ആഗ്ര: കസ്റ്റഡിയിലുള്ള യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയതിന് ആഗ്രയിലെ സിക്കന്ദാര പോലീസ് സ്റ്റേഷനിലെ മുഴുവൻ ഉദ്യോഗസ്ഥർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു. 32കാരനായ ഹേമന്ദ് കുമാറിനെ ഇയാളുടെ അമ്മയുടെ കൺമുന്നിൽവെച്ചാണ് മർദിച്ച് കൊലപ്പെടുത്തിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അയൽക്കാരനായ അൻഷുലിന്റെ മാല മോഷ്ടിച്ചെന്ന പരാതിയേത്തുടർന്ന് ബുധനാഴ്ച വൈകിട്ട് ഹേമന്ദ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അൻഷുലിന്റെ കെമിക്കൽ ഷോപ്പിൽ സഹായിയായി ജോലിചെയ്ത് വരികയായിരുന്നു ഹേമന്ദ്. ഹേമന്ദിനൊപ്പം ഇയാളുടെ അമ്മ റീനു ലാത്തയേയും പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മാനസിക തകരാറുള്ള തന്റെ മകനെപോലീസുകാർ ക്രൂരമായി തല്ലിച്ചതച്ചുവെന്ന് റീനു ലാത്ത പറഞ്ഞു. വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെ പോലീസ് തന്നെ വീട്ടിലെത്തിച്ചുവെന്നും പിന്നീട് ഒൻപത് മണിയോടെ മകൻ മരിച്ചതായി അവർ അറിയിക്കുകയായിരുന്നു എന്നും അവർ വ്യക്തമാക്കി. വെള്ളിയാഴ്ച വന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഹേമന്ദ് ഹൃദയാഘാതം വന്ന് മരിച്ചതായാണ് പറയുന്നത്. തോളിനും കൈകാലുകൾക്കും പരിക്കുകളുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ പോലീസ് സ്റ്റേഷനിലെ മുഴുവൻ ജീവനക്കാർക്കെതിരെയും രണ്ട് അയൽക്കാർക്കെതിരെയും കേസെടുത്തതായി പോലീസ് സൂപ്രണ്ട് അമിത് പഥക് അറിയിച്ചു. ഇൻസ്പെക്ടർ ഉൾപ്പെടെ മൂന്ന് പോലീസുകാരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായും അദ്ദേഹം അറിയിച്ചു. Content Highlight:Entire Agra police station booked for custodial death
from mathrubhumi.latestnews.rssfeed https://ift.tt/2BuAeOA
via
IFTTT
No comments:
Post a Comment