ന്യൂഡല്‍ഹി : ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സെമിഫൈനൽ. ഭരണം നിലനിർത്താൻ ബി.ജെ.പി.ക്കും തിരിച്ചുവരാൻ കോൺഗ്രസിനും അവസാനവട്ട തയ്യാറെടുപ്പുകൾ നടത്താനുള്ള പോർമുഖം. പൊതുതിരഞ്ഞെടുപ്പിന് മുന്പായി നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനു തീയതി പ്രഖ്യാപിച്ചതോടെ രാജ്യത്തെ രാഷ്ട്രീയരംഗം ചൂടുപിടിച്ചു.ബി.ജെ.പി. ഭരിക്കുന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, കോൺഗ്രസ് ഭരണത്തിലുള്ള മിസോറം, തെലങ്കാന രാഷ്ട്രസമിതി (ടി.ആർ.എസ്.) ഭരിക്കുന്ന തെലങ്കാന എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പാണ് ശനിയാഴ്ച തിരഞ്ഞെടുപ്പു കമ്മിഷൻ പ്രഖ്യാപിച്ചത്. ഈ സംസ്ഥാനങ്ങളില്‍ പെരുമാറ്റച്ചട്ടം നിലവില്‍വന്നതായി മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഒ.പി. റാവത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കര്‍ണാടകത്തിലെ മൂന്നു ലോക്‌സഭാ മണ്ഡലങ്ങളിലെയും രണ്ടു നിയമസഭാ മണ്ഡലങ്ങളിലെയും ഉപതിരഞ്ഞെടുപ്പും പ്രഖ്യാപിച്ചു. ഛത്തീസ്ഗഢില്‍ രണ്ടുഘട്ടമായും മറ്റിടങ്ങളില്‍ ഒറ്റഘട്ടമായും വോട്ടെടുപ്പു നടക്കും. ഛത്തീസ്ഗഢില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് നവംബര്‍ 12-നും രണ്ടാംഘട്ടം 20-നും നടക്കും. നക്സല്‍ബാധിത മേഖലയിലെ 18 നിയമസഭാ മണ്ഡലങ്ങളിലാകും ആദ്യവോട്ടെടുപ്പ്. മധ്യപ്രദേശിലും മിസോറമിലും നവംബര്‍ 28-നും രാജസ്ഥാനിലും തെലങ്കാനയിലും ഡിസംബര്‍ ഏഴിനുമാണ് വോട്ടെടുപ്പ്. കര്‍ണാടകത്തിലെ ശിവമോഗ, ബല്ലാരി, മാണ്ഡ്യ ലോക്‌സഭാ മണ്ഡലങ്ങളിലും രാമനഗരം, ജാംഖണ്ഡി നിയമസഭാ മണ്ഡലങ്ങളിലുമാണ് ഉപതിരഞ്ഞെടുപ്പ്. നവംബര്‍ മൂന്നിനാണ് വോട്ടെടുപ്പ്. ആറിന് വോട്ടെണ്ണും. മിസോറം നിയമസഭയുടെ കാലാവധി ഡിസംബറിലും മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് നിയമസഭകളുടെ കാലാവധി ജനുവരിയിലുമാണ് തീരുന്നത്. തിരഞ്ഞെടുപ്പ് നേരത്തേയാക്കുന്നതിന് തെലങ്കാന നിയമസഭ പിരിച്ചുവിടുകയായിരുന്നു.മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ 15 വർഷമായി ബി.ജെ.പി.യാണ് അധികാരത്തിൽ. രാജസ്ഥാനിൽ കഴിഞ്ഞതവണ കോൺഗ്രസിൽനിന്ന് ബി.ജെ.പി. അധികാരം പിടിച്ചു. രാജ്യത്ത് കോൺഗ്രസ് ഭരണത്തിലുള്ള ചുരുക്കം സംസ്ഥാനങ്ങളിലൊന്നാണ് മിസോറം. സ്ഥാനാര്‍ഥിയുടെ പേരില്‍ ക്രിമിനൽ കേസുകളുണ്ടെങ്കില്‍ പരസ്യപ്പെടുത്തണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ നടപടിയെടുത്തിട്ടുണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പു കമ്മിഷണർ പറഞ്ഞു. കേസിന്റെ വിവരങ്ങള്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചതിനുശേഷം മൂന്നുതവണയെങ്കിലും പത്ര, ദൃശ്യ മാധ്യമങ്ങളില്‍ സ്ഥാനാര്‍ഥിയും പാര്‍ട്ടിയും പരസ്യപ്പെടുത്തണം.
from mathrubhumi.latestnews.rssfeed https://ift.tt/2Rqxt6N
via
IFTTT
No comments:
Post a Comment