കൊച്ചി: സീറോ മലബാര്‍ സഭയെ പിടിച്ചുകുലുക്കിയ എറണാകുളം- അങ്കമാലി അതിരുപതയിലെ ഭൂമി ഇടപാട് വീണ്ടും അന്വേഷിക്കുന്നു. വത്തിക്കാന്‍ നിര്‍ദേശിച്ച പ്രകാരം അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റീവ് ബിഷപ്പ് ജേക്കബ് മനത്തോടത്താണ് അഞ്ചംഗ സമിതിയെ അന്വേഷണത്തിന് നിയോഗിച്ചത്. അതിരൂപതയിലെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഉത്തരവിട്ടും. ഡോ.ജോസഫ് ഇഞ്ചോടി കണ്‍വീനര്‍ ആയ സമിതിയാണ് അന്വേഷിക്കുക. അനധികൃതമോ കണക്കില്‍പെടാത്തതോ ആയ ഇടപാടുകള്‍ നടന്നോ എന്നാണ് അനേഷിക്കേണ്ടത്. മൂന്നു മാസത്തിനകം സമിതി റിപ്പോര്‍ട്ട് നല്‍കണമെന്നും അഡ്മിനിസ്‌ട്രേറ്റര്‍ നിര്‍ദേശിക്കുന്നു.
എന്നാല്‍ ഭൂമി ഇടപാട് അന്വേഷിക്കുന്നതിന് വത്തിക്കാന്‍ നിര്‍ദേശിച്ചിരുന്ന മാനദണ്ഡങ്ങള്‍ സമിതിയെ നിശ്ചയിക്കുന്നതില്‍ പാലിച്ചിട്ടില്ലെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. എറണാകുളത്തെ കോളജില്‍ വര്‍ഷങ്ങളോടും പ്രന്‍സിപ്പല്‍ ആയിരുന്ന ആളും കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാള്‍ കണ്‍വീനറായ സമിതി കര്‍ദ്ദിനാളിനെ വെള്ളപൂശാനുള്ളതാണോയെന്ന സംശയവും ചില വൈദികര്‍ ഉന്നയിക്കുന്നു.
[IMG]
വത്തിക്കാന്‍ ആവശ്യപ്പെട്ടതുപ്രകാരം അതിരൂപതയില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന സാമ്പത്തിക- ധനകാര്യ ഇടപാടുകളില്‍ രഹസ്യാത്മകമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനാണ് സമിതിയെ നിയോഗിച്ചിരിക്കുന്നതെന്ന് ബിഷപ്പ് ജേക്കബ് മനത്തോടത്തിന്റെ ഉത്തരവില്‍ പറയുന്നു. അതിരൂപതയില്‍ 2013 ഏപ്രില്‍ ഒന്നു മുതല്‍ 2018 മാര്‍ച്ച് 31 വരെ നടന്ന സാമ്പത്തിക ഇടപാടുകളില്‍ വിശദമായ ഓഡിറ്റ് നടത്തുക, ഈ കാലയളവില്‍ നടന്ന ഭൂമി ഇടപാട് പരിശോധിക്കുകയും അതില്‍ അനധികൃതമോ കണക്കില്‍പെടാത്തതോ വെളിപ്പെടാത്തതോ ആയ ഇടപാടുകള്‍ നടന്നോ എന്ന് പരിശോധിക്കുക, നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഭൂമി വില്പന അടക്കമുള്ള മാനദണ്ഡങ്ങള്‍ തയ്യാറാക്കുക, അതിരൂപതയെ ഭാവിയില്‍ സാമ്പത്തിക അഭിവൃത്തിയിലേക്ക് നയിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കുകയും ഇവയില്‍ എല്ലാം രഹസ്യാത്മക സ്വഭാവം പുലര്‍ത്തുകയും വേണമെന്നും ആവശ്യപ്പെടുന്നു.
കളമശേരി രാജഗിരി സോഷ്യല്‍ സയന്‍സസ് മൂന്‍ പ്രിന്‍സിപ്പലും നിലവിലെ എക്‌സിക്യുട്ടീവ് ഡയറക്ടറുമായ ഡോ.ജോസഫ് ഇഞ്ചോടിയാണ് സമിതി കണ്‍വീനര്‍. കുസാറ്റ് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് പ്രൊഫസര്‍ ഡോ.സാം തോമസ്, മുതിര്‍ന്ന സിവില്‍ അഭിഭാഷകനായ അഡ്വ. അബ്രഹാം കെ.ജോണ്‍, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ആയ സി.ജെ റോമിഡ്, ഫാ.ജോര്‍ജ് അരീക്കല്‍ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.
[IMG]
അതേസമയം, സ്വതന്ത്രമായ ഒരു ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന വത്തിക്കാന്റെ നിര്‍ദേശം പാലിച്ചിട്ടില്ലെന്ന വിമര്‍ശനമാണ് വൈദികര്‍ക്കിടയില്‍ ഉയരുന്നത്. പല ബിഷപ്പുമാരുടെയും ഉറ്റസുഹൃത്തും ചില വൈദിക സമൂഹങ്ങളോട് അടുത്തബന്ധം പുലര്‍ത്തുന്നയാളാണ് സമിതി കണ്‍വീനര്‍ എന്നാണ് ഇതിനു കാരണമായി ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. ഫാ.ജോഷി പുതുവ പ്രൊക്യുറേറ്റര്‍ ആയി വന്നശേഷം അതിരൂപതയിലെ ഓഡിറ്റിംഗില്‍ നിന്ന് പുറത്താക്കപ്പെട്ടയാളാണ് സമിതിയിലെ മറ്റൊരംഗം. ഇവര്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വത്തിക്കാനില്‍ നിന്ന് തുടര്‍നടപടി വരിക. ഇപ്പോഴുള്ള പ്രശ്‌നങ്ങളില്‍ നിന്നെല്ലാം രക്ഷപ്പെടാന്‍ കഴിയുന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന ഒരു ഏജന്‍സിയെകൊണ്ട് അന്വേഷിപ്പിക്കാന്‍ ഓഗസ്റ്റില്‍ ചേര്‍ന്ന സിനഡില്‍ നിര്‍ദേശം വന്നിരുന്നുവെന്നും വിമര്‍ശകര്‍ പറയുന്നു.
നേരത്തെ അതിരുപത നിയോഗിച്ച വൈദികരുള്‍പ്പെട്ട സമിതിയും മെത്രാന്മാരുടെ സമിതിയും നടത്തിയ അന്വേഷണത്തില്‍ ഭൂമി ഇടപാടില്‍ കര്‍ദ്ദിനാളിനും ഒപ്പമുണ്ടായിരുന്നവര്‍ക്കും വീഴ്ചപറ്റിയതായാണ് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്.
from mangalam.com https://ift.tt/2O1lpuF
via IFTTT
No comments:
Post a Comment