തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഡി.വൈ.എസ്.പി തള്ളിയിട്ടപ്പോൾ യുവാവ് കാറിടിച്ച് മരിച്ച സംഭവത്തിൽ പോലീസ് ചികിത്സ വൈകിപ്പിക്കാൻ ശ്രമിച്ചതായി ആംബുലൻസ് ഡ്രൈവറുടെ വെളിപ്പെടുത്തൽ. ഗുരുതരമായി പരിക്കേറ്റ സനലിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞെങ്കിലും നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്ക് പോയാൽമതിയെന്നായിരുന്നു പോലീസുകാരുടെ നിലപാടെന്ന് ആംബുലൻസ് ഡ്രൈവർ അനീഷ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്ന സനലിനെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകണമെന്നായിരുന്നു നാട്ടുകാരും ആവശ്യപ്പെട്ടത്. എന്നാൽ ആംബുലൻസിൽ കയറിയ പോലീസുകാർ ജനറൽ ആശുപത്രിയിലേക്ക് പോകാൻ പറഞ്ഞു. അഞ്ച് മിനിറ്റിനകം ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാനായിരുന്നു ഡോക്ടർമാരുടെ നിർദേശം. തുടർന്ന് ജനറൽ ആശുപത്രിയിൽനിന്ന് ആംബുലൻസ് മെഡിക്കൽ കോളേജിലേക്ക് യാത്രതിരിച്ചെങ്കിലും നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിലേക്ക് പോകാനായിരുന്നു പോലീസുകാരുടെ നിർദേശം. ആംബുലൻസിലുണ്ടായിരുന്ന പോലീസുകാരന് ഡ്യൂട്ടി മാറാനായിരുന്നു സ്റ്റേഷനിലേക്ക് പോയത്. തുടർന്ന് പോലീസ് സ്റ്റേഷനിലെത്തി മറ്റൊരു പോലീസുകാരൻ വന്നശേഷമാണ് ആംബുലൻസ് മെഡിക്കൽ കോളേജിലേക്ക് യാത്രതിരിച്ചത്. ഇതിനിടെ സംഭവസ്ഥലത്തുനിന്ന് ആശുപത്രിയിലേക്കും പോലീസ് സ്റ്റേഷനിലേക്കുമുള്ള യാത്രയ്ക്കിടെ വേഗത കുറയ്ക്കാനും പോലീസുകാർ ആവശ്യപ്പെട്ടെന്നും ആംബുലൻസ് ഡ്രൈവർ അനീഷ് പറഞ്ഞു. നെയ്യാറ്റിൻകരയിൽനിന്ന് മെഡിക്കൽ കോളേജിലേക്കുള്ള യാത്രയ്ക്കിടെയാണ് ഗുരുതരമായി പരിക്കേറ്റ സനൽ മരണപ്പെടുന്നത്. ആംബുലൻസ് പട്ടത്ത് എത്തിയപ്പോഴേക്കും സനൽ മരിച്ചുവെന്നാണ് പോലീസും പറഞ്ഞത്. അപ്പോഴേക്കും അപകടം നടന്ന് ഏകദേശം ഒന്നര മണിക്കൂറോളം വൈകിയിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2Owci0v
via
IFTTT
No comments:
Post a Comment