ചെന്നൈ: ടിടിവി ദിനകരൻ പക്ഷത്തുള്ള 18 എഐഎഡിഎംകെ എംഎൽഎമാരെ അയോഗ്യരാക്കിയ നടപടി ചോദ്യംചെയ്തുകൊണ്ടുള്ള ഹർജിയിൽ മദ്രാസ് ഹൈക്കോടതി ഇന്ന് വിധിപറയും. വിധിക്കു മുന്നോടിയായി ദിനകര പക്ഷത്തുള്ള 20 എംൽഎമാരെകുറ്റാലത്തെ ഒരു റിസോർട്ടിൽ പാർപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിൽ രാഷ്ട്രീയ നാടകങ്ങൾക്ക് അരങ്ങൊരുങ്ങിയിരിക്കുകയാണ്. വിപ്പ് ലംഘിച്ചെന്ന പരാതിയിലാണ് സ്പീക്കർ എംഎൽഎമാരെ അയോഗ്യരാക്കിയത്. ഹർജി വിവിധ ബെഞ്ചുകൾ പരിഗണിക്കുകയും കഴിഞ്ഞ ജൂണിൽ രണ്ടു ജഡിജിമാർ വ്യത്യസ്ത വിധി പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ മൂന്നാമതൊരു ജഡ്ജികൂടി കേസ് പരിഗണിക്കുകയായിരുന്നു. വിധി എം.എൽ.എ.മാർക്ക് അനുകൂലമായാൽ ഭരണപക്ഷം നിയമസഭയിൽ ന്യൂനപക്ഷമാകും. അയോഗ്യരാക്കപ്പെട്ടവരും നടൻ കരണാസ് ഉൾപ്പെടെ മറ്റു നാല് എം.എൽ.എ.മാരും ദിനകരനൊപ്പമുണ്ട്. എം.എൽ.എ.മാരായ തമീമുൻ അൻസാരി, യു. തനിയരശ് എന്നിവർ പരസ്യമായി നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും ദിനകരനൊപ്പമാണെന്നാണ് സൂചന. ആർ.കെ. നഗറിൽനിന്ന് സ്വതന്ത്രസ്ഥാനാർഥിയായി ജയിച്ച ടി.ടി.വി. ദിനകരനും കൂടിച്ചേരുമ്പോൾ വിമതരുടെ അംഗസഖ്യ 25 ആയി ഉയരും. ഇതോടെ ഭരണപക്ഷത്തിന്റെ അംഗബലം 110 ആയി കുറയും. ഡി.എം.കെ- 88, കോൺഗ്രസ്-എട്ട്, മുസ്ലിം ലീഗ്-ഒന്ന് എന്നിങ്ങനെയാണ് പ്രതിപക്ഷത്തെ കക്ഷിനില. കരുണാനിധി, എ.കെ. ബോസ് എന്നിവരുടെ മരണത്തെത്തുടർന്ന് രണ്ടു മണ്ഡലങ്ങൾ ഒഴിഞ്ഞുകിടക്കുകയാണ്. വിധി എംഎൽഎമാർക്ക് എതിരായി വന്നാലും രണ്ട് എൽഎൽഎമാർ മരണപ്പെട്ടത് ഉൾപ്പെടെ 20 മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് വരാനുണ്ട്. വിധി പ്രതികൂലമായാൽ സുപ്രീം കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് ഇരു വിഭാഗങ്ങളും. കോടതിവിധി അനുകൂലമാകുന്നതിനായി പുണ്യസ്നാനവും പൂജകളുമായാണ് എംഎൽഎമാർ കുറ്റാലത്തെ റിസോർട്ടിൽ കഴിയുന്നതെന്നാണ് റിപ്പോർട്ട്. ഇവർ താമ്രഭരണി പുഷ്കരം ചടങ്ങിന്റെ ഭാഗമായി പുണ്യസ്നാനം നടത്തുകയും പ്രത്യേക പൂജകളിൽ പങ്കെടുക്കുകയും ചെയ്തു. മുൻമന്ത്രിയും ദിനകരൻപക്ഷത്തെ നേതാവുമായ ഇസക്കി സുബ്ബയ്യയുടെ ഉടമസ്ഥതയിലുള്ളതാണ് റിസോർട്ട്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കുള്ള പിന്തുണ പിൻവലിച്ചതിനെത്തുടർന്ന് ഒരു വർഷംമുമ്പ് സ്പീക്കർ അയോഗ്യരാക്കിയ 18 എം.എൽ.എ.മാരിൽ പി. വെട്രിവേൽ ഒഴികെയുള്ളവരും ഈയടുത്ത് ദിനകരൻപക്ഷത്തേക്ക് കൂറുമാറിയ മൂന്ന് എം.എൽ.എ.മാരുമാണ് കുറ്റാലത്തുള്ള ഇസക്കി ഹൈവ്യൂ റിസോർട്ടിൽ കഴിയുന്നത്. ദിനകരന്റെ അടുത്ത അനുയായിയായ വെട്രിവേൽ ചെന്നൈയിൽത്തന്നെയുണ്ട്. കോടതി വിധി പ്രസ്താവിക്കുന്നതുവരെ റിസോർട്ടിൽ കഴിയാൻ ദിനകരൻ നിർദേശം നൽകിയതായാണ് വിവരം. എവിടെ തടഞ്ഞുെവച്ചാലും പുഴ കടലിൽ ചേരുന്നതുപോലെ തുറന്നുവിടുമ്പോൾ ഈ എം.എൽ.എ.മാർ എ.ഐ.എ.ഡി.എം.കെ.യിൽ തിരിച്ചെത്തുമെന്ന് ഫിഷറീസ് മന്ത്രി ജയകുമാർ പ്രതികരിച്ചു. Content Highlights:Verdict on Disqualification of AIADMK MLAs, Madras High Court, TTV Dinakaran
from mathrubhumi.latestnews.rssfeed https://ift.tt/2qbGSCQ
via
IFTTT
No comments:
Post a Comment