കൊച്ചി: സർക്കാരിന്റെ ശബരിമലനയത്തിൽ പ്രതിഷേധിച്ച് ആചാരസംരക്ഷണത്തിനായി എല്ലാ ക്ഷേത്രങ്ങളിലും 12 ദിവസം തുടർച്ചയായി ഗണപതിഹോമവും നാമജപങ്ങളും നടത്തുമെന്ന് ഹൈന്ദവ ധർമ ആചാര്യ സംഗമം. കോടതിക്കും സർക്കാരിനും ‘നല്ലബുദ്ധി’യുണ്ടാകാനാണിത്.ക്ഷേത്രത്തിനകത്തെ ആചാരാനുഷ്ഠാനങ്ങളിൽ ഇടപെടുന്നതിൽനിന്ന് ഭരണകൂടം വിട്ടുനിൽക്കണമെന്നും എറണാകുളത്തുചേർന്ന ആചാര്യ സംഗമത്തിനുശേഷം തന്ത്രിസമാജം പ്രതിനിധികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.ദൈവത്തിലും ആചാരാനുഷ്ഠാനങ്ങളിലും വിശ്വാസമില്ലാത്തവർ ക്ഷേത്രാചാരങ്ങളിൽ ഇടപെടുന്നത് അവയുടെ നാശത്തിനു കാരണമാകും. എൻ.എസ്.എസ്. മന്ദിരം ആക്രമിച്ച സമൂഹവിരുദ്ധരുടെപേരിൽ നിയമനടപടികൾ സ്വീകരിക്കണം. കോടതിവിധിയിലും അതേത്തുടർന്നുണ്ടായ നടപടികളിലും വിശ്വാസിസമൂഹം ആശങ്കയിലാണ്. ആചാരത്തിൽ ഏതെങ്കിലും വിധത്തിലുള്ള മാറ്റംവരുത്തുന്നത് അംഗീകരിക്കാനാകില്ല. ഈശ്വരസാന്നിധ്യത്തെക്കുറിച്ച് വിധിപറയാൻ കോടതികൾക്കു കഴിയില്ല. വിധി ശബരിമലയെ മാത്രമല്ല, കേരളീയ തന്ത്രശാസ്ത്ര വിധിപ്രകാരം ആചാരങ്ങൾ അനുഷ്ഠിച്ചുപോരുന്ന നാൽപ്പതിനായിരത്തോളം ക്ഷേത്രങ്ങളിലെ ആരാധനാക്രമത്തെയാണ് ചോദ്യം ചെയ്യുന്നതെന്നും ഇവർ അഭിപ്രായപ്പെട്ടു.ആചാരലംഘനമുണ്ടാകാതിരിക്കാൻ സന്നിധാനത്ത് രക്തം വീഴ്ത്താൻ പദ്ധതിയിട്ടെന്നുള്ള രാഹുൽ ഈശ്വറിന്റെ വെളിപ്പെടുത്തൽ തന്ത്രിസമാജം തള്ളി. ക്ഷേത്രത്തിന്റെ പരിശുദ്ധി കളങ്കപ്പെടുത്താൻ ശ്രമിക്കുന്നത് വിശ്വാസികളാണെങ്കിൽപ്പോലും അത് അനുവദിക്കാനാകില്ലെന്ന് അവർ വ്യക്തമാക്കി.എസ്.ജെ.ആർ. കുമാർ, പി. രാമവർമ രാജ, പരമേശ്വരാനന്ദ ബ്രഹ്മാനന്ദ തീർഥ സ്വാമിയാർ, ഡോ. ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, വേഴപ്പറമ്പ് കൃഷ്ണൻ നമ്പൂതിരിപ്പാട്, കെ.കെ. അനിരുദ്ധൻ, എ. അനൂപ്ഭട്ട് തുടങ്ങിയവർ പങ്കെടുത്തു.
from mathrubhumi.latestnews.rssfeed https://ift.tt/2znwxYw
via
IFTTT
No comments:
Post a Comment