ബ്യൂണസ് ഐറിസ്: ബൊക്ക ജൂനിയേഴ്സും റിവർ പ്ലേറ്റും തമ്മിലുള്ള കോപ്പ ലിബർട്ടഡോഴ്സ് ഫൈനൽ മത്സരം വീണ്ടും മാറ്റിവെച്ചു. ശനിയാഴ്ച റിവർ പ്ലേറ്റിന്റെ ഹോം ഗ്രൗണ്ടായ ബ്യൂണസ് ഐറിസിലെ എസ്റ്റാഡിയോ മോണ്യുമെന്റൽ സ്റ്റേഡിയത്തിൽ വച്ച് ആരാധകർ ബൊക്ക ജൂനിയേഴ്സിന്റെ ടീം ബസ് ആക്രമിച്ചതിനെ തുടർന്ന് രണ്ടാംപാദ ഫൈനൽ മത്സരം ആദ്യം ഞായറാഴ്ചത്തേക്ക് മാറ്റിയിരുന്നു. എന്നാൽ ഞായറാഴ്ചയും ആരാധകർ അക്രമാസക്തരായി. ഇതോടെ മത്സരം നടത്താനാകാത്ത സ്ഥിതി വന്നു. മാറ്റിയ മത്സര തീയതി പ്രഖ്യാപിച്ചിട്ടില്ല. നിയന്ത്രണം വിട്ടു പെരുമാറിയ റിവർ പ്ലേറ്റ് ആരാധകരെ കണ്ണീർവാതകം പ്രയോഗിച്ചാണ് പോലീസ് നേരിട്ടത്. അർജന്റീനയിലെ ഫുട്ബോൾ രംഗത്തെ കുത്തഴിഞ്ഞ അവസ്ഥയാണ് ഈ സംഭവത്തോടെ വ്യക്തമാകുന്നതെന്നാണ് പൊതുവെയുള്ള വിമർശനം. ശനിയാഴ്ച മത്സരത്തിനായി ബൊക്ക ജൂനിയേഴ്സിന്റെ ടീം ബസ് സ്റ്റേഡിയത്തിൽ എത്തിയപ്പോഴാണ് ആദ്യം സംഘർഷം ഉണ്ടായത്. ഒരു വിഭാഗം ആരാധകർ ബസ് വളയുകയും അക്രമം അഴിച്ചുവിടുകയുമായിരുന്നു. കല്ലേറിൽ ബസ്സിന്റെ ചില്ല് തകർന്ന് ബൊക്കയുടെ താരങ്ങളായ പാബ്ലൊ പെരസ്, ഗോൺസാലോ ലമാർഡോ എന്നീ കളിക്കാർക്ക് പരിക്കേറ്റു. പെരസിന് കണ്ണിനാണ് പരിക്ക്. ലമാർഡോയ്ക്ക് തലയ്ക്കും. ഇരുവരെയും ആശുപത്രയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തലകറക്കവും ഛർദിയും ഉണ്ടായതിനെ തുർന്ന് മുൻ അർജന്റീന താരം കാർലോസ് ടെവസും ചികിത്സ തേടി. മൂന്നു വർഷം മുൻപ് റിവർ പ്ലേറ്റും ബൊക്കെ ജൂനിയേഴ്സും തമ്മിലുള്ള കോപ്പ ലിബർട്ടഡോഴ്സ് പ്രീക്വാർട്ടർ മത്സരവും സമാനമായ അക്രമസംഭവങ്ങളെ തുടർന്ന് മാറ്റിവച്ചിരുന്നു. ബൊക്കയുടെ ഹോം ഗ്രൗണ്ടായ ബൊംബണെരോ സ്റ്റേഡിയത്തിലെ കളിക്കാരുടെ ടണലിൽ വച്ച് ആരാധകർ റിവർ പ്ലേറ്റിന്റെ താരങ്ങളെ കുരുമുളക് സ്പ്രേ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഈ സംഭവത്തെ തുടർന്ന് ബൊക്ക ജൂനിയേഴ്സിനെ ടൂർണമെന്റിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. യൂറോപ്പിലെ ചാമ്പ്യൻസ് ലീഗിന് തുല്യമായ ലാറ്റിനമേരിക്കൻ ടൂർണമെന്റാണ് കോപ്പ ലിബർട്ടഡോഴ്സ്. ലാറ്റിനമേരിക്കയിലെ തന്നെ ഏറ്റവും വലിയ ക്ലബ് ചാമ്പ്യൻഷിപ്പ്. പരമ്പരാഗത വൈരികളായ ബൊക്കയും റിവർ പ്ലേറ്റും ഇതാദ്യമായാണ് ടൂർണമെന്റിന്റെ ഫൈനലിൽ ഏറ്റുമുട്ടുന്നത്. ബൊക്ക ജൂനിയേഴ്സിന്റെ ഗ്രൗണ്ടിൽ നടന്ന ആദ്യ പാദ മത്സരത്തിൽ ഇരുടീമുകളും രണ്ടു ഗോൾ വീതം നേടി സമനില പാലിക്കുകയായിരുന്നു. Content Highlights: boca juniors vs river plate copa libertadores final postponed again following bus attack
from mathrubhumi.latestnews.rssfeed https://ift.tt/2QgD0Pw
via
IFTTT
No comments:
Post a Comment