ശബരിമല : മണ്ഡലപൂജയ്ക്ക് തുടക്കമിട്ട് ശബരിമലവാസന്റെ പൊന്നമ്പലനട വെള്ളിയാഴ്ച തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരും മേൽശാന്തി എ.വി. ഉണ്ണികൃഷ്ണൻ നമ്പൂതിരിയും ശ്രീകോവിൽ വലംവെച്ചെത്തി തിരുനടയിലെ മണിയടിച്ച് നട തുറക്കും. തുടർന്ന് നെയ്വിളക്ക് തെളിച്ച് യോഗനിദ്രയിലുള്ള ഭഗവാനെ ഭക്തജനസാന്നിധ്യം അറിയിക്കും. നട തുറക്കുമ്പോൾ തലയിൽ ഉത്തരീയക്കെട്ടും കൈയിൽ ജപമാലയും കഴുത്തിൽ രുദ്രാക്ഷവുമണിഞ്ഞ് യോഗദണ്ഡുമായി ഭസ്മത്തിലഭിഷേകംചെയ്ത് ചിന്മുദ്രാങ്കിത യോഗസമാധി രൂപത്തിലായിരിക്കും ഭഗവാൻ. അപൂർവമായിമാത്രം കാണാൻ കഴിയുന്ന ഈ രൂപംകാണാൻ ആയിരങ്ങൾ വെള്ളിയാഴ്ചയെത്തും. ഭഗവാനെ അഭിഷേകം ചെയ്തിരിക്കുന്ന ഭസ്മം ഭക്തർക്ക് പ്രസാദമായി നൽകും. മണ്ഡലകാലത്തിനായി നട തുറക്കുന്ന വെള്ളിയാഴ്ച മാത്രമായിരിക്കും യോഗനിദ്രയിലുള്ള ഭഗവാനെ കാണാൻ കഴിയുക. വൃശ്ചികപ്പുലരിയിൽ യോഗനിദ്രവിട്ടുണർന്ന നിലയിലായിരിക്കും ഭഗവാൻ. മണ്ഡലമഹോത്സവം പൂർത്തിയാക്കി നട അടയ്ക്കുന്നതുവരെ ഇതേരൂപമായിരിക്കും. പതിവ് പൂജകളൊന്നും വെള്ളിയാഴ്ചയില്ല. ബെംഗളൂരു ശ്രീജെലഹള്ളി അയ്യപ്പക്ഷേത്ര മേൽശാന്തി പാലക്കാട് സ്വദേശി വി.എൻ. വാസുദേവൻ നമ്പൂതിരി മേൽശാന്തിയായി വെള്ളിയാഴ്ച ചുമതലയേൽക്കും. മാളികപ്പുറം മേൽശാന്തിയായി ആലപ്പുഴ ചെങ്ങന്നൂർ ഇരമല്ലിക്കര തിരുവൻവണ്ടൂർ മാമ്പറ്റ ഇല്ലം എം.എൻ. നാരായണൻ നമ്പൂതിരി സ്ഥാനമേൽക്കും. രാത്രി ഹരിവരാസനം പാടി നട അടച്ചശേഷം ഇപ്പോഴത്തെ മേൽശാന്തി എ.വി. ഉണ്ണികൃഷ്ണൻ നമ്പൂതിരി ശ്രീകോവിലിന്റെ താക്കോൽ പുതിയ മേൽശാന്തിക്ക് കൈമാറും. വൃശ്ചികപ്പുലരിയായ ശനിയാഴ്ച ശാസ്താവിന്റെയും മാളികപ്പുറത്തമ്മയുടെയും നടകൾ തുറക്കുന്നത് പുതിയ മേൽശാന്തിമാരാണ്. content highlights: sabarimala melsanthi,sabarimala
from mathrubhumi.latestnews.rssfeed https://ift.tt/2zdRaHp
via
IFTTT
No comments:
Post a Comment