പന്തളം: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സർക്കാരിന്റെ സമവായ നീക്കം പാളുന്നു. സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹർജിയിൽ തീരുമാനമായ ശേഷമേ ചർച്ചയ്ക്കുള്ളൂവെന്നാണ് താഴമൺ തന്ത്രി കുടുംബം അറിയിച്ചിരിക്കുന്നത്. എൻഎസ്എസുമായി കൂടിയാലോചിച്ച ശേഷമാണ് തന്ത്രി കുടുംബത്തിന്റെ തീരുമാനം. പുനഃപരിശോധനാ ഹർജി നൽകിയിട്ടുണ്ട്. അതിലെ വിധി അറിഞ്ഞോട്ടെ, അതിന് ശേഷമാകാം ചർച്ചകളെന്ന് തന്ത്രി കണ്ഠരര് മോഹനരര് പറഞ്ഞു. ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും എതിര് നിൽക്കുന്നവരുടെ മനസ്സ് മാറിയേ മതിയാകൂ. തുലാമാസ പൂജാസമയത്ത് വനിതാ പോലീസിനെ മലകയറ്റുന്നത് ആചാരലംഘനമാണെന്ന് തന്ത്രി പറഞ്ഞു. തിങ്കളാഴ്ച ചർച്ചയ്ക്കായിട്ടാണ് മുഖ്യമന്ത്രി തന്ത്രി കുടുംബത്തെ ക്ഷണിച്ചിരുന്നത്. സ്ത്രീപ്രവേശനത്തിൽ വിധി വന്ന ഘട്ടത്തിൽ തന്നെ താഴമൺ കുടുംബം പന്തളം രാജകുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിൽ കോടതിവിധി നടപ്പാക്കുന്നത് ആചാരങ്ങളുടേയും അനുഷ്ഠാനങ്ങളുടേയും ലംഘനമാണെന്ന് വ്യക്തമാക്കിയിരുന്നു. ശബരിമല വിഷയത്തിൽ വലിയതോതിൽ പ്രതിഷേധം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് താഴമൺ കുടുംബവുമായി ചർച്ചയ്ക്ക് സർക്കാർ തയ്യാറായത്. സംസ്ഥാന സർക്കാർ തന്ത്രികുടുംബത്തെ ചർച്ചയ്ക്ക് വിളിച്ചത് സുപ്രീംകോടതിയുടെ ശബരിമല വിധി നടപ്പാക്കുന്നതിലെ പ്രായോഗികവശങ്ങൾ പരിശോധിക്കുന്നതിനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടിരുന്നു. വിധി നടപ്പിലാക്കാനാണെങ്കിൽ പിന്നെ എന്തിനാണ് ചർച്ച എന്നതാണ് ചർച്ച ഈ ഘട്ടത്തിൽ വേണ്ട എന്ന തീരുമാനത്തിലേക്ക് എത്തിച്ചതെന്നാണ് സൂചന. സർക്കാർ ഒരു ഓർഡിനൻസിനെ കുറിച്ച് ചിന്തിക്കണമെന്ന് രാഹുൽ ഈശ്വർ ആവശ്യപ്പെട്ടു. തമിഴ്നാട്ടിലെ ജല്ലിക്കെട്ട് വിഷയത്തിൽ പിന്തുണച്ച മാതൃകയിൽ സിപിഎം ഈ വിഷയത്തിലും ഓർഡിനൻസിനായി പിന്തുണക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
from mathrubhumi.latestnews.rssfeed https://ift.tt/2Rx46jc
via
IFTTT
No comments:
Post a Comment