തിരുവനന്തപുരം: ലോക കേരളസഭയുടെ ഏഴ് സ്റ്റാൻഡിങ് കമ്മിറ്റികൾ വിവിധ വിഷയങ്ങളിൽ നടത്തിയ പഠനവുമായി ബന്ധപ്പെട്ട ശുപാർശകൾ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ മുഖ്യമന്ത്രി പിണറായി വിജയനു സമർപ്പിച്ചു. കേരള വികസനനിധി രൂപവത്‌കരണവും നടത്തിപ്പും, ലോക കേരള സഭ തുടർസമ്മേളനങ്ങളുടെ നടപടിക്രമങ്ങളും ചിട്ടകളും, നിർദേശങ്ങളുടെ രൂപവത്‌കരണവും സംബന്ധിച്ച ശുപാർശകൾ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രവിപിള്ള മുഖ്യമന്ത്രിക്കു സമർപ്പിച്ചു. പ്രവാസിനിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സുരക്ഷയൊരുക്കുന്നതിനുമുള്ള നിർദേശങ്ങളുടെ രൂപവത്‌കരണം സംബന്ധിച്ച ശുപാർശ എം.എ.യൂസഫലിയും പ്രവാസി പുനരധിവാസ പദ്ധതികൾ ചിട്ടപ്പെടുത്തുന്നതിനുള്ള നിർദേശങ്ങളുടെയും നടപടിക്രമങ്ങളുടെയും രൂപവത്‌കരണം സംബന്ധിച്ച ശുപാർശ ആസാദ് മൂപ്പനും സമർപ്പിച്ചു. മറ്റു രാജ്യങ്ങളിലെ തൊഴിൽസാധ്യതയിൽ വരുന്ന മാറ്റങ്ങളുടെയും മികച്ച തൊഴിലുകൾക്കായുള്ള മത്സരങ്ങളുടെയും സാഹചര്യത്തിൽ പ്രവാസികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനുള്ള നയരൂപവത്‌കരണം സംബന്ധിച്ച ശുപാർശ സി.വി.റപ്പായിയും പ്രവാസിസമൂഹത്തിന്റെ സുരക്ഷയും അവകാശസംരക്ഷണവും ഉറപ്പാക്കാനും വനിതാ പ്രവാസികളുടെ സുരക്ഷിത കുടിയേറ്റം ഉറപ്പാക്കാനുമായി കുടിയേറ്റ നിയമരൂപവത്‌കരണം സംബന്ധിച്ച ശുപാർശകൾ സുനിതാ കൃഷ്ണനും സമർപ്പിച്ചു. കേരളത്തിന്റെ കലാ, സാംസ്‌കാരിക സമ്പന്നത ലോകം മുഴുവൻ വിളംബരംചെയ്ത് കലകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിർദേശങ്ങളുടെയും നടപടിക്രമങ്ങളുടെയും രൂപവത്‌കരണം സംബന്ധിച്ച ശുപാർശകൾ കെ.സച്ചിദാനന്ദനും രാജ്യത്തെ ഇതര സംസ്ഥാനങ്ങളിലേക്കു കുടിയേറിയ കേരളീയരായ തൊഴിലാളികളുടെ പ്രശ്നങ്ങൾ കേന്ദ്രസർക്കാരിന്റെയും അതത് സംസ്ഥാന സർക്കാരുകളുടെയും ശ്രദ്ധയിൽ കൊണ്ടുവരുന്നതിനുള്ള സംവിധാനങ്ങൾ രൂപവത്‌കരിക്കുന്നതു സംബന്ധിച്ച ശുപാർശ ബെന്യാമിനും സമർപ്പിച്ചു. ശുപാർശകളിന്മേൽ കൂടുതൽ പഠനം നടത്തിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ചീഫ് സെക്രട്ടറി ടോം ജോസ്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.ഇളങ്കോവൻ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
from mathrubhumi.latestnews.rssfeed https://ift.tt/2DJHw3X
via
IFTTT
No comments:
Post a Comment