ന്യൂഡൽഹി: ടി.ആർ.എസ് നേതാവ് പി.ശ്രീനിവാസ റെഡ്ഡിക്കും കുടുംബത്തിനും പങ്കാളിത്തമുള്ള റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിൽ നിന്ന് ആദായനികുതി വകുപ്പ് പിടിച്ചെടുത്ത 60.35 കോടി രൂപ കണക്കിൽ പെടാത്തത്. ഇക്കാര്യം സ്ഥാപനം തന്നെയാണ് വെളിപ്പെടുത്തിയത്. സെപ്തംബറിൽ നാലു ദിവസങ്ങളിലായി രാഘവ കൺസ്ട്രക്ഷൻസിൽ നടത്തിയ പരിശോധനയിലാണ് ഇത്രയും തുക കണ്ടെത്തിയത്. കമ്പനിയുടെ മാനേജിങ് പാർട്ണറായ പ്രസാദ് റെഡ്ഡി ആദായനികുതി വകുപ്പിന് നൽകിയ മൊഴിയിലാണ്പിടിച്ചെടുത്തത് കണക്കിൽ പെടാത്ത പണമാണെന്ന് വ്യക്തമാക്കിയത്. സംസ്ഥാന സർക്കാരിന്റെ പൊതു പദ്ധതികളുടെ നിർമാണ കരാറുകളും ഈ സ്ഥാപനം ഏറ്റെടുത്ത് പൂർത്തിയാക്കിയിരുന്നു. രാഘവ കൺസ്ട്രക്ഷൻസിന്റെ ഹൈദരാബാദ്, ഖമ്മം, ഗുണ്ടൂർ, വിജയവാഡ, ഓങ്കോൾ, കഡപ്പ എന്നിവടങ്ങളിലെ ഓഫീസുകളിൽ നടത്തിയ പരിശോധനയിലാണ് കള്ളപ്പണം പിടികൂടിയത്. പരിശോധനയിൽ വൻതോതിൽ നികുതി വെട്ടിപ്പും കണ്ടെത്തിയിരുന്നു. കൃത്യമായ കണക്കല്ല ഇപ്പോൾ ഉള്ളതെന്നും തുക ഇനിയും വർധിക്കാമെന്നും ആദായനികുതി വകുപ്പ് അറിയിച്ചു. പരിശോധന പൂർത്തിയാകാത്ത സാഹചര്യത്തിൽ പ്രതികരിക്കാൻ തയ്യാറല്ലെന്ന് ശ്രീനിവാസ റെഡ്ഡി മാധ്യമങ്ങളെ അറിയിച്ചു. 2014 ൽ വൈഎസ്ആർ കോൺഗ്രസ് പാർട്ടി ടിക്കറ്റിൽ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ശ്രീനിവാസ റെഡ്ഡി ടിആർഎസിലേക്ക് കൂറുമാറിയിരുന്നു. സെപ്റ്റംബറിൽ ആദായനികുതി വകുപ്പ് നടത്തിയ വിവിധ റെയ്ഡുകളിലാണ്കള്ളപ്പണം പിടികൂടിയത്. ഡിസംബർ ഏഴിന് നിയമസഭാതിരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയിൽ വോട്ടർമാർക്കിടയിൽ വിതരണം ചെയ്യാനെത്തിച്ച ഏഴരക്കോടി രൂപ കഴിഞ്ഞ ദിവസങ്ങളിൽ കണ്ടെത്തിയിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2zEXPtG
via
IFTTT
No comments:
Post a Comment