ന്യൂഡൽഹി: പ്രധാനമന്ത്രി ഫസൽ ബീമ യോജന ഇൻഷുറൻസ് പദ്ധതിയിൽ കമ്പനികൾക്കു ലഭിച്ച പ്രീമിയം തുക വൻതോതിൽ കൂടിയെങ്കിലും കർഷകർക്ക് കാര്യമായ പ്രയോജനം ചെയ്തില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2016-ൽ കേന്ദ്രസർക്കാർ നടപ്പാക്കിയ പദ്ധതിയിൽ ഇൻഷുറൻസ് കമ്പനികളുടെ പ്രീമിയം 348 ശതമാനമായാണ് വർധിച്ചത്. പരിരക്ഷ തേടിയ കർഷകരുടെ വർധന വെറും 0.42 ശതമാനമാണ്. കേന്ദ്ര കൃഷിമന്ത്രാലയത്തിൽ വിവരാവകാശ നിയമപ്രകാരം ശേഖരിച്ച വിവരങ്ങളിലാണ് ഈ കണക്കുള്ളത്. അഞ്ചു പൊതുമേഖലാ കമ്പനികളും 12 സ്വകാര്യകമ്പനികളുമാണ് പദ്ധതിയിലുള്ളത്. പ്രീമിയം വൻതോതിൽ കൂടുമ്പോൾ ഈ കമ്പനികൾക്കാണ് അതിന്റെ ഗുണം ലഭിക്കുന്നത്. നിലവിലുണ്ടായിരുന്ന കാർഷിക ഇൻഷുറൻസ് പദ്ധതി പരിഷ്കരിച്ചാണ് മോദി സർക്കാർ 2016-ൽ ഫസൽ ബീമ യോജന തുടങ്ങിയത്. പദ്ധതി തുടങ്ങിയ ശേഷം 2016-17-ലും 2017-18-ലുമായി 47,408 കോടി രൂപ പ്രീമിയം തുകയായി ഇൻഷുറൻസ് കമ്പനികൾക്കു ലഭിച്ചു. ഫസൽ ബീമ യോജന തുടങ്ങുന്നതിനു മുമ്പുള്ള ഇൻഷുറൻസ് പദ്ധതിയിൽ 4.85 കോടി കർഷകരുണ്ടായിരുന്നു. എന്നാൽ, ഫസൽ ബീമ യോജന തുടങ്ങിയ ശേഷം 2017-18-ൽ പദ്ധതിയിൽ രണ്ടു ലക്ഷം അംഗങ്ങളുടെ വർധനയേ ഉള്ളൂ. വർധന വെറും 0.42 ശതമാനം മാത്രം. പദ്ധതി തുടങ്ങിയ വർഷം 5.7 കോടി പേർ ചേർന്നെങ്കിലും അടുത്ത വർഷം 4.8 കോടിയായി കുറഞ്ഞു. അതായത്, ഒരു വർഷത്തിനകം 14 ശതമാനം പേരുടെ കുറവുണ്ടായി. ഇൻഷുറൻസ് പരിരക്ഷയിലായ കൃഷിയിടം 2016-17ൽ 4.6 കോടി ഹെക്ടറായിരുന്നെങ്കിൽ 2017-18ൽ 4.9 കോടി ഹെക്ടറായി വർധിച്ചു. ഈ സാമ്പത്തികവർഷമാവുന്പോഴേയ്ക്ക് ഇൻഷുറൻസ് പരിരക്ഷയുള്ള കൃഷിയിടം പത്തുകോടി ഹെക്ടറാക്കുമെന്നായിരുന്നു കേന്ദ്രസർക്കാർ പ്രഖ്യാപനം. ഫസൽ ബീമ യോജന തുടങ്ങുന്നതിനു മുമ്പ് 28,564 കോടി രൂപയുടെ ഇൻഷുറൻസ് ക്ലെയിം നൽകിയിരുന്നു. അതിനു ശേഷം ഈ വർഷം ഒക്ടോബർ പത്തു വരെയുള്ള കണക്കിൽ 31,613 കോടി രൂപയുടെ ഇൻഷുറൻസ് ക്ലെയിമാണ് നൽകിയിട്ടുള്ളത്. രണ്ടു വർഷത്തിനിടെ ഇൻഷുറൻസ് തുകയുടെ വിതരണത്തിൽ പത്തു ശതമാനം വർധനയേ ഉണ്ടായിട്ടുള്ളൂ. ക്ലെയിം അപേക്ഷയിൽ വിളവെടുപ്പു കഴിഞ്ഞു രണ്ടു മാസത്തിനുള്ളിൽ തീർപ്പാക്കണമെന്നാണ് ഫസൽ ബീമ യോജനയുടെ മാർഗരേഖ. കാലതാമസം വരുത്തിയാൽ ഇൻഷുറൻസ് കമ്പനികൾക്കുമേൽ 12 ശതമാനം പിഴ ചുമത്തണമെന്നും വ്യവസ്ഥയുണ്ട്. എന്നാൽ, നാലു മാസത്തിലേറെ സമയമെടുത്താണ് ഇപ്പോഴുള്ള ക്ലെയിം നല്കിയത്. വ്യവസ്ഥാലംഘനമുണ്ടായിട്ടും ഇൻഷുറൻസ് കമ്പനികൾക്കെതിരേ നടപടിയൊന്നുമുണ്ടായിട്ടില്ല.
from mathrubhumi.latestnews.rssfeed https://ift.tt/2OCwNIQ
via
IFTTT
No comments:
Post a Comment