മൈസൂരു: മൈസൂരു മണ്ടി മൊഹല്ല മാർക്കറ്റിലെ ഒരു സാധാരണ തൊഴിലാളിയാണ് അയ്യൂബ് അഹമ്മദ്. എന്നാൽ തന്റെ പ്രവർത്തനങ്ങൾ കൊണ്ട് അസാധാരണനായ ഒരു മനുഷ്യനായി മാറുകയാണ് അയ്യൂബ്. മൈസൂരു നഗരത്തിൽ ആർക്കും വേണ്ടാത്തതും അവകാശികൾ ഇല്ലാത്തുമായ മൃതദേഹങ്ങൾ ഏറ്റെടുത്ത് സ്വന്തം ചിലവിൽ സംസ്കരിക്കുന്നത്അയ്യൂബാണ്. കണക്കുകൾ കൃത്യമായി ഓർമ്മയില്ലെങ്കിലും കഴിഞ്ഞ 19 വർഷത്തിനിടെ താൻ ഏറ്റെടുത്ത് സംസ്കരിച്ചത് പതിനായിരത്തോളം അനാഥ മൃതദേഹങ്ങളാണെന്ന് വെളിപ്പെടുത്തുന്നു അയ്യൂബ്. സേവനത്തെ കുറിച്ച് പറയുമ്പോൾ വലിയ കാര്യം ചെയ്യുന്ന ഭാവമൊന്നും ഇല്ല അയ്യൂബിന്റെ മുഖത്ത്. മരിച്ചാൽ ശരിയായി സംസ്കരിക്കപ്പെടുക എന്നത് ഒരു മനുഷ്യന്റെ അടിസ്ഥാന അവകാശമാണ്. എല്ലാവർക്കും അത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക മാത്രമാണ് താൻ ചെയ്യുന്നതെന്നാണ് അയ്യൂബിന്റെ പക്ഷം. തന്റെ ആറ് മൊബൈൽ ഫോണുകളുമായി 24 മണിക്കൂറും അയ്യൂബ് കർമ്മനിരതനാണ് അയ്യൂബ്. ഏത് സമയവും വിളി എത്താം. ഉടൻ തന്റെ പഴയ അംബാസിഡർ കാറിൽ എത്തി അദ്ദേഹം പ്രവർത്തനത്തിലേർപ്പെടും. ചിത്രം കടപ്പാട്- ഫെയ്സ്ബുക്ക് മിക്ക സമയത്തും തന്റെ സ്വന്തം പണം ഉപയോഗിച്ചാണ് അയ്യൂബ് മൃതദേഹങ്ങൾ സംസ്കരിക്കുന്നത്. ചിലപ്പോൾ മാത്രം സംഭാവനകൾ ലഭിക്കാറുണ്ട്. തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങളുടെ ചിത്രങ്ങൾ അയ്യൂബ് സ്ഥിരമായി തന്റെ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യാറുണ്ട്. മരിച്ചയാളുടെ ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ സഹായമായേക്കും എന്ന പ്രതീക്ഷയിലാണ് ഇങ്ങനെ ചെയ്യുന്നത്. ആളുകൾ ചെയ്യാൻ മടിക്കുന്ന ഈ പ്രവർത്തിയിലേക്ക് അയ്യൂബിനെ എത്തിച്ചത് ഒരു അനുഭവമാണ്. 19 വർഷം മുൻപ് ഉണ്ടായ തന്റെ ജീവിതം മാറ്റിയ ഒരനുഭവം. ഒരു പഴയ കാർ വാങ്ങാനായി ഗുണ്ട്ലുപേട്ടിലേക്ക് പോകുകയായിരുന്നു അയ്യൂബ്. വഴിയിൽ ഒരു അനാഥ മൃതദേഹം കിടക്കുന്നതും ചുറ്റും ആളുകൾ കൂടിനിൽക്കുന്നതും കണ്ടു. 10 മണിക്കൂറിന് ശേഷം അയ്യൂബ് തിരിച്ച് വരുമ്പോഴും ആ മൃതദേഹം അതേ സ്ഥലത്ത് കിടക്കുന്നു. സംസ്കരിക്കാൻ ആരും തയ്യാറാവുന്നില്ല എന്നായിരുന്നു പോലീസുകാർ പറഞ്ഞ മറുപടി. അന്ന് ആ മൃതദേഹം സംസ്കരിച്ച് തുടങ്ങിയ സേവനമാണ് അയ്യൂബ് ഇന്നും തുടരുന്നത്. പാവപ്പെട്ട കുടുംബത്തിൽ ജനിച്ച അയ്യൂബിന് മികച്ച വിദ്യാഭ്യാസം നേടാൻ സാധിച്ചിരുന്നില്ല. ഖുറാനാണ് തന്നെ മനുഷ്യസ്നേഹി ആക്കിയതെന്നാണ് അയ്യൂബിന്റെ പക്ഷം. ഭാര്യക്കും രണ്ട് മക്കൾക്കും ഒപ്പം കൊച്ചു വാടകവീട്ടിലാണ് അയ്യൂബ് താമസിക്കുന്നത്. അയ്യൂബും ഭാര്യയും പാവപ്പെട്ടവർക്കായി സൗജന്യ തയ്യൽക്ലാസും നടത്തുന്നുണ്ട്. നിരവധി ആളുകൾ തന്നെ അഭിനന്ദിക്കാനും അവാർഡ് നൽകാനുമായി എത്തുന്നതായി അയ്യൂബ് പറയുന്നു. എന്നാൽ കൂടുതൽ ആളുകൾ തന്റെ പ്രവർത്തന മേഖലയിലേക്ക് എത്തണമെന്നാണ് അയ്യൂബിന്റെ ആഗ്രഹം. സർക്കാരിന്റെയും സുമനസുകളുടേയും സഹായത്താൽ സ്വന്തമായി ഒരു ആംബുലൻസ് വാങ്ങുക എന്നതാണ് അയ്യൂബിന്റെ അടുത്ത ലക്ഷ്യം. അത് തന്റെ പ്രവർത്തനം കൂടുതൽ വിപുലമാക്കാൻ സഹായിക്കുമെന്ന് അയാൾ കരുതുന്നു. content highlights:Ayub Ahmeds life for unclaimed human bodies
from mathrubhumi.latestnews.rssfeed https://ift.tt/2RAbKcH
via
IFTTT
No comments:
Post a Comment