കൊച്ചി; ശബരിമലയിലെ സർക്കാർ ഇടപെടലിൽ ഹൈക്കോടതി സംസ്ഥാന സർക്കാരിനോടും ദേവസ്വം ബോർഡിനോടും വിശദീകരണം തേടി. ഇക്കാര്യത്തിൽ തിങ്കളാഴ്ച രേഖാമൂലം വിശദീകരണം നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. ദേവസ്വം ബോർഡ് ഒരു സ്വതന്ത്ര സ്ഥാപനമാണ്. ബോർഡിൽ സർക്കാർ ഇടപെട്ട് ശബരിമലയിൽ ചില നിയന്ത്രണങ്ങൾ കൊണ്ടുവരുന്നു. ഇതിന് ഭരണഘടനാപരമായും നിയമപരമായും സർക്കാരിന് അവകാശമില്ലെന്നും ദേവസ്വം ബോർഡിന് മേലുള്ള സർക്കാർ ഇടപെടൽ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് എത്തിയ ഹർജി പരിഗണിച്ചാണ് കോടതിയുടെ നടപടി. എന്തെങ്കിലും തരത്തിലുള്ള ഇടപെടൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ടോയെന്നാണ് കോടതി ആരാഞ്ഞിരിക്കുന്നത്. ശബരിമലയിൽ 24 മണിക്കൂർ മാത്രമേ തങ്ങാൻ സാധിക്കുകയുള്ളു. ഒരുസമയം നിശ്ചിത ഭക്തരെ മാത്രമേ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് കടത്തി വിടുകയുള്ളു തുടങ്ങിയ നിയന്ത്രണങ്ങൾ സംസ്ഥാന സർക്കാർ തീരുമാനിച്ചതായുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. സംസ്ഥാന പോലീസ് മേധാവിതന്നെ ഇത്തരം ചില അഭിപ്രായങ്ങൾ പരസ്യമായി പ്രകടിപ്പിക്കുന്ന സാഹചര്യമുണ്ടായി. ഇവ ചൂണ്ടിക്കാണിച്ചാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്. ഭക്തരുടെ കാര്യത്തിൽ എന്തെങ്കിലും നിയന്ത്രണം കൊണ്ടുവരാൻ ദേവസ്വം ബോർഡിന് സാധിക്കും. എന്നാൽ സർക്കാരിന് ഇതിന് അവകാശമില്ലെന്ന് ഹർജിക്കാരൻ വാദിക്കുന്നു. ഒരു മതേതര സർക്കാരിന് ദേവസ്വം ബോർഡിന്റെ കാര്യങ്ങളിൽ ഇടപെടാൻ സാധിക്കില്ലെന്നാണ് ഹർജിക്കാരന്റെ വാദം. ഇത് പരിഗണിച്ചാണ് വിശദീകരണം നൽകാൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2OdXx2f
via
IFTTT
No comments:
Post a Comment