തലശ്ശേരി: നവംബർ അഞ്ചിന് ശബരിമലനട തുറന്നശേഷം പതിനെട്ടാംപടിയിൽ ആചാരലംഘനം നടന്നാൽ ആനിമിഷം കേരളം നിശ്ചലമാകുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല പറഞ്ഞു. വിശ്വാസികൾ ആത്മാഹുതി നടത്തിയിട്ടായാലും ശബരിമലയിലേക്ക് യുവതികൾ കയറുന്നത് തടയുമെന്നും അവർ പറഞ്ഞു. ശബരിമല കർമസമിതിയുടെ ധർമസംഗമം തലശ്ശേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ശശികല. സർക്കാരിന് തട്ടിക്കളിക്കാനുള്ള സംവിധാനമായി മാറിയ ദേവസ്വം ബോർഡ് വിശ്വാസികൾക്ക് ആവശ്യമില്ല. വിശ്വാസികളുടെ കാര്യം വിശ്വാസികൾ തീരുമാനിക്കും. ശബരിമലയിലും ദേവസ്വം ബോർഡിനു കീഴിലെ ക്ഷേത്രങ്ങളിലും നയാപൈസയിടില്ലെന്ന് വിശ്വാസികൾ പ്രതിജ്ഞയെടുക്കണം. ഇതുവരെ ഇടതുപക്ഷം ഭരിച്ചപ്പോഴൊന്നും ദേവസ്വം ബോർഡ് ശബരിമലയിൽ ആചാരപരിഷ്കരണത്തിന് എന്തുകൊണ്ട് മുന്നോട്ടുവന്നില്ല. ശബരിമലയിൽ യുവതീപ്രവേശനത്തിനായി എസ്.എഫ്.ഐ.യോ ഡി.വൈ.എഫ്.ഐ.യോ എന്തുകൊണ്ട് സമരം നടത്തിയില്ല. ഇടതുമുന്നണി പ്രകടനപത്രികയിൽ പരാമർശിക്കാത്ത ശബരിമലയിലെ യുവതീപ്രവേശനമാണ് കോടതിവിധിയുടെ പേരിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത്. സെൻകുമാറിന് ഡി.ജി.പി. സ്ഥാനം തിരികെ നൽകണമെന്ന കോടതിവിധി നടപ്പാക്കാൻ അമാന്തം കാണിച്ച സർക്കാരാണിത്. കോടതിയുടെ വിമർശമുണ്ടായപ്പോൾ മാത്രമാണ് അത് നടപ്പാക്കിയത്. പാതയോരത്തെ മദ്യശാലകൾക്കെതിരായ വിധി നടപ്പാക്കാനും സർക്കാരിന് താത്പര്യമുണ്ടായില്ല. എന്നാൽ ശബരിമലയുടെ കാര്യത്തിൽ അടുത്തദിവസം തന്നെ വിധി നടപ്പാക്കാൻ ഇറങ്ങിപ്പുറപ്പെട്ടു. ആചാരം പരിഷ്കരിക്കുന്നതിന് ആരും എതിരല്ല. അനാചാരം പരിഷ്കരിക്കുകയും ദുരാചാരം മാറ്റുകയും വേണം. തന്ത്രിയാണ് വിഗ്രഹഭാവവും ആചാരവും നിശ്ചയിക്കുന്നത്. അഞ്ചുകൊല്ലം കൂടുമ്പോൾ മാറിവരുന്ന മന്ത്രിയല്ല-അവർ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2O6cjIj
via
IFTTT
No comments:
Post a Comment