തിരുവനന്തപുരം: തുലാമാസ പൂജകൾക്കായി നടതുറക്കാൻ രണ്ടു ദിവസംമാത്രം ശേഷിക്കെ സ്ത്രീപ്രവേശ വിഷയത്തിൽ സർക്കാരും ദേവസ്വംബോർഡും നിലപാടിൽ അയവുവരുത്തുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ചർച്ചയ്ക്ക് വഴിയൊരുങ്ങിയിരിക്കുന്നത്. നടതുറക്കുന്നതിന്റെ തലേന്നാണ് ചർച്ച.സുപ്രീംകോടതി വിധിക്കും അത് നടപ്പാക്കാനിറങ്ങിയ സർക്കാരിനുമെതിരേ രോഷം ശക്തമായതിനിടെയാണ് ദേവസ്വം ബോർഡ് കൂടിയാലോചനകൾക്ക് ക്ഷേത്രവുമായി ബന്ധപ്പെട്ടവരെ ക്ഷണിച്ചിരിക്കുന്നത്.വിധി നടപ്പാക്കാൻ സാവകാശം തേടാമെന്ന നിയമോപദേശം സർക്കാരിനു മുന്നിലുണ്ട്. സാവകാശം തേടാനുള്ള ആലോചനയും ദേവസ്വംബോർഡിന്റെ അനുരഞ്ജന നീക്കങ്ങളും വിഷയത്തിൽ സർക്കാർ അയയുന്നതിന്റെ സൂചനയാണ്. വിശ്വാസികളുടെ ഒരാവശ്യവും പരിഗണിച്ചില്ലെന്ന പരാതിക്ക് തടയിടാൻ ബോർഡിനും സമരത്തിന്റെ തീവ്രതയും സർക്കാരിനോടുള്ള എതിർപ്പും കുറയ്ക്കാൻ സർക്കാരിനും ഇതൊക്കെ മാത്രമാണ് വഴികൾ.ദിവസങ്ങൾക്കുമുമ്പ് ശബരിമല തന്ത്രിമാരുമായി മുഖ്യമന്ത്രി മുൻകൈയെടുത്ത ചർച്ച നടക്കാതെപോയത് മുൻവിധിയോടെ സർക്കാർ സമീപിച്ചതിനാലാണെന്ന് കുറ്റപ്പെടുത്തലുണ്ടായിരുന്നു. ചൊവ്വാഴ്ചത്തെ ചർച്ച തുറന്ന മനസ്സോടെയാണെന്നും ശബരിമലയെ രാഷ്ട്രീയപ്രശ്നമായി കരുതുന്നില്ലെന്നും ദേവസ്വം പ്രസിഡന്റ് എ. പദ്മകുമാർ പറഞ്ഞിട്ടുണ്ട്.കോടതിവിധി വന്നതുമുതൽ കൂടുതൽ പഴികേട്ടത് തിരുവിതാംകൂർ ദേവസ്വംബോർഡാണ്. പുനഃപരിശോധനാ ഹർജിയുടെ പേരിൽ പ്രസിഡന്റിന് മുഖ്യമന്ത്രിയുടെ ഇഷ്ടക്കേടും നേരിടേണ്ടിവന്നു. ക്ഷേത്രാചാരങ്ങൾ അതേപടി തുടരണമെന്ന നിലപാട് ബോർഡിനുണ്ടായിരുന്നെങ്കിലും അത് പരസ്യമായി പ്രഖ്യാപിക്കാനായത് കഴിഞ്ഞ ബുധനാഴ്ചമാത്രമാണ്. അപ്പോഴേക്കും എല്ലാം കൈവിട്ടുപോയിരുന്നു.സംഘപരിവാർ സംഘടനകളെ പൂർണമായി ഒഴിവാക്കി ക്ഷേത്രവുമായി ബന്ധപ്പെട്ടവരെമാത്രമാണ് ചർച്ചയ്ക്കു വിളിച്ചിരിക്കുന്നത്. തന്ത്രിമാരുമായും പന്തളം കൊട്ടാരവുമായും സമരത്തിൽ കൈകോർത്തുനിൽക്കുന്ന എൻ.എസ്.എസിന്റെ മനസ്സ് മാറ്റാനും ചർച്ച വഴിയൊരുക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. അതേസമയം, വിധി നടപ്പാക്കുകയെന്ന ഉത്തരവാദിത്വത്തിൽനിന്ന് സർക്കാരിന് ഒഴിയാനാവില്ലെന്നും ബോധ്യപ്പെടുത്തും.ചർച്ചകൊണ്ട് പരിഹാരമാകില്ലെന്നാണ് ബി.ജെ.പി. അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള പ്രതികരിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/2QSXhYd
via
IFTTT
No comments:
Post a Comment