ശബരിമലയിലെ സ്ത്രീപ്രവേശത്തിൽ സുപ്രീംകോടതി വിധിക്കുമുമ്പും ശേഷവും വ്യക്തമായ നിലപാട് എടുക്കാത്തതിൽ ബി.ജെ.പി അണികളിൽ ആശയക്കുഴപ്പവും അമർഷവും. നിയമംകൊണ്ട് അളക്കേണ്ടതല്ല വിശ്വാസവും ആചാരങ്ങളുമെന്ന് കോടതിയെ ബോധ്യപ്പെടുത്താൻ പാർട്ടി ശ്രമിച്ചില്ലെന്നാണ് ആക്ഷേപം. വരുംദിവസങ്ങളിൽ നിലപാട് മാറ്റിയാൽപ്പോലും അതെത്രത്തോളം പ്രയോജനപ്പെടുമെന്ന് ഒരുവിഭാഗം നേതാക്കൾ ചോദിക്കുന്നു. വിധിപ്പകർപ്പ് കിട്ടി പഠിച്ചശേഷം നിലപാടെന്നാണ് പാർട്ടി അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള പറഞ്ഞത്. വിശ്വാസത്തെ അടിച്ചമർത്തിയാൽ വിശ്വാസികൾക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയപ്പോൾ, കോടതിവിധിയെ തള്ളാതെതന്നെ സമീപനം വ്യക്തമാക്കിയ യു.ഡി.എഫ്. ഏറെ മുന്നിലെത്തിയെന്നാണ് ബി.ജെ.പി. വിലയിരുത്തൽ. സി.പി.എമ്മാകട്ടെ പാർട്ടിലൈൻ സ്വീകരിച്ചപ്പോൾ ഇടതുസർക്കാരിന്റെ നിയന്ത്രണത്തിലുള്ള ദേവസ്വം ബോർഡ് വ്യത്യസ്ത സമീപനവും കൈക്കൊണ്ടു. ആർ.എസ്.എസിന്റെ ദേശീയ, സംസ്ഥാന നേതൃത്വങ്ങൾ സ്ത്രീപ്രവേശത്തെ അനുകൂലിക്കുന്ന സമീപനം നേരത്തേ കൈക്കൊണ്ടിരുന്നു. രാഷ്ട്രീയ സംഘടനകൾക്ക് പരിമിതി ഉണ്ടെങ്കിൽപ്പോലും ക്ഷേത്രവിശ്വാസവുമായി ബന്ധപ്പെട്ട സംഘടനകൾ ജാഗ്രത കാട്ടേണ്ടതായിരുന്നു എന്ന് ആ സംഘടനകളിലുള്ളവരും വിലയിരുത്തുന്നുണ്ട്. വി.എച്ച്.പി. മാത്രമാണ് വിശ്വാസികൾക്ക് അനുകൂലമായി നിന്നത്. എൻ.എസ്.എസും കടുത്ത നിലപാട് ഉയർത്തി. സ്ത്രീപ്രവേശത്തിനെതിരേ നീങ്ങുന്നത് പൊതുനിലപാടുകൾക്ക് എതിരാകുമോ എന്നതാണ് ബി.ജെ.പി.യെ ഭയപ്പെടുത്തിയത്. സാമൂഹികമാധ്യമങ്ങളിലടക്കം വിശ്വാസികൾ ഉയർത്തുന്ന ആശങ്കയും പ്രതിഷേധവും ചർച്ചകളും പ്രതീക്ഷകൾക്കപ്പുറത്തായി. ബി.ജെ.പി.ക്കാകട്ടെ ആചാരത്തെയും കോടതിവിധിയുടെ വികാരത്തെയും മുറുകെപ്പിടിക്കേണ്ട സ്ഥിതിയാണ്. ഇതാണ് ഏതുപക്ഷത്ത് നിൽക്കണമെന്ന ആശയക്കുഴപ്പത്തിൽ അണികളെ എത്തിച്ചിട്ടുള്ളത്. ദേവസ്വംബോർഡോ സംഘടനകളോ പുനഃപരിശോധനാഹർജി നൽകിയാൽപ്പോലും എന്തെങ്കിലും മാറ്റം ഉണ്ടാകുമെന്ന് പറയാനാവില്ല. പക്ഷേ, പൊതുവികാരം ബോധ്യപ്പെടുത്താനാകും. പുരോഗമനനിലപാടുള്ള സി.പി.എമ്മിന്റെ ഉള്ളിൽപ്പോലും കോടതിവിധിയെപ്പറ്റി രണ്ടഭിപ്രായം രൂപപ്പെട്ടിട്ടുണ്ട്. പുനഃപരിശോധനാഹർജി നൽകാൻ ദേവസ്വംബോർഡിന് സ്വാതന്ത്ര്യമുണ്ടെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണത്തിൽ ഇത് വ്യക്തമാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2zHl6My
via
IFTTT
No comments:
Post a Comment