അങ്കാറ/വാഷിങ്ടൺ: മുതിർന്ന മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗ്ഗി കൊല്ലപ്പെട്ടുവെന്ന് കുറ്റസമ്മതം നടത്താൻ സൗദി ഒരുങ്ങുന്നതായി സൂചന. തുർക്കിയിലെ സൗദി കോൺസുലേറ്റിൽ ചോദ്യംചെയ്യലിനിടെ ഖഷോഗ്ഗി കൊല്ലപ്പെട്ടുവെന്ന് സമ്മതിക്കുന്ന റിപ്പോർട്ട് സൗദി തയ്യാറാക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങളായ സി.എൻ.എന്നും ന്യൂയോർക്ക് ടൈംസും റിപ്പോർട്ട് ചെയ്തു. സൗദി ഭരണകൂടത്തിന്റെ കടുത്ത വിമർശകനും വാഷിങ്ടൺ പോസ്റ്റിന്റെ കോളമിസ്റ്റുമായ ഖഷോഗ്ഗിയെ ഒക്ടോബർ രണ്ടിനാണ് കാണാതാകുന്നത്. ഇതുമായി ബന്ധപ്പെട്ട് സൗദി കോൺസുലേറ്റിൽ തുർക്കിയും സൗദിയും തിങ്കളാഴ്ച സംയുക്തപരിശോധന നടത്തിയിരുന്നു.സൗദി ഭരണകൂടത്തിന്റെ അനുമതി വാങ്ങാതെയാണ് ഖഷോഗ്ഗിയെ ചോദ്യം ചെയ്തതെന്നും സംഭവത്തിനുപിന്നിലുള്ളവരെ ശിക്ഷിക്കുമെന്നും സൗദി റിപ്പോർട്ട് നൽകുമെന്ന് സി.എൻ.എൻ. റിപ്പോർട്ട് ചെയ്യുന്നു. ഒറ്റപ്പെട്ട കൊലയാളികളാകും ഖഷോഗ്ഗിയെ വധിച്ചതെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും കഴിഞ്ഞദിവസം സൂചന നൽകിയിരുന്നു. തുർക്കി പോലീസും ഫൊറൻസിക് ഉദ്യോഗസ്ഥരും കഴിഞ്ഞദിവസം നടത്തിയ പരിശോധനയിൽ കോൺസുലേറ്റിലെ പൂന്തോട്ടത്തിലെ മണ്ണിന്റെയും ഗേറ്റിന്റെയും സാന്പിളുകൾ ശേഖരിച്ചിരുന്നു.അതേസമയം, പരിശോധന വ്യാപിപ്പിക്കാൻ തുർക്കി ചൊവ്വാഴ്ച തീരുമാനിച്ചു. കോൺസുലേറ്റിനുള്ളിൽവെച്ച് ഖഷോഗ്ഗിയെ സൗദിയിൽനിന്നുള്ള ഏജന്റുമാർ വധിച്ചുവെന്നാണ് തുർക്കിയുടെ ആരോപണം. ഇത് തെളിയിക്കുന്ന ദൃശ്യ-ശബ്ദ രേഖകൾ തങ്ങൾക്ക് ലഭിച്ചതായും തുർക്കി അവകാശപ്പെടുന്നു.അതിനിടെ തുർക്കിയിലെ സൗദി കോൺസുൽ ജനറൽ മുഹമ്മദ് അൽ ഒട്ടായ്‍ബി ചൊവ്വാഴ്ച തുർക്കി വിട്ടു. ഈസ്താംബൂളിലെ ഇദ്ദേഹത്തിന്റെ വസതിയിൽ തുർക്കി പോലീസ് പരിശോധന നടത്തും. പോംപിയോ സൗദിയിൽഖഷോഗ്ഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സൗദിക്കുമേൽ സമ്മർദം ശക്തമാകുന്നതിനിടെ യു.എസ്. വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ചൊവ്വാഴ്ച റിയാദിലെത്തി. വിശദമായ അന്വേഷണം നടത്തുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അറിയിച്ചതായി യു.എസ്. വിദേശകാര്യ വക്താവ് ഹീതർ നൗവേർട്ട് പറഞ്ഞു. മുഹമ്മദ് ബിൻ സൽമാൻ, ഭരണാധികാരി സൽമാൻ രാജാവ്, വിദേശകാര്യമന്ത്രി ആദേൽ അൽ ജുബൈർ എന്നിവരുമായി പോംപിയോ കൂടിക്കാഴ്ച നടത്തിയിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2CMPqsb
via
IFTTT
No comments:
Post a Comment