തിരുവനന്തപുരം: ശബരിമലയിൽ സുപ്രീംകോടതി വിധിക്കുശേഷമുണ്ടായ അക്രമസംഭവങ്ങളും പ്രതിഷേധവും രൂക്ഷമായ പ്രതിസന്ധി സൃഷ്ടിച്ചിരിക്കെ മണ്ഡലകാല തീർഥാടനത്തെപ്പറ്റി ചർച്ചചെയ്യാൻ സർവകക്ഷി യോഗത്തിന് സാധ്യതതെളിയുന്നു. ഇക്കാര്യത്തിൽ സർക്കാരിന്റെ സ്ഥിരീകരണമില്ലെങ്കിലും യോഗത്തിനുള്ള സാധ്യത ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ തള്ളിയില്ല. ചൊവ്വാഴ്ച സുപ്രീംകോടതി പരിഗണിക്കുന്ന ഹർജികളിലെ തീരുമാനം വന്നശേഷം യോഗത്തെപ്പറ്റി തീരുമാനമുണ്ടാകും. 27-ന് നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കേ സർക്കാർ നീക്കത്തിനു പ്രസക്തിയേറെയാണ്. യുവതീപ്രവേശ വിധി വന്ന് രണ്ടുവട്ടം നടതുറന്നപ്പോഴും സർക്കാരിന്റെ പ്രതീക്ഷകൾക്ക് അപ്പുറത്തായിരുന്നു ശബരിമലയിലെ പ്രതിഷേധം. തീർഥാടനത്തിനു മുമ്പ്, ദർശനത്തിന് യുവതികൾ എത്തില്ലെന്നാണ് ബോർഡും സർക്കാരും കണക്കുകൂട്ടിയത്. വിധി നടപ്പാക്കാനാണ് സുപ്രീംകോടതി ചൊവ്വാഴ്ച നിർദേശിക്കുന്നതെങ്കിൽ അടുത്ത തീർഥാടനം അത്ര സുഗമമാകില്ല. ഇതുകൂടി കണക്കിലെടുത്താണ് സർവകക്ഷി യോഗത്തിലൂടെ സമവായം ആകാമെന്ന ചിന്ത സർക്കാരിന്റെ ഭാഗത്തുണ്ടായത്. അങ്ങനെയൊന്ന് ഇതുവരെ ആലോചിച്ചിട്ടില്ലെന്നും ഭാവിയിൽ ഉണ്ടായിക്കൂടെന്നില്ലെന്നുമാണ് സർക്കാർ വൃത്തങ്ങൾ വിശദീകരിച്ചത്.സർവകക്ഷിയോഗം വിളിച്ച് സമവായമുണ്ടാക്കണമെന്ന് പ്രതിപക്ഷം ആദ്യംതൊട്ടേ ആവശ്യപ്പെടുന്നതാണെങ്കിലും സർക്കാർ വഴങ്ങിയിരുന്നില്ല. യോഗം നടന്നിരുന്നെങ്കിൽ ശബരിമലയിലെ സ്ഥിതി ഇത്ര വഷളാകില്ലായിരുന്നുവെന്ന് പ്രതിപക്ഷം പറയുന്നു. വൈകിയെങ്കിലും യോഗം നടത്തുന്നത് പ്രതിഷേധത്തിന്റെ തീവ്രത കുറയ്ക്കുമെന്നാണ് കണക്കുകൂട്ടൽ.രണ്ടുമാസത്തിലേറെ നീളുന്ന തീർഥാടനത്തിന് നട തുറക്കുന്നത് വെള്ളിയാഴ്ച വൈകീട്ടാണ്. വിധി നടപ്പാക്കേണ്ടി വന്നാൽ വെള്ളിയാഴ്ച മുതൽ രണ്ടുമാസം സർക്കാരിനും ദേവസ്വം ബോർഡിനും പരീക്ഷണങ്ങളുടെ നാളുകളായിരിക്കും. സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ചിട്ടും ചിത്തിര ആട്ടവിശേഷത്തിന് നടതുറന്ന രണ്ടുദിവസം പോലും സ്ഥിതി പോലീസിന്റെ കൈകളിൽ സുരക്ഷിതമായിരുന്നില്ല. തീർഥാടനത്തിരക്ക് തീരെ കുറവുള്ള ദിവസങ്ങളായിരുന്നിട്ടും നിരോധനാജ്ഞ ഉണ്ടായിരുന്നിട്ടും സന്നിധാനത്തിന്റെ നിയന്ത്രണം പോലീസിൽനിന്നു വഴുതിപ്പോയി. മണ്ഡല-മകരവിളക്ക് തീർഥാടനത്തിനെത്തുന്ന ആയിരക്കണക്കിനു തീർഥാടകരെ ഇതുപോലെ നിയന്ത്രിക്കുക എളുപ്പമല്ല. ഒരു തീർഥാടനക്കാലം മുഴുവൻ നിരോധനാജ്ഞ പ്രഖ്യാപിക്കാനുമാകില്ല. ഇക്കാര്യങ്ങളൊക്കെ സർവകക്ഷിയോഗത്തിൽ ചർച്ചയാകും.കോടതിവിധി കൈകാര്യംചെയ്ത രീതി നിയമസഭാ സമ്മേളനത്തിൽ പ്രതിഷേധമുയർത്തും. ഇതിനു തടയിടാനും സർവകക്ഷിയോഗത്തിലൂടെ സർക്കാരിനു കഴിയും. തീർഥാടനത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പങ്കെടുക്കുന്ന ഉന്നതതല അവലോകനയോഗം ചൊവ്വാഴ്ച വൈകീട്ട് നടക്കും.
from mathrubhumi.latestnews.rssfeed https://ift.tt/2z5sDUG
via
IFTTT
No comments:
Post a Comment