ഭരണഘടന വെല്ലുവിളിയായപ്പോഴാണ് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. വിവരവും വിവേകവും ഒരുപോലെയുണ്ടായിരുന്ന പി എൻ ഹക്സറെപ്പോലുള്ള പരിണതപ്രജ്ഞരായ ഉദ്യോഗസ്ഥരെ കൈവിട്ട് സഞ്ജയ്ഗാന്ധിയുടെയും സിദ്ധാർത്ഥ് ശങ്കർ റേയുടെയുമൊക്കെ വാക്കുകൾ കേട്ട് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോൾ തന്റെ ജിവിതത്തിലെ ഏറ്റവും വലിയ കുരിശാണ് താൻ സ്വയമെടുത്തു തോളിൽ വെയ്ക്കുന്നതെന്ന് ഇന്ദിരാഗാന്ധി കരുതിക്കാണില്ല. അല്ലെങ്കിലും വിനാശകാലേ വിപരീതബുദ്ധി എന്നത് സാധാരണക്കാർക്കു മാത്രമല്ല ഏകാധിപതികൾക്കും ബാധകമാണ്. 1971 ൽ പാക്കിസ്താനുമായുള്ള യുദ്ധമാണ് ഇന്ദിരയെ മാറ്റിമറിച്ചത്. പാക്കിസ്താനെ രണ്ടാക്കി ബംഗ്ളാദേശിന് ജന്മം കൊടുത്ത ആ യുദ്ധത്തിലെ വിജയം ശരിക്കും ഇന്ദിരയുടെ തലയ്ക്കു പിടിച്ചു. യുദ്ധത്തിന്റെ മുഖം ഇന്ദിരയായിരുന്നെങ്കിലും അതിനു പിന്നിലെ തലച്ചോർ ഹക്സറിന്റേതായിരുന്നു. ബാങ്ക് ദേശസാൽക്കരണവും പ്രിവി പഴ്സ് നിർത്തലാക്കലുമുൾപ്പെടെ ഇന്ദിരയെ ഇന്ദിരയാക്കിയ നയങ്ങൾക്കു പിന്നിലെ ബുദ്ധികേന്ദ്രവും പരമേശ്വർ നാരായൻ ഹക്സർ എന്ന കാശ്മീരി ബ്രാഹ്മണനായിരുന്നു. പക്ഷേ, ഇന്ദിരയുടെ മകൻ സഞ്ജയിന് ഹക്സറിനെ ഇഷ്ടമായിരുന്നില്ല. സഞ്ജയിന്റെ സ്വപ്നമായിരുന്ന മാരുതി പദ്ധതിയോട് ഹക്സർ തുടക്കം മുതലേ അനിഷ്ടം പ്രകടപിപ്പിച്ചിരുന്നു. photo:PTI കാറുകളല്ല പൊതു ഗതാഗതത്തിന്റെ വ്യാപനമാണ് ഇന്ത്യയ്ക്കു വേണ്ടതെന്നായിരുന്നു ഹക്സറിന്റെ നിലപാട്. സഞ്ജയ് പ്രധാനമന്ത്രിയുടെ വസതിയിൽ താമസിച്ചുകൊണ്ട് സ്വന്തം അജണ്ടകൾ നടപ്പാക്കാൻ ശ്രമിക്കുന്നതും ഹക്സർ ഇഷ്ടപ്പെട്ടില്ല. ഈ അനിഷ്ടങ്ങൾക്ക് പക്ഷേ, അടിയന്തരാവസ്ഥയിൽ ഹക്സർ വിലകൊടുക്കേണ്ടി വന്നു. ഹക്സറിന്റെ അമ്മാവൻ 85 കാരൻ പണ്ഡിറ്റ് ഹക്സറിനെ അദ്ദേഹം നടത്തിയിരുന്ന ടെക്സ്റ്റയിൽസ് ഷോപ്പിലെ ചില തുണിത്തരങ്ങൾക്ക് മേൽ വില കാണിക്കുന്ന സ്റ്റിക്കർ ഇല്ല എന്ന കാരണം ചൂണ്ടിക്കാട്ടി ഡെൽഹി പോലീസ് അറസ്റ്റ് ചെയ്തപ്പോൾ നിസ്സഹായനായി നോക്കി നിൽക്കാനേ ഹക്സറിനു കഴിഞ്ഞുള്ളൂ. ഒടുവിൽ ഹക്സറിന്റെ ചില അടുത്ത അടുത്ത സുഹൃത്തുക്കളാണ് ഇന്ദിരയോട് കാര്യങ്ങൾ പറഞ്ഞ് പണ്ഡിറ്റ് ഹക്സറെ പുറത്തിറക്കിയത്. 1968 നും 73നും ഇടയിൽ ഇന്ത്യയിലെ ഏറ്റവും ശക്തനായ ഉദ്യോഗസ്ഥനായിരുന്ന ഒരു മനുഷ്യനാണ് ഈ അനുഭവമുണ്ടായത്. ഭരണകൂടം ഫാസിസത്തിന്റെ വഴികളിലേക്ക് നീങ്ങുമ്പോൾ ആരും അതിന്റെ ഇരകളാവാം എന്ന് ചൂണ്ടിക്കാണിക്കാനാണ് ഇത്രയും എഴുതിയത്. ഇന്ദിരയെ വിമർശിക്കുമ്പോഴും ഉള്ളിന്റെയുള്ളിലെവിടെയോ ഇന്ദിര പണ്ടു നടന്ന വഴികളിലൂടെ നടക്കണമെന്ന മോഹം പ്രധാനമന്ത്രി നരേന്ദ്രമോദിക്കുണ്ടെന്ന നിരിക്ഷണം തള്ളിക്കളയാനാവില്ല. നിങ്ങൾ ഏറ്റവും ശക്തമായി എതിർക്കുന്നവരാവാം ഒരപക്ഷേ, നിങ്ങളെ ഏറ്റവും ആഴത്തിൽ സ്വാധീനിക്കുന്നത്. ഭരണഘടനാ സ്ഥാപനങ്ങൾ ഒന്നൊന്നായി തകർത്തുകൊണ്ടാണ് ഇന്ദിര അടിയന്തരവാസ്ഥയിലേക്ക് നീങ്ങിയത്. സുപ്രീംകോടതി പോലും ആ ദിനങ്ങളിൽ ദുർബ്ബലവും ക്ഷീണിതവുമായി. നോട്ട് നിരോധനമന്നെ വിഭ്രാത്മകവും സംഹാരാത്മകവുമായ സാമ്പത്തിക ആശയം നടപ്പാക്കാൻ മോദിക്ക് കൂട്ടു നിന്ന ഊർജിത് പട്ടേൽ എന്ന റിസർവ്വ് ബാങ്കിന്റെ അമരക്കാരൻ ഇപ്പോൾ മോദിയുടെ വഴിയിൽ നിന്ന് മാറി നടക്കാനുള്ള ശ്രമത്തിലാണെന്നാണ് റിപ്പോർട്ടുകൾ. സിബിഐ എന്ന ഇന്ത്യയുടെ പുകഴ്പെറ്റ കുറ്റാന്വേഷണ വിഭാഗം അനിതരസാധാരണമായ വിശ്വാസ തകർച്ചയാണ് ഇന്ന് നേരിടുന്നത്. പ്രധാനമന്ത്രിയുടെ റാലികൾ നോക്കി തിരഞ്ഞെടുപ്പ് തിയ്യതികൾ കുറിക്കുന്ന ഒരു സ്ഥാപനമെന്ന നിലയിലേക്ക് ടി എൻ ശേഷനും ജെ എം ലിങ്ദൊയുമൊക്കെ നയിച്ചിരുന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ അധഃപതിച്ചിരിക്കുന്നു. സുപ്രീം കോടതി ഒന്നു മാത്രമാണ് ഈ പരീക്ഷണ ദിനങ്ങളിൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ ആശാകേന്ദ്രമാവുന്നത്. ഇന്ദിരയുടെ ഏകാധിപത്യ പ്രവണതകൾക്കെതിരെ സുശക്തമായൊരു പ്രതിപക്ഷ നിര ഇന്ത്യയിലുണ്ടായിരുന്നു. ജയപ്രകാശ് നാരായൻ എന്ന പ്രകാശഗോപുരം ആ നിരയുടെ തലപ്പത്തുണ്ടായിരുന്നു. മൊറാർജിയെയും വാജ്പേയിയെയും ജോർജ്ഫെർണാണ്ടസിനെയും സുബ്രഹ്മണ്യൻസ്വാമിയെയും കരുണാനിധിയെയും ഇ എം എസിനെയും ഒന്നിച്ചണിനിരത്താൻ കഴിവുണ്ടായിരുന്ന ജെ പിയെ പോലൊരു നേതാവിന്റെ അഭാവം ഇന്ത്യ അറിയുന്ന ദിനങ്ങളാണിത്. ഇന്ത്യൻ ജനാധിപത്യത്തിന്റെ വഴികൾ പലപ്പോഴും വിചിത്രമാണ്. ഇന്ദിരയും മോദിയുമൊക്കെ ജനാധിപത്യത്തിന്റെ സന്തതികളാവുന്നത് അതുകൊണ്ടുതന്നെയാണ്. പക്ഷേ, വഴിവിട്ടു നടക്കുന്ന മക്കളെ നേർവഴിക്ക് നടത്താൻ ജനാധിപത്യത്തിന് അതിന്റേതായ രീതികളുണ്ട്. 1977 ൽ ഇന്ദിര അനുഭവിച്ചറിഞ്ഞ പാഠമാണിത്. നരസിംഹറാവു അധികാരത്തിലേറിയ 1991 ൽ നെഹ്രു കുടുംബം ഇന്ത്യൻ ജനാധിപത്യത്തിന്റെ ഈ സവിശേഷതകൾ ഒരിക്കൽ കൂടി അറിഞ്ഞു. ദേവഗൗഡയേയും ഗുജറാളിനേയും പ്രധാനമന്ത്രിയാക്കിയ ജനാധിപത്യമാണത്. photo:PTI നിരക്ഷരരും പട്ടിണിപ്പാവങ്ങളുമായിരുന്ന ഉത്തരേന്ത്യൻ ജനതയാണ് ഇന്ദിരയെ ജനാധിപത്യത്തിന്റെ ഉന്നതമൂല്യങ്ങളെന്തെന്ന് പഠിപ്പിച്ചത്. ഒരേയൊരു നേതാവെന്ന സങ്കൽപം ഇന്ത്യൻ ജനാധിപത്യം ഒരിക്കലും അധികനാൾ അനുവദിച്ചുകൊടുത്തിട്ടില്ല. സർദാർ പട്ടേലിന്റെ പ്രതിമയ്ക്കൊപ്പമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഈ പരിസരത്തിലാണ് വിശകലനം ചെയ്യപ്പെടേണ്ടത്. 182 മീറ്റർ ഉയരമുള്ള പ്രതിമയ്ക്കൊപ്പം തന്നെ തലപ്പൊക്കമുണ്ടെന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള ആ ഒരു പോസുണ്ടല്ലോ അതാണ് നരേന്ദ്രമോദിയെ നിർവ്വചിക്കുന്നതും നിർണ്ണയിക്കുന്നതും. ക്യാമറയ്ക്കു മുന്നിൽ സദാ ജാഗരൂകനായ ഒരു പ്രധാനമന്ത്രിയാണ് മോദി. നർമ്മദയുടെ തീരത്തു നിന്നുള്ള ഈ ഫോട്ടോ നമ്മോട് ഒരു പാട് കാര്യങ്ങൾ പറയുന്നുണ്ട്. ഇന്ത്യൻ ജനാധിപത്യത്തിന്റെ കർശനമായ വിലയിരുത്തലുകൾ മോദിയെ കാത്തിരിക്കുകയാണ്. ആ നിർണ്ണായക ദിനങ്ങളിൽ താങ്ങും തണലുമാവാൻ ഒരു പ്രതിമ മതിയാവുമോ എന്നത് ഒരുപക്ഷേ, മോദി വൈകി മാത്രം തിരിച്ചറിയുന്ന യാഥാർത്ഥ്യമായിരിക്കാം. വഴിയിൽ കേട്ടത് : സർദാർ പട്ടേലും സുഭാഷ് ചന്ദ്രബോസും അംബദ്കറും കൈവിട്ടുപോവുന്നുണ്ടെങ്കിൽ അതിനുള്ള ഉത്തരം കോൺഗ്രസ് തേടേണ്ടത് സ്വന്തം ചരിത്രത്തിലും ചെയ്തികളിലുമാണ്. Now after watching earlier video watch this full clip. Modi himself invites others to join him and after photo click moves on. #StatueOfUnity pic.twitter.com/64DfC94q3y — RK (@rkfacts) November 4, 2018
from mathrubhumi.latestnews.rssfeed https://ift.tt/2DkpcNM
via
IFTTT
No comments:
Post a Comment