ബെയ്ജിങ്: നഗരങ്ങളിൽ തെരുവുവിളക്കുകൾക്ക് പകരം 2022 ഓടെ മൂന്ന് കൃത്രിമചന്ദ്രൻമാരെ സ്ഥാപിക്കാൻ ചൈന ഒരുങ്ങുന്നു. ഇതിനുള്ള പദ്ധതി 2020 ൽ പൂർത്തിയാകുമെന്ന്, ചൈനയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ സയൻസ് ആൻഡ് ടെക്നോളജി ഡെയ്ലി റിപ്പോർട്ടു ചെയ്തു. സൂര്യപ്രകാശത്തെ വൻതോതിൽ ഭൂമിയിലേക്ക് പ്രതിഫലിപ്പിക്കാൻ ഭീമൻ ദർപ്പണമുള്ള ഉപഗ്രഹങ്ങളാണ് കൃത്രിമചന്ദ്രൻമാർ. ഇതുവഴി ഭൂമിയിൽ പതിക്കുന്ന പ്രകാശം, തെരുവ് വിളക്കുകൾക്ക് പകരമാകുമെന്ന് ചൈനീസ് മാധ്യമമായ സിൻഹുവ റിപ്പോർട്ട് ചെയ്തു. 3600 മുതൽ 6400 ചതുരശ്ര കിലോമീറ്റർ വരെ വിസ്തൃതിയിൽ കൃത്രിമചന്ദ്രപ്രകാശം ലഭ്യമാകും. സാധാരണ ഗതിയിൽ ചന്ദ്രനിൽനിന്നുള്ള പ്രകാശത്തിന്റെ എട്ട് മടങ്ങ് വെളിച്ചം മനുഷ്യനിർമിത ചന്ദ്രനിൽ നിന്ന് ലഭിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഭൂമിയിൽനിന്ന് 380,000 കിലോമീറ്റർ അകലെയാണ് ചന്ദ്രൻ സ്ഥിതിചെയ്യുന്നത്. അതേസമയം കൃത്രിമചന്ദ്രൻ ഭൗമോപരിതലത്തിൽനിന്ന് 500 കിലോമീറ്റർ ഉയരെയുള്ള ഭ്രമണപഥത്തിലാണ് സ്ഥിതിചെയ്യുക. പദ്ധതി നടപ്പാക്കുന്നതിലൂടെ ഊർജലാഭം സാധ്യമാകുമെന്ന് ചൈന പ്രതീക്ഷിക്കുന്നു. ചൈനയ്ക്ക് പുറമേ അമേരിക്കയും റഷ്യയും ജപ്പാനും കൃത്രിമചന്ദ്രനെ സ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടത്തിവരുന്നുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2EFIXAK
via
IFTTT
No comments:
Post a Comment