കൊച്ചി: ശബരിമലയുടെ സുരക്ഷയിൽഇടപെടുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. ആചാരാനുഷ്ഠാനങ്ങളിൽ സർക്കാർ ഇടപെടാറില്ലെന്നും സുഗമമായ തീർഥാടനം ഉറപ്പുവരുത്തേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ശബരിമലയിലെ ഇടപെടൽ സുരക്ഷാ കാര്യങ്ങളിൽ മാത്രമായിരിക്കുമെന്ന് സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. മതപരമോ ആചാരപരമോ ആയ കാര്യങ്ങളിൽ സർക്കാർ ഇടപെട്ടിട്ടില്ല. ഇനി ഇടപെടാൻ ഉദ്ദേശിക്കുന്നുമില്ല. സുഗമമായ തീർഥാടന കാലം ഉറപ്പുവരുത്താനുള്ള ക്രമീകരണങ്ങൾ ശബരിമലയിൽ ഏർപ്പെടുത്തും. ശബരിമലയുടെ ക്ഷേത്രകാര്യങ്ങളിൽ മുഖ്യമന്ത്രി ഒരു ഘട്ടത്തിലും ഇടപെട്ടിട്ടില്ല. സുരക്ഷാ കാര്യങ്ങളിൽ മുഖ്യമന്ത്രി നിർദേശങ്ങൾ നൽകിയിട്ടുണ്ട്. അത് മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വമാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. സ്ത്രീ പ്രവേശനം സർക്കാർ പൂർണമായും അംഗീകരിക്കുന്നതായി സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. സ്ത്രീകളുടെ മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പാക്കാൻ സർക്കാരിന് ഉത്തരവാദിത്വമുണ്ട്. യഥാർഥ വിശ്വാസികൾക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്യുമെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. നാനാ ജാതി മതസ്ഥർക്ക് പ്രവേശനമുള്ള ക്ഷേത്രമാണ് ശബരിമലയെന്നും അതാണ് ശബരിമലയുടെ പാരമ്പര്യമെന്നും സർക്കാർ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു. ശബരിമലയിൽ ഭക്തർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിന് ദേവസ്വം ബോർഡിന് കോടിക്കണക്കിന് രൂപ സംസ്ഥാന സർക്കാർ ഖജനാവിൽനിന്ന് നൽകുന്നുണ്ട്. ഈ പണം ചിലവാക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങൾ ഉറപ്പുവരുത്താൻ സർക്കാരിന് ഇടപെടൽ നടത്താൻ അവകാശമുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് രണ്ട് ഹർജികളാണ് ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നത്. അഹിന്ദുക്കൾക്ക് ക്ഷേത്രത്തിൽ പ്രവേശനം നടത്താൻ അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ് ഒന്ന്. ശബരിമലയുടെയും ദേവസ്വം ബോർഡിന്റെയും കാര്യങ്ങളിൽ സർക്കാർ അനാവശ്യ ഇടപെടൽ നടത്തുന്നു എന്ന് ആരോപിച്ചുകൊണ്ടുള്ളതാണ് മറ്റൊരു ഹർജി. ഈ ഹർജിയിലാണ് സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്. ഹർജികൾ പരിഗണിക്കുന്നത് കോടതി അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റി.
from mathrubhumi.latestnews.rssfeed https://ift.tt/2Pphh8k
via
IFTTT
No comments:
Post a Comment