്ങൾ പല വാള്യങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. തീരാനഷ്ടം-പി.വി. ഗംഗാധരൻ കോഴിക്കോട്: ഡോ. ടി.കെ. രവീന്ദ്രന്റെ വിയോഗം സമൂഹത്തിന് തീരാനഷ്ടമാണെന്ന് മാതൃഭൂമി ഡയറക്ടറും ചലച്ചിത്രനിർമാതാവുമായ പി.വി. ഗംഗാധരൻ അഭിപ്രായപ്പെട്ടു. ശ്രീനാരായണീയ ദർശനങ്ങൾ ഉൾക്കൊള്ളുന്ന കേരളത്തിന്റെ നവോത്ഥാനചരിത്രത്തെ ഇന്ത്യയുടെ ചരിത്രവുമായി ചേർത്തുവെച്ച ചരിത്രകാരനായിരുന്നു അദ്ദേഹം. കവി, നിരൂപകൻ എന്നീ നിലകളിലുള്ള അദ്ദേഹത്തിന്റെ സംഭാവനകളും എന്നും ഓർമിക്കപ്പെടുമെന്ന് അദ്ദേഹം അനുശോചനസന്ദേശത്തിൽ പറഞ്ഞു. മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.പി. വീരേന്ദ്രകുമാർ എം.പി., മാനേജിങ് എഡിറ്റർ പി.വി. ചന്ദ്രൻ, ജോയന്റ് മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ, ജോയന്റ് മാനേജിങ് എഡിറ്റർ പി.വി. നിധീഷ്, ഡയറക്ടർ പി.വി. ഗംഗാധരൻ എന്നിവർക്കുവേണ്ടി റീത്ത് സമർപ്പിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2AQOlNS
via
IFTTT
No comments:
Post a Comment