ഹൈദരാബാദ്: എൺപതാം പിറന്നാളിന് കേക്ക് മുറിച്ച് ആനമുത്തശ്ശി. ഹൈദരാബാദിലെ നെഹ്റു സുവോളജിക്കൽ പാർക്കിലെ എൺപതുകാരിയായ റാണി എന്ന ആനയുടെ പിറന്നാളാണ് കേക്ക് മുറിച്ച് ആഘോഷിച്ചത്. ശനിയാഴ്ചയാണ് റാണിക്ക് എൺപതു വയസ് തികഞ്ഞത്. സുവോളജിക്കൽ പാർക്ക് ആരംഭിച്ചപ്പോൾ ഹൈദരാബാദ് നൈസാം സമ്മാനിച്ചതാണ് ഈ ആനയെ. ആനയുടെ പിറന്നാളിനൊപ്പം പാർക്കിന്റെ 55-ാം വാർഷികവും ആഘോഷിച്ചു. 1963 ലാണ് നെഹ്റു സുവോളജിക്കൽ പാർക്ക് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്. പിറന്നാളാഘോഷത്തിനായി വലിയൊരു പ്ലം കേക്കാണ് ജീവനക്കാർ വാങ്ങിയത്. ആനയെ പൂമാലകളും റിബണുകളും അണിയിച്ച് അലങ്കരിക്കുകയും ചെയ്തു. റാണിക്ക് കേക്കിൽ വലിയ താൽപര്യമില്ലാത്തതു കാരണം പഴവും ശർക്കരയും നൽകിയാണ് സന്തോഷിപ്പിച്ചത്. പാർക്കിലെ ഏറ്റവും അനുസരണയുള്ള മൃഗമാണ് ഈ ആനയെന്ന് ജീവനക്കാർ പറയുന്നു. ആകെ അഞ്ച് ആനകളാണ് ഇവിടെയുള്ളത്. ഭക്ഷണസമയത്ത് എല്ലാ ആനകൾക്കും ഭക്ഷണം നൽകിയാൽ മാത്രമേ റാണി ഭക്ഷിക്കാറുള്ളുവെന്ന് ജീവനക്കാർ പറയുന്നു. ഇവിടത്തെ മൃഗശാലയിലെ എല്ലാ മൃഗങ്ങളുടേയും പിറന്നാൾ ആഘോഷിക്കാറുണ്ട്. മൃഗങ്ങളെ പാർക്കിലെത്തിച്ച ദിവസമാണ് പിറന്നാളായി ആഘോഷിക്കുന്നത്. എല്ലാ മൃഗങ്ങൾക്കും ആ ദിവസം വിശിഷ്ടഭക്ഷണം നൽകാറുണ്ട്. എന്തായാലും റാണിയുടെ പിറന്നാൾ കേക്കു മുറിയ്ക്കലിന്റെ ഫോട്ടോയാണ് സാമൂഹികമാധ്യമങ്ങളിൽ പ്രധാന ചർച്ചാവിഷയം.
from mathrubhumi.latestnews.rssfeed https://ift.tt/2pI8jUA
via
IFTTT
No comments:
Post a Comment